വിശുദ്ധ തോമാശ്ലീഹായോടൊപ്പം ഒരു മാസം..

(ജൂലൈ മാസത്തിൽ ഉപയോഗിക്കുവാനുള്ള
തോമാശ്ലീഹായുടെ വണക്കo

തയ്യാറാക്കിയത്:
ഫാ. ജെയിംസ് കുരികിലാംകാട്ട് MST
ഫാ. പോൾ പൈനാടത്ത് MST…

ഒന്നാം തീയതി

“നീ എന്നെ ശിഷ്യനായി സ്വീകരിച്ചാലും”
സന്ദേഹിച്ചു ശിഷ്യനായവനാണ് തോമാശ്ലീഹാ ഈശോയോടൊപ്പം ചേരണം എന്നാഗ്രഹിച്ച് നിറഞ്ഞ മന സ്സോടെയാണ് അയാൾ ഈശോയെ കാണുവാൻ ചെന്നത്. കൂടെ യൂദാസും ഉണ്ടായിരുന്നു. പക്ഷേ, ആദ്യ കൂടിക്കാഴ്ച അയാളിൽ പരിഭ്രമം ജനിപ്പിച്ചു. അവിടുത്തെ വചനങ്ങൾ അയാളിൽ സ്വന്തം ബലഹീനതകളെക്കുറിച്ചുള്ള ചിന്തകൾ ഉളവാക്കി. ശിഷ്യനാകുവാൻ താൻ അയോഗ്യനാണ് എന്ന് അയാൾ ചിന്തിച്ചുപോയി. “നീ എത്രയോ പരിശുദ്ധൻ, നിന്റെ സമീപം നില്ക്കുവാൻ പോലും ഞാൻ അയോഗ്യൻ” എന്നു പറഞ്ഞ് തോമസ് യാത്രപറഞ്ഞു പിരിഞ്ഞു. എന്നാൽ അതിനുമുൻപ്, “ഞാൻ വീണ്ടും വരുമ്പോൾ നീ വന്ന് എന്നെ കാണണം” എന്നും “ദീദിമൂസ് എന്ന നിന്റെ നാമം ഞാൻ ഓർത്തിരിക്കും” എന്നും ഈശോ അവനോടു പറഞ്ഞു. അയാൾ തിരികെവരും എന്ന് അവിടുത്തേക്ക് അറി യാമായിരുന്നു. അധികം താമസിയാതെ തന്നെ വരുകയും ചെയ്തു. ഇത്തവണ തനിച്ചാണ് വന്നത്. വന്നതേ അയാൾ ഈശോയുടെ കാൽക്കൽ വീണു. എന്നിട്ടവൻ ഇപ്രകാരം പറഞ്ഞു. “നീ വീണ്ടും വരുന്നതുവരെ കാത്തിരിക്കാൻ എനിക്കു വയ്യ. ദയവായി എന്നെ നിന്റെ ശിഷ്യനായി സ്വീകരിച്ചാലും. ഞാൻ തെറ്റുകൾ നിറഞ്ഞവനാണ്. എങ്കിലും ഞാൻ ഉറപ്പുനൽകുന്നു എന്റെ ഹൃദയം നിറയെ സ്നേഹ മുണ്ട്. അതുതന്നെയായിരുന്നു ഈശോയ്ക്ക് ആവശ്യം. തോമായുടെ ശിരസ്സിൽ കൈകൾ വച്ച് അനുഗ്രഹിച്ചു കൊണ്ട് അവിടുന്ന് പറഞ്ഞു: “ദിദിമൂസ്, ഇന്നു മുതൽ നീ ഞങ്ങളോടൊപ്പം താമസിച്ചുകൊള്ളുക. ഇന്നു മുതൽ നീ എന്റെ ശിഷ്യനാണ്. അന്നു മുതൽ തോമാ ഈശോയുടെ ശിഷ്യനായി.

വിചിന്തനം

ഈശോയുടെ ശിഷ്യനാകുക ഒത്തിരിയേറെ ത്യാഗങ്ങൾ
ആവശ്യപ്പെടുന്നു. ഹൃദയം നിറയെ സ്നേഹമുണ്ടങ്കിൽ മാത്രമേ അതു സാധ്യമാവുകയുള്ളൂ. നമ്മുടെ അയോഗ്യത നമ്മെ ഭയപ്പെടുത്താം. ബലഹീനനായ എനിക്കു പൂർണശിഷ്യത്വത്തിലേക്കു പ്രവേശിക്കുവാൻ സാധിക്കുമോ എന്ന സന്ദേഹം പലപ്പോഴും എന്നെ പിടികൂടാം. എങ്കിലും ഈശോ ചോദിക്കുന്നത് നീ എന്തിനാണ് സന്ദേഹിക്കുന്നത് എന്നാണ്. നിന്റെ ആഗ്രഹവും സ്നേ ഹവും ഒത്തുചേരുമ്പോൾ ആകുലതകൾ തനിയെ ഇല്ലാ താകും. മനുഷ്യസഹജമായ ബലഹീനതകളും പാപവാസനകളും നമ്മെ പിന്തുടർന്നുകൊണ്ടിരിക്കും. എങ്കിലും കർത്താവിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാകും. ഹൃദയം നിറയെ സ്നേഹമുണ്ടെങ്കിൽ നമുക്കും ശിഷ്യനാ കുവാൻ കഴിയും. ആഗ്രഹിച്ചുവരുന്നവനെ ഈശോ ഒരിക്കലും കൈവിടുകയില്ല. ഓരോ ക്രൈസ്തവനും ഈശോയുടെ അനുയായിയും ശിഷ്യനുമാണ്. നമ്മെ ഓരോരുത്തരെയും അവിടുന്ന് സ്വന്തമായി സ്വീകരിക്കും.

തോമാശ്ലീഹായെപ്പോലെ ഞാനും കർത്താവിന്റെ മുൻപിൽ ഏറ്റുപറയുന്നു. “നാഥാ, ഞാൻ ബലഹീനനും പാപിയുമാണ്. എങ്കിലും ഞാൻ ഉറപ്പുനൽകുന്നു. എന്റെ ഹൃദയം നിറയെ സ്നേഹമുണ്ട്.

(തോമാശ്ലീഹാ എപ്രകാരമാണ് ഈശോയുടെ ശിഷ്യ നായത് എന്നതിനെക്കുറിച്ചുള്ള വിവരണം സുവിശേഷങ്ങളിൽ ഇല്ല. അപ്രമാണിക ഗ്രന്ഥങ്ങളിലും അതിനെക്കുറിച്ചുള്ള വിവരണം കുറവാണ്. മരിയ വാൾ തോത്തയുടെ “ദൈവമനുഷ്യന്റെ സ്നേഹഗീത’ എന്ന ഗ്രന്ഥത്തിൽ നിന്നു മാണ് മേൽപറഞ്ഞ ഭാഗം എടുത്തിട്ടുള്ളത്.

പ്രാർത്ഥന

“എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവൻ എനിക്കു യോഗ്യനല്ല” (മത്താ 10:37) എന്ന് അരുളിച്ചെയ്ത കർത്താവേ, നിന്നോടുള്ള അതിരറ്റ സ്നേഹത്താൽ ജ്വലിച്ച് സ്വന്തമായ എല്ലാം ത്യജിച്ച്, നിന്റെ വത്സലശിഷ്യനായി തീർന്ന ഞങ്ങളുടെ പിതാവായ മാർ ത്തോമ്മാശ്ലീഹായെപ്പോലെ ലോകത്തിലുള്ള എല്ലാ വസ്തു ക്കളെക്കാളും വ്യക്തികളെക്കാളും ഉപരി നിന്നെ ഹൃദയ പൂർവം സ്നേഹിക്കാനും അതുവഴി ഉണ്ടാകാവുന്ന ക്ലേശ ങ്ങളും, ത്യാഗങ്ങളും, സഹനങ്ങളും സ്നേഹത്തോടെ സ്വീകരിച്ച് നിന്റെ ഉത്തമശിഷ്യരാകുവാൻ ഞങ്ങളെ ഓരോ രുത്തരെയും അനുഗ്രഹിക്കണമെ. ആമ്മേൻ,

സുകൃതജപം

“എന്റെ ഈശോയെ ഈ ലോകത്തിലുള്ള എല്ലാ വ്യക്തികളെക്കാളും വസ്തുക്കളെക്കാളും ഉപരിയായി നിന്നെ ഞാൻ സ്നേഹിക്കുന്നു.

ഈശോയ്ക്കുവേണ്ടി സ്വജീവൻ സമർപ്പിച്ചിരിക്കുന്ന

സമർപ്പിതർക്കുവേണ്ടി പ്രാർത്ഥിക്കുക.

ഗാനം

(നിത്യസഹായ നാഥേ.. എന്ന രീതിയിൽ

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ
മക്കൾക്കായ് പ്രാർത്ഥിക്കേണ
യാത്രതൻ ക്ലേശങ്ങളും
പീഡന മർദ്ദനങ്ങൾ
സ്നേഹത്താൽ സഹിച്ചു നീ
സുവിശേഷം ഞങ്ങൾക്കേകി. (മാർത്തോമാ

യേശുവിനു നൽകിയ ഹൃദയം
ശുത്രുക്കൾ പിളർന്നപ്പോൾ
ഒഴുകിയ രക്തത്താലെ ധന്യയായ് ഭാരതഭൂമി (മാർത്തോമാ
സുവിശേഷ ദീപവുമായി
സ്നേഹത്തിൻ മക്കളായി
ഭാരത ഭൂവിലെങ്ങും ചരിക്കാൻ പ്രാർത്ഥിക്കേണെ (മാർത്തോമാ)..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group