വേളാങ്കണ്ണി മാതാവിന്റെ തിരുന്നാളിനോട് അനുബന്ധിച്ച് ആശംസകൾ അറിയിച്ച് വത്തിക്കാൻ

വേളാങ്കണ്ണി മാതാവിൻറെ തിരുന്നാളിനോടനുബന്ധിച്ച് തഞ്ചാവൂർ രൂപതയുടെ മെത്രാൻ സഗായരാജ് തമ്പുരാജിന് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ തലവൻ കർദ്ദിനാൾ വിക്ടർ മനുവേൽ ഫെർണാണ്ടസ് മാർപാപ്പായുടെ ആശംസകളും ആശീർവ്വാദവും അറിയിച്ചു കൊണ്ട് കത്ത് അയച്ചു.

മറിയത്തിൻറെ രൂപം ധ്യാനിക്കുക വഴി നമുക്ക്, നമ്മുടെ സങ്കടങ്ങളെയും വേദനകളെയും ഭയങ്ങളെയും സുഖപ്പെടുത്താൻ കഴിയുന്ന യേശുക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയാൻ കഴിയുമെന്നും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയുമായ ചെറിയൊരു സമയമെങ്കിലും പരിശുദ്ധ അമ്മയുടെ മുമ്പാകെ നാം നിൽക്കുകയാണെങ്കിൽ അവളുടെ മാതൃസന്നിഭ നോട്ടം നമുക്ക് സമാധാനം വീണ്ടെടുത്തു നൽകുമെന്നും കത്തിൽ കുറിച്ചു.

മറിയം ദർശനം നല്കിയ ബാലൻ, അവൻ കൊണ്ടുവന്ന പാൽ അവളുടെ കൈയ്യിലിരുന്ന കുഞ്ഞിനു നല്കിയ വിവരണം പ്രതീകാത്മകതയാൽ സമ്പന്നമാണെന്നും കാരണം അത് ആർക്കെങ്കിലും എന്തെങ്കിലും നല്കാൻ സന്നദ്ധയുള്ളയാളുടെ ഉദാരതയുടെ ആവിഷ്ക്കാരമാണെന്നും വിശദീകരിക്കുന്ന അദ്ദേഹം ഉദാരമനസ്കനാകാൻ ഒരാളുടെ കൈയ്യിൽ അധികമൊന്നും ആവശ്യമില്ലെന്നും കത്തിൽ പറഞ്ഞു.

വേളാങ്കണ്ണിയിൽ പരിശുദ്ധ അമ്മയുടെ സവിധത്തിൽ സാന്ത്വനം തേടി നിരവധി അക്രൈസ്തവ തീർത്ഥാടകരെത്തുന്നതും അവരിൽ ചിലർ രോഗസൗഖ്യം നേടുന്നതും പലരും സമാധാനവും പ്രത്യാശയും കണ്ടെത്തുന്നതും പാപ്പാ കത്തിൽ അനുസ്മരിച്ചു.

എല്ലാവരേയും സ്വാഗതം ചെയ്യുകയും കർത്താവിന്റെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്ന മറിയത്തിന്റെ സാമീപ്യം പ്രകടമാകുന്ന ഇടമാണ് മറിയത്തിൻറെ പവിത്രസന്നിധാനമെന്നും കത്തോലിക്കാ സഭയുടെ കൂദാശകൾ സ്വീകരിക്കാൻ കഴിയാത്തവർക്ക് ഈശോയുടെ അമ്മയുടെ സാന്ത്വനം നിഷേധിക്കപ്പെടുന്നില്ലയെന്നും കത്തിൽ ചൂണ്ടികാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m