തിരുസ്സഭാ ചരിത്രം.. പഠന പരമ്പര 22

    പാശ്ചാത്യസഭയും രാഷ്ട്രങ്ങളും

    ക്രൈസ്തവർക്കൊരു പേടി സ്വപ്നമായി മദ്ധ്യപൂർവ്വ ദേശത്തുയർന്നുവന്ന ഇസ്ലാം എപ്രകാരം വളർന്നു വികസിച്ചുവെന്നും സഭാ നേതൃത്വം എങ്ങനെ അതിനെ നേരിട്ടുവെന്നും കഴിഞ്ഞ അദ്ധ്യാ യത്തിൽ കണ്ടു. എന്നാൽ ക്രൈസ്തവമെന്നഭിമാനിച്ചിരുന്ന പാശ്ചാത്യ രാഷ്ട്രങ്ങളുമായുള്ള ബന്ധവും സഭയ്ക്ക് അത് അനുകൂലമായിരുന്നില്ല. ജർമ്മനി, ഇംഗ്ലണ്ട്, ഫ്രാൻസ് എന്നിവിടങ്ങളിലെ രാജാക്കന്മാരും പാപ്പാധിപത്യവുമായി തുറന്ന ഏറ്റുമുട്ടലുകൾ തന്നെ നടന്നു. ഇതിനെല്ലാം എഴുപതു വർഷത്തേക്ക് ഫ്രാൻസിലെ അവിഞ്ഞാണിലേയ്ക്ക് മാറ്റിയ പശ്ചാത്തലം തുടങ്ങിയവയാണ് ഈ അദ്ധ്യായത്തിലെ പ്രതിപാദ്യം.

    മെത്രാന്മാരുടെ നിയമനം (Lay Investiture) സംബ ന്ധിച്ച തർക്കങ്ങൾ അവസാനിപ്പിച്ചു കൊണ്ട് ഉടമ്പടികൾ ഒപ്പുവച്ചതോടെ സഭാനേതൃത്വവും രാഷ്ട്രീയാധികാരികളും തമ്മിൽ അതുവരെ നിലനിന്നിരുന്ന ഉരസലുകൾ ഒട്ടൊക്കെ അവസാനിച്ചു. എങ്കിലും ഇടയ്ക്കിടെ പൊട്ടലും ചീറ്റലും ഉണ്ടായിക്കൊണ്ടിരുന്നു. മദ്ധ്യയുഗ ചരിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായ സംഭവമാണ് സഭാനേതൃത്വവും രാഷ്ട്രീയാധികാരികളും തമ്മിലുള്ള ഈ ഏറ്റുമുട്ടലുകൾ.

    സഭയും പരിവർത്തനഘട്ടവും മദ്ധ്യയുഗത്തിന്റെ അവസാനകാലം സഭയെ സംബന്ധിച്ചിട ത്തോളം വിഷമപൂർണ്ണമായ ഒന്നായിരുന്നു. അക്കാലത്താണ് എല്ലാ രംഗങ്ങളിലുമുള്ള നേട്ടങ്ങൾ അവയുടെ ഉന്നതശ്രേണിയിലെത്തിയത്. പക്ഷേ ഇവ എന്നെന്നും നിലനില്ക്കുമെന്ന് ആരെങ്കിലും കരുതിയെങ്കിൽ അതു മൗഢ്യം മാത്രമായിരുന്നു. മദ്ധ്യയുഗത്തിൽ സംഘടിത സഭയുടെ ശക്തി ക്ഷയിച്ചു തുടങ്ങി. സമൂഹത്തെ സ്വാധീനിക്കുന്ന ബാഹ്യശക്തികളിൽ നിന്നും ഒഴിഞ്ഞു നില്ക്കുവാൻ സഭയിലെ മാനുഷിക ഘടകങ്ങൾക്കു കഴിയില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. പരിവർത്തന ഘട്ടത്തിന്റെ പ്രത്യേകതയായ സാമ്പത്തികവും, സാമൂഹ്യവും, ബുദ്ധിപരവും രാഷ്ട്രീയവുമായ ഘടകങ്ങൾ സഭയിൽ പരമ്പരാഗതമായി നിലവിലിരുന്ന വ്യവസ്ഥിതിയുടെമേൽ നടത്തിയ കടന്നാക്രമണമാണ് ഈ അധഃപതനത്തിനു കാരണം. പാപ്പാമാരുടെ അവിഞ്ഞാൺ അടിമത്തം, പാശ്ചാത്യശീശ്മ, നവോത്ഥനം തുടങ്ങിയവ ഈ അധഃപതനത്തെ ത്വരിതപ്പെടുത്തിയെ ന്നു മാത്രം.

    സാമ്പത്തികഘടകങ്ങൾ

    ഫ്യൂഡൽ വ്യവസ്ഥിതിയനുസരിച്ച് സമ്പത്തിന്റെ ഉത്ഭവവും മാനദണ്ഡവും ഭൂമിയായിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ഉയിർത്തെഴുന്നേറ്റ് കച്ചവടവും വ്യവസായവും ഈ നിലപാടിനു മാറ്റം വരുത്തി.സാമ്പത്തിക വ്യവസ്ഥിതിയിൽ പണം പ്രഥമസ്ഥാനം കരസ്ഥമാക്കിയതോടെ ഭൂമിയുടെ പ്രാധാന്യം കുറഞ്ഞു. ഈ മാറ്റം കൂടുതൽ പ്രതികൂലമായി ബാധിച്ചത് അന്ന് യൂറോപ്പിലെ ഏറ്റവും വലിയ ഭൂവുടമയായിരുന്ന സഭാ നേതൃത്വത്തെയാണ്. സാമൂഹ്യ പരിവർത്തനങ്ങൾ
    സമൂഹത്തിന്റെ ചിന്താഗതിയിലും പ്രകടമായ മാറ്റങ്ങൾ ഉണ്ടാക്കി. പുതിയ സാമ്പത്തിക വ്യവസ്ഥിതിയുടെ ഫലമായി മതനിരപേക്ഷത വളർന്നു വന്നു. ഭാവിയിൽ വരാനുള്ള സ്വർഗ്ഗഭാഗ്യത്തിനെന്നതിനേക്കാൾ വർത്തമാനകാല ലോകത്തിന് മനുഷ്യൻ കൂടുതൽ പ്രാധാന്യം നൽകി. മതനിഷേധമോ നിരീശ്വരത്വമോ ആയിരുന്നില്ല ഇതിന്റെ അടിയിൽ പ്രവർത്തിച്ചത്. പ്രത്യുത ലോകത്തേയും അതിലെ സൗകര്യങ്ങളേയും പറ്റിയുള്ള വർദ്ധിച്ച അവബോധമാണ്. ലോകത്തേയും ലൗകിക കാര്യങ്ങളേയും ത്യജിക്കുകയെന്നത് പുതിയ തലമുറയ്ക്ക് സ്വീകാര്യമല്ലായിരുന്നു. സന്യാസസ്ഥാനങ്ങൾ പലതും അനാകർഷകങ്ങളായിത്തീ ർന്നത് അതുകൊണ്ടാണ്.

    ബൗദ്ധികമണ്ഡലം

    ദൈവവിജ്ഞാനീയത്തിലേയും തത്ത്വശാസ്ത്രത്തിലേയും അതികായന്മാരായിരുന്ന സ്കൊളാസ്റ്റിക്ക് ചിന്തകർ മിക്കവരും 1300 ആയപ്പോഴേയ്ക്കും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഇക്കാലത്ത് അത്മായരുടെ വിദ്യാഭ്യാസ നിലവാരം ഉയർന്നതോടെ ബൗദ്ധിക മണ്ഡലത്തിൽ സഭാനേതൃത്വത്തിനുണ്ടായിരുന്ന കുത്തകാവകാശം നഷ്ടപ്പെട്ടു.തോമസ് അക്വീനാസിന്റെ തത്ത്വങ്ങൾക്ക് അദ്ദേഹത്തിന്റെ മരണശേഷം വലിയ പ്രചാരമൊന്നും കിട്ടിയില്ല. അതേസമയം ഓക്കാമിലെ വില്യമിന്റെ നോമിനലിസം അസൂയാവഹമായ പ്രചാരം നേടി. മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ സ്കൊളാസ്റ്റിക്ക് പാരമ്പര്യം പുനരുദ്ധരിക്കാൻ കഴിവുള്ളവരാരും കുറെക്കാലത്തേയ്ക്കുണ്ടായില്ല. പതിനാലാം നൂറ്റാണ്ടായപ്പോഴേയ്ക്കും പ്രാദേശിക ഭാഷകൾക്ക് അവയുടെ സ്ഥാനം വീണ്ടുകിട്ടി. കത്തോലിക്കരായ സാഹിത്യകാരന്മാർ പോലും സ്വന്തം കഴിവുകൾ മതേതരമായ ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് വിനിയോഗിച്ചത്. സഭാസേവനത്തിൽ അവരൊന്നും പ്രത്യേക താല്പര്യം പ്രകടിപ്പിച്ചില്ല. അത്മായരുടെ ബൗദ്ധിക നിലവാരം ഉയർന്നതോടെ വൈദികരുടെ അജ്ഞതയും പോരായ്മകളും നിരൂപണവിധേയമായി.


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group