ചൂരല്‍മലയില്‍ അതിതീവ്ര മഴ; താത്കാലിക പാലം തകര്‍ന്നു, ബെ‌യ്‌ലി പാലം അടച്ചു, 250 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

മേപ്പാടി: ഉരുള്‍പൊട്ടലില്‍ നിരവധിപേരുടെ ജീവൻ നഷ്ടപ്പെട്ട വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ മേഖലകളില്‍ ആശങ്കയായി വീണ്ടും അതിതീവ്ര മഴ.

ഉരുള്‍പൊട്ടലിനുശേഷം ഇരുമേഖലകളെയും ബന്ധിപ്പിച്ച്‌ ബെയ്ലിപാലത്തിനു സമീപം പുഴയ്ക്കു കുറുകേ സൈന്യം നിർമ്മിച്ച താത്കാലിക നടപ്പാലം മലവെള്ളപ്പാച്ചിലില്‍ തകർന്നു. ബെയ്ലിപാലം താത്കാലികമായി അടച്ചു.

ഇതിനു സമീപം പുഴ മുറിച്ചുകടക്കാൻ ശ്രമിച്ച പശു കുത്തൊഴുക്കില്‍ പെട്ടു. ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഇവിടെ അതിശക്ത മഴയും മലവെള്ളപ്പാച്ചിലുമുണ്ടായത്. ഉരുള്‍പൊട്ടലില്‍ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ നിറുത്തിവച്ചു.

മുണ്ടക്കൈയ്ക്കടുത്ത് ചെമ്ബ്രമലയടിവാരത്ത് തിങ്കളാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയെത്തുടർന്ന് 250ഓളം കുടുംബങ്ങളെ മൂന്നു ദുരിതാശ്വാസ ക്യാമ്ബുകളിലായി മാറ്റിപ്പാർപ്പിച്ചു. എരുമക്കൊല്ലി താഴെ 22,മേലെ 22,പുഴമൂല, എരുമക്കൊല്ലി ഡിവിഷൻ 2 പ്രദേശങ്ങളിലുള്ള കുടുംബങ്ങളെയാണ് മാറ്റിയത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വീടുകളിലേക്ക് മടങ്ങരുതെന്ന് നിർദ്ദേശം നല്‍കി. താഴ്‌വാരത്തെ തോടുകളില്‍ വെള്ളം ഉയർന്നു. രണ്ടു മണിക്കൂറിനിടെ 64 മില്ലി മീറ്റർ മഴയാണ് പെയ്തത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m