ദൈവം നമ്മോടു കൂടെ….

മനസ്സിലും ഹൃദയത്തിലും ക്രിസ്മസ് ഇല്ലാത്തവര്‍ക്ക് ഒരു പുല്‍ക്കൂട്ടിലും അത് കണ്ടെത്താനാവില്ല.

ആണ്ടിലൊരിക്കല്‍ മാത്രം പുല്‍ക്കൂട്ടിലും ക്രിസ്മസ് ട്രീയിലും സമ്മാനപ്പൊതികളിലും ക്രിസ്മസ് കാണുന്നവര്‍ക്ക് ക്രിസ്മസ് ഒരാഘോഷം മാത്രം. അനുഭവമല്ല. “ക്രിസ്മസിന്‍റെ അര്‍ത്ഥം ദൈവം നമ്മോടു കൂടെ എന്നാണ്”. അതാകട്ടെ എന്നും ഉണ്ടാകേണ്ട ഒരു ചിന്തയും ബോദ്ധ്യവുമാണ്..‘ദൈവം നമ്മോടു കൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവല്‍ എന്ന് അവന്‍ വിളിക്കപ്പെടും’. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം. അതാണ് ആദ്യ ക്രിസ്മസ് രാത്രിയില്‍ മാലാഖമാര്‍ പാടിയത്. സന്മനസ്സുള്ള ആളുകളുടെ പക്കലേക്കാണ് മാലാഖമാര്‍ ആദ്യം ആ സദ്വാര്‍ത്തയുമായി എത്തിയത്. “നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ പിറന്നിരിക്കുന്നു”. രക്ഷകനെ തിരിച്ചറിയുവാനുള്ള അടയാളവും അവര്‍ നല്‍കി, പിള്ളക്കച്ചകള്‍കൊണ്ട് പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശു. അവനാണ് രക്ഷകന്‍. ആ സന്ദേശം ശ്രവിച്ച് ഉടന്‍ തന്നെ ആ ശിശുവിനെ അന്വേഷിച്ച് പോയി അവനെ കണ്ടെത്തി അവനില്‍ രക്ഷകനെ തിരിച്ചറിയണമെങ്കില്‍ സന്മനസ്സ് ആവശ്യമായിരുന്നു. ഹൃദയത്തിൽ ദൈവാനുഭവം ഉണ്ടായിരിക്കേണ്ടത് ആവശ്യമായിരുന്നു. പുല്‍ത്തൊട്ടിയില്‍ ഒന്നുമില്ലായ്മയുടെ പര്യായമായി കിടക്കുന്ന ശിശു രക്ഷകനാണ് എന്ന മാലാഖാ വചനം വിശ്വാസ്യമാണ് എന്ന് കരുതുവാന്‍ ഉള്ളില്‍ നിര്‍മ്മലത ആവശ്യമായിരുന്നു. ആ നിര്‍മ്മലതയും സാധാരണത്വവും ദൈവഹിത പൂര്‍ത്തീകരണത്തിലേക്ക് അവരെ നയിച്ചു.
ക്രിസ്മസ് ദൈവത്തെ അനുസരിച്ചവര്‍ക്ക് ലഭിച്ച അനുഭവമായിരുന്നു. ജോസഫും മറിയവും ആട്ടിടയന്മാരും ജ്യോതിഷരും അവര്‍ക്ക് ലഭിച്ച, ദൈവം അവര്‍ക്ക് നല്‍കിയ, നിര്‍ദ്ദേശങ്ങളെ അനുസരിച്ചു. അവര്‍ക്ക് ദൈവാനുഭവം ലഭിച്ചു. ദൈവാനുഭവത്തിലേക്ക് ദൈവജനത്തെ നയിക്കേണ്ടവര്‍ പോലും അനുസരണത്തിന്‍റെ ബാലപാഠങ്ങള്‍ വരെ മറന്നു പോകുമ്പോള്‍ ക്രിസ്മസ് മനസ്സിലും ഹൃദയത്തിലും അന്യമായി പോകുന്നില്ലേ? ആട്ടിയന്മാര്‍ക്ക് ഹൃദയശുദ്ധി കൈമോശം വന്നാല്‍ ദൈവം നല്‍കുന്ന അടയാളങ്ങള്‍ വിശ്വസിക്കാന്‍ കഴിഞ്ഞെന്നു വരില്ല. സ്വന്തം സ്വത്വം തന്നെയാകേണ്ട വിനീതഭാവം നഷ്ടമായാല്‍ ദൈവം നല്‍കുന്ന അടയാളങ്ങള്‍ സ്വീകാര്യമാവുകയില്ല. ഹൃദയത്തിൽ ക്രിസ്മസ് ഉള്ളവര്‍ ജീവിതത്തില്‍ ദൈവാനുഭവം ഉള്ളവരാണ്. അവര്‍ക്ക് ദൈവം എന്നും കൂടെയുണ്ട്. അപരനില്‍ ദൈവസാന്നിദ്ധ്യം കണ്ടെത്തുവാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ല. അവര്‍ എപ്പോഴും ദൈവഹിതാനുവര്‍ത്തികള്‍ ആയിരിക്കും.നമ്മുടെ മനസ്സിലും ഹൃദയത്തിലും എന്നും ക്രിസ്മസ് ഉണ്ടായിരിക്കട്ടെ: ദൈവം നമ്മോടു കൂടെ…

23-12-2021


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group