ദുഃഖവെള്ളി ലോക രക്ഷയുടെ സുദിനം

ക്രിസ്തുവിന്‍റെ കുരിശുമരണം കേവലം ക്രിസ്ത്യാനിക്കുവേണ്ടി മാത്രമല്ല, ലോകം മുഴുവനും വേണ്ടിയുള്ള രക്ഷാകര സംഭവമാണ്.

ലോകം മുഴുവനുമുള്ള സകല മനുഷ്യരും- അവര്‍ ഏതു ജാതിയിലും മതത്തിലും പെട്ടവരാകട്ടെ, അവര്‍ ഈശ്വരവിശ്വാസികളോ നിരീശ്വരവാദികളോ ആകട്ടെ, എല്ലാ മനുഷ്യരും അവരറിയാതെ തന്നെ ഇന്നേ ദിവസം ദൈവത്തിന്റെ മുൻപിൽ ശിരസ്സുനമിക്കുന്നു.

ദൈവത്തിന്‍റെ സ്നേഹം ആരെയും ഒഴിവാക്കുന്നില്ല. കാണാതെ പോയ ആടിന്‍റെ ഉപമയുടെ അവസാനഭാഗത്ത് യേശു അനുസ്മരിപ്പിച്ചു: “അതുകൊണ്ട് ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല”. “അനേകരുടെ വീണ്ടെടുപ്പിനായി തന്‍റെ ജീവന്‍ നല്‍കാനാണ് താന്‍ വന്നതെന്ന് അവിടുന്ന് ഉറപ്പിച്ചു പറയുന്നു.

‘അനേകരുടെ’ എന്ന ഈ പ്രയോഗം മതത്തിന്റെ വേലിക്കെട്ടുകൾക്കും അപ്പുറത്തേക്കു വ്യാപിക്കുന്ന രക്ഷാകര പദ്ധതിയിലേക്കു വിരൽ ചൂണ്ടുന്നു. ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി മിശിഹാ മരിച്ചുവെന്ന് അപ്പ്സ്തോലന്മാരുടെ പ്രബോധന മാതൃക പിന്തുടര്‍ന്നു സഭയും പഠിപ്പിക്കുന്നു. ലോകാരംഭം മുതൽ അവസാനം വരെ “ക്രിസ്തുവിന്‍റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല, ഇപ്പോഴില്ല, ഇനി ഉണ്ടായിരിക്കുകയുമില്ല” (Council of Quiercy).

വിചിന്തനം
ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ് ക്രിസ്തു മരിച്ചതെന്ന സത്യം തിരിച്ചറിഞ്ഞവരാണോ നാം? ഈ സത്യം തിരിച്ചറിയാതെ അനേകർ ഇന്നും നമുക്കിടയിൽ ജീവിക്കുന്നു. അവരിലേക്ക് ക്രിസ്തുവിന്റെ സന്ദേശം എത്തിക്കാൻ നാം എന്തെങ്കിലും ചെയ്യാറുണ്ടോ? അതോ ഈ ലോകത്തിലെ നേട്ടങ്ങൾക്കു വേണ്ടി മാത്രം ക്രിസ്തുവിൽ വിശ്വസിക്കുന്നവരാണോ നാം?

“സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്രയോ സുന്ദരമാണെന്ന്’ വിശുദ്ധ ലിഖിതം തന്നെ പ്രസ്താവിക്കുമ്പോൾ, ആ മഹത്തായ പ്രവർത്തിക്കുവേണ്ടി നാം ജീവിതത്തിൽ സമയം മാറ്റിവയ്ക്കാറുണ്ടോ? ലോക സുവിശേഷവൽക്കരണത്തിനായി പ്രാർത്ഥിച്ചുകൊണ്ട്, സ്വർഗ്ഗം സന്തോഷിക്കുകയും തലമുറകൾ അനുഗ്രഹിക്കപ്പെടുകയും ചെയ്യുന്ന മഹത്തായ സുവിശേഷവേലയിൽ നമുക്കും പങ്കാളികളാകാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group