തിരുസ്സഭാ ചരിത്രം.. പരമ്പര ഭാഗം 9

    സഭയുടെ ഘടന

    സഭയുടെ ഘടന എപ്രകാരം രൂപം കൊണ്ടു എന്നതാണ് ഈ ആദ്ധ്യായത്തിൽ പ്രതിപാദിക്കുന്നത്.

    ഇടവക

    പ്രഥമ ക്രിസ്തീയസമൂഹങ്ങൾ രൂപം കൊണ്ടത് നഗരങ്ങളിലായിരുന്നു. കാലക്രമേണ ഉൾനാടുകളിലേക്കും സഭ വ്യാപിച്ചു. “പാരോയിക്കിയ’ എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് ഇടവക എന്നർത്ഥമുള്ള പാരീഷ് എന്ന വാക്ക് രൂപമെടുത്തത്. തീർത്ഥകരുടെ സമൂഹം, ദൈവഭവനത്തോട് അടുത്തവർ എന്നിവയാണ് വാച്യാർത്ഥം. അതിനാൽ ഇടവക എന്നതിന് ഇഹത്തിൽ തീർത്ഥകരെപ്പോലെ ജീവിക്കുന്നവരുടെ സമൂഹം എന്ന അർത്ഥം ലഭിച്ചു.

    കാലക്രമത്തിൽ സഭയിൽ അംഗങ്ങൾ വർദ്ധിച്ചപ്പോൾ കൂടുതൽ ആരാധനാകേന്ദ്രങ്ങൾ ആവശ്യമായി. റോമിൽ തന്നെ ചില വീടുകൾ ഈ ആവശ്യത്തിന് ഉപയോഗിച്ചു. സമൂഹത്തിന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രം ഇപ്രകാരമുള്ള പള്ളികളായിരുന്നു.

    രണ്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം മുതൽ ഇടവക എന്ന പേരിലാണ് ചെറിയ സഭാസമൂഹങ്ങൾ അറിയപ്പെട്ടിരുന്നത്. ഈ ചെറിയ സമൂഹങ്ങൾക്ക് ഓരോ രക്തസാക്ഷിയുടെ നാമം നല്കിയിരുന്നു. നാലാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ (300) റോമിൽ ഏകദേശം 20 ഇടവകകൾ ഉണ്ടായിരുന്നത്. ഇവയെല്ലാം മെത്രാന്റെ അധികാരത്തിൻ കീഴിലായിരുന്നു. പട്ടണങ്ങൾ കേന്ദ്രമാക്കി രൂപം കൊണ്ട് സഭാസമൂഹങ്ങൾ ക്രമേണ പട്ടണത്തിന്റെ പുറത്തേക്കും വ്യാപിച്ചു. ഇങ്ങനെ സമൂഹങ്ങളുടെ എണ്ണം വർദ്ധിച്ചപ്പോൾ സഭയുടെ ഭരണച്ചുമതല വൈദികരെ ഏൽപ്പിക്കേണ്ടിവന്നു. പ്രാരംഭത്തിൽ താത്ക്കാലികമായ നിയമങ്ങളായിരുന്നു. ഒരു നിശ്ചിത കാലത്തേക്ക് പ്രത്യേക സമൂഹങ്ങൾക്ക് നേതൃത്വം നല്കുക എന്നാൽ ക്രമേണ മെത്രാൻ ഓരോ സമൂഹത്തിനും പ്രത്യേകം വൈദികരെ നിയമിച്ചു തുടങ്ങി. ഈ സമ്പ്രദായമാണ് ഇന്നത്തെ ഇടവകകളുടെ ആധാരം. ഒരു മെത്രാന്റെ കീഴിൽ പല ഇടവകകൾ ഉണ്ടായിരിക്കും, ഓരോന്നിനും ഓരോ വൈദികനും, ചില ഇടവകകളെ ഡീക്കന്മാർ ഭരിച്ചിരുന്നതായി കാണുന്നുണ്ട്. അതുപോലെ ഈജിപ്തിൽ ചില ഗ്രാമപ്രദേശങ്ങളിൽ ആചാര്യന്മാരും പ്രബോധകരും ഉണ്ടായിരുന്നതായി സഭാചരിത്രകാരനായ ഏവുസേബിയസ് പറയുന്നുണ്ട്.

    ഇടവകാ സമ്പ്രദായം പൗരസ്ത്യദേശങ്ങളിൽ വളരെ വേഗം വികസിച്ചു. എന്നാൽ പാശ്ചാത്യദേശങ്ങളിൽ പൊതുവെ സാവ ധാനമാണ് ഇടവകസമ്പ്രദായം വളർന്നത്. റോമാപോലെയുള്ള വലിയ നഗരങ്ങളിൽ മെത്രാൻ തന്നെയാണ് ആരാധനാ കർമ്മങ്ങൾക്കു നേതൃത്വം നല്കിയിരുന്നത്. വൈദികർ സഹായി കളായി വർത്തിച്ചു. ഒരു നഗരത്തിൽ പല ദേവാലയങ്ങൾ ഉണ്ടായിരുന്നാൽ വിശുദ്ധ ബലിയിൽ അപ്പവും വീഞ്ഞും ആശിർവദിച്ചിരുന്നത് മെത്രാൻ മാത്രമാണ്. അതിനുശേഷം വി. കുർബ്ബാന മറ്റു പള്ളികളിലേക്ക് (ഔദ്യോഗിക ദേവാലയത്തിൽ നിന്ന് കൊണ്ടുപോകുന്നു. വൈദികന് വിശുദ്ധ വസ്തുക്കൾ ആശീർവദിക്കണമെങ്കിൽ മെത്രാന്റെ പ്രത്യേകാനുവാദം ആവശ്യ മായിരുന്നു.

    അഞ്ചാം നൂറ്റാണ്ടായപ്പോൾ സ്പെയിനിലും, ഫ്രാൻസിലും കൂടുതൽ പ്രാദേശികദേവാലയങ്ങൾ ഉയർന്നു വന്നു. ഇവയ്ക്കെല്ലാം വൈദികരും സ്ഥിരമായി നിയമിക്കപ്പെട്ടിരുന്നു.

    അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ചില പള്ളികൾ അൽമായരുടെ കൈവശമാകാൻ തുടങ്ങി. പ്രഭുക്കന്മാർ സ്വന്തമായി പള്ളികൾ സ്ഥാപിച്ച് വൈദികരെ നിയമിച്ചു വന്നു. ഈ സമ്പ്രദായം പശ്ചിമ യൂറോപ്പിൽ ആരംഭിച്ച് പിന്നീട്, സ്ലാവിക്ക് ദേശക്കാരുടെ ഇടയിലേക്കു വ്യാപിച്ചു. ക്രൈസ്തവേതര മതങ്ങളിൽ നിലവി ലിരുന്ന ചില സമ്പ്രദായങ്ങളുടെ അനുകരണമായിരിക്കാം ഇതെന്ന് കരുതുന്നു. അവർ സ്വന്തം ചെലവിൽ ആരാധനാലയങ്ങൾ പണികഴിപ്പിച്ച് പൂജാരികളെ നിയമിക്കുക പതിവുണ്ടായിരുന്നു. അങ്ങനെ സ്പെയിനിലും ഫ്രാൻസിലും ഇടവകകളുടെ എണ്ണം വർദ്ധിച്ചു വന്നു. സ്വകാര്യ ദേവാലയങ്ങളിലെ വരുമാനം ഉടമസ്ഥന്റെ അവകാശമാണ്. അത്തരം പള്ളികളിൽ തിരുകർമ്മങ്ങൾ അനുഷ്ഠി ക്കുന്ന വൈദികനു ശമ്പളം നല്കിയിരുന്നതും അവർ തന്നെയാണ്. പ്രഭുക്കന്മാരുടെ കീഴിലുണ്ടായിരുന്ന വൈദികരുടെ സ്ഥിതി പരിതാപകരമായിരുന്നു. അവർക്ക് പലപ്പോഴും പ്രഭുവിന്റെ പാർശ്വവർത്തികളായി പ്രവർത്തിക്കേണ്ടിവന്നു.

    ഇടവകകളുടെ വ്യാപ്തി അനുസരിച്ച്, ആളുകളുടെ സൗകര്യത്തിനായി, ഇടവകാതിർത്തിയിൽ തന്നെ ചെറിയ പള്ളികൾ സ്ഥാപിച്ചു വന്നു. ഇവ കപ്പേള, ഓട്ടറി എന്നീ പേരുകളിൽ അറിയ പ്പെട്ടിരുന്നു. ഈ പള്ളികളിലൊന്നും മാമ്മോദീസ നല്കിയിരുന്നില്ല. അത് ഇടവകപള്ളിയിൽ മാത്രമേ നടത്തിയിരുന്നുള്ളൂ. വലിയ ഇടവകയുടെ നേതൃത്വം വഹിക്കുന്ന വൈദികനെ പ്രധാന പുരോഹിതൻ എന്നു വിളിച്ചിരുന്നു.

    പ്രോവിൻസ് – രൂപത

    ഒരു നഗരത്തിലെ വിശ്വാസികൾ എല്ലാം കൂടി ഒരു ഇടവക യായതുപോലെ പല ഇടവകകൾ ചേർന്ന് ഒരു പ്രൊവിൻസുണ്ടായി. ക്രൈസ്തവ മതം റോമാസാമ്രാജ്യത്തിലെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടപ്പോൾ തന്നെ സഭാഭരണവും രാജ്യഭരണവുമായി ഉറ്റബന്ധമുണ്ടായി. റോമൻ ഭരണകൂടത്തിൽ നിലവിലിരുന്ന ഭരണരീതി സഭാനേതാക്കളും സ്വീകരിച്ചു.

    നിക്യാസൂനഹദോസിന്റെ ആറാമത്തെ കാനോന പുരാതന സഭകളുടെ മേഖലാവിഭജന രീതിയെപ്പറ്റി പറയുന്നുണ്ട്. മെത്രാന് ഒരു പ്രത്യേകമേഖലയിൽ അധികാരമുണ്ടായിരുന്നു. മെത്രാൻ താമസിക്കുന്ന സ്ഥലത്തിന്റെ പേരിലാണ് രൂപത അറിയപ്പെടുന്നത്. റോമൻ സാമ്രാജ്യത്തിലെ പ്രൊവിൻസുകളുടെ തലസ്ഥാന ങ്ങളായിരുന്നു ക്രൈസ്തവസമൂഹത്തിന്റെ പ്രഥമ കേന്ദ്രങ്ങൾ, പൗരസ്ത്യ സഭകൾ മൂന്നാം നൂറ്റാണ്ടിൽ തന്നെ ഭരണപരമായ വിഭജനങ്ങൾ സ്വീകരിച്ചു. പാശ്ചാത്യ സഭകളിൽ വിഭജനം നടന്നത് വളരെ വൈകിയാണ്. പ്രധാന തലസ്ഥാന പട്ടണങ്ങളിൽ സഭകൾ ആസ്ഥാനം ഉറപ്പിച്ചതുകൊണ്ട് പ്രേഷിതപ്രവർത്തനം എളുപ്പമാ യിരുന്നു. അതിനെത്തുടർന്നു പുതിയ സഭാസമൂഹങ്ങൾ രൂപം കൊണ്ടു. അങ്ങനെ മാതൃസഭകളുണ്ടായി. അവിടത്തെ മെത്രാൻമാരെ മെത്രാപ്പോലീത്താമാർ എന്നു വിളിച്ചുവന്നു.

    ഒരു പ്രൊവിൻസിലെ മെത്രാന്മാർ ഒന്നിച്ചുകൂടി പ്രധാനപ്പെട്ട പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന പതിവ് രണ്ടാം നൂറ്റാണ്ടിൽ തന്നെ യുണ്ടായിരുന്നു. ഈ പതിവ് ആരംഭിച്ചത് ഏഷ്യാമൈനറിലാ ണ്. ഇപ്രകാരമുള്ള സമ്മേളനങ്ങൾ സഭയുടെ ഐക്യത്തിനും സുസ്ഥിതിക്കും പ്രയോജനകരമായിരുന്നു. പ്രൊവിൻസ് അടി സ്ഥാനമാക്കിയുള്ള ഈ സമ്മേളനങ്ങളുടെ നേതൃത്വം മെത്രാപ്പോലീ യാണ് വഹിച്ചിരുന്നത്. പാശ്ചാത്യസഭയിൽ റോമിലെയും കാർത്തേജിലേയും മെത്രാന്മാരായിരുന്നു ഈ പ്രൊവിൻഷ്യൽ ഗ്രൂപ്പുകളുടെ നേതാക്കന്മാർ. പൗരസ്ത്യസഭകളിലും രാഷ്ട്രീയ മേഖലാവിഭജനരീതി പ്രതിഫലിച്ചിരുന്നു. പാശ്ചാത്യസഭയിൽ, വടക്കേ ആഫ്രിക്കൻ പ്രൊവിൻസുകകളിലെ മെത്രാൻമാരെല്ലാം കാർത്തേജിൽ സമ്മേളിച്ച് ചർച്ചകൾ നടത്തിയിരുന്നു. റോമാ അന്ത്യോക്യാ, അലക്സാണ്ടറിയ എന്നീ കേന്ദ്രങ്ങളിലെ മെത്രാന്മാ രായിരുന്നു സഭയിൽ പ്രധാന സ്ഥാനം വഹിച്ചിരുന്നത്.
    പാത്രിയാർക്കീസന്മാർ

    മെത്രാപ്പോലീത്താമാരുടെ കീഴിലുള്ള സഭാസമൂഹങ്ങളെല്ലാം ഒന്നിച്ച് ഒരു വലിയ സംഘടനയ്ക്ക് രൂപം കൊടുക്കാൻ മൂന്നാം നൂറ്റാണ്ടിൽ ചില ശ്രമങ്ങൾ നടന്നു. ഇവയെയാണ് പാത്രിയാർക്കേറ്റ് എന്നു പറയുന്നത്. ഒരു കുടുംബത്തിന്റേയോ ഗോത്രത്തിന്റേയോ തലവൻ എന്നർത്ഥത്തിലാണ് യഹൂദർ പാത്രിയാർക്കാ എന്ന പദം ഉപയോഗിച്ചിരുന്നത്. പഴയ നിയമത്തിൽ ഗോത്രത്തലവന്മാർക്കും പാത്രിയാർക്കീസ് എന്ന പേരുണ്ടായിരുന്നു. അബ്രാഹവും യാക്കോബും പാത്രിയാർക്കീസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

    തിരുസ്സഭാചരിത്രത്തിൽ പാത്രിയാർക്കീസിന് പ്രത്യേക അർത്ഥ മുണ്ട്. ആദ്യനൂറ്റാണ്ടുകളിലെ പ്രധാന ക്രൈസ്തവ കേന്ദ്രങ്ങളായിരുന്നു റോമ, അലക്സാണ്ടറിയ, അന്ത്യോക്യാ തുടങ്ങിയവ. ഇവിടത്തെ മെത്രാന്മാർക്ക് പാത്രിയാർക്കീസ് സ്ഥാനം ലഭിച്ചിരുന്നു. പ്രേക്ഷിത പ്രവർത്തനങ്ങൾക്ക് ഈ കേന്ദ്രങ്ങൾ വലിയ പങ്കു വഹിച്ചിട്ടുണ്ട്.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group