വിശുദ്ധ തോമാശ്ലീഹ യോടുള്ള വണക്കം : പത്താം ദിവസം

രാജകൊട്ടാരത്തിലെ ധനം ദരിദ്രഭവനങ്ങളിലേയ്ക്ക്

കൊട്ടാരം പണിയുവാനുള്ള നിർദ്ദേശം നൽകിയ രാജാവ് അതിന്റെ ചിലവിനായുള്ള തുക ശ്ലീഹായെ ഏൽ പ്പിച്ചശേഷം മറ്റൊരു സ്ഥലത്തേയ്ക്കു യാത്രയായി. ശ്ലീഹായാകട്ടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ചുറ്റിസഞ്ചരിച്ച് ലഭിച്ച പണം മുഴുവൻ പാവങ്ങൾക്കിടയിൽ വിതരണം ചെയ്തു. അവരിൽ ഒരാളെപോലെ അവർക്കിടയിൽ ജീവിച്ചുകൊണ്ട് അദ്ദേഹം അവരോടു സുവിശേഷം പ്രസംഗിച്ചു. അനേകർ സുവിശേഷത്തിൽ വിശ്വസിക്കുകയും ചെയ്തു.

വിചിന്തനം

രാജകൊട്ടാരം നിർമ്മിക്കുവാനായി രാജാവേൽപ്പിച്ച പണം മുഴുവൻ തോമാശ്ലീഹാ പാവങ്ങൾക്കിടയിൽ വിതരണം ചെയ്തു. മനുഷ്യമനസ്സുകളിലും ദൈവഹൃദയത്തി ലുമാണ് യഥാർത്ഥ കൊട്ടാരങ്ങൾ പണിയേണ്ടത് എന്ന് തോമാശ്ലീഹാ നമ്മെ പഠിപ്പിക്കുകയാണ്. ഒരു യഥാർത്ഥ പ്രേഷിതൻ എപ്രകാരം ജീവിക്കണമെന്നും പ്രവർത്തിക്കണമെന്നും കൂടി ശ്ലീഹാ കാണിച്ചുതരുന്നുണ്ട്. ഒന്നും സ്വന്തമായി സൂക്ഷിക്കാതെ, ഒരിടത്തും സ്ഥിരമായി വാസമുറപ്പിക്കാതെ, ഉള്ളതെല്ലാം ആവശ്യക്കാർക്കായി പങ്കുവയ്ക്കുന്ന, അതിഭാവുക പ്രകടനങ്ങളില്ലാത്ത, വെറും സാധാരണ മനു ഷ്യനായാണ് തോമാശ്ലീഹാ ഇവിടെ കാണപ്പെടുന്നത്.

രാജഹിതത്തിനെതിരായി പ്രവർത്തിക്കുക വഴി തോമാശ്ലീഹാ വലിയ തെറ്റല്ലേ ചെയ്തത് എന്ന സന്ദേഹം നമുക്കുണ്ടായേക്കാം. സ്വന്തമല്ലാത്ത പണമാണ് അദ്ദേഹം ദാനം ചെയ്തത്. എന്നാൽ, സമ്പത്ത് ദൈവത്തിന്റെ ദാന മാണ്. അതുപയോഗിച്ച് രമ്യഹർമ്മ്യങ്ങൾ പണിയുന്നതിലും നല്ലത് അത് ജനോപകാരപ്രദമായി വിനിയോഗിക്കുകയാണ്. രാജാവിന്റെ സമ്പാദ്യം ജനങ്ങളുടെ അദ്ധ്വാ നത്തിന്റെ ഫലമാണ്. അത് അവരുടെ നന്മക്കുവേണ്ടി വിനി യോഗിക്കുവാൻ അയാൾ തയ്യാറാകണം. സ്വന്തം രാജ്യത്തിൽ അനേകായിരങ്ങൾ ദാരിദ്ര്യത്തിൽ കഴിയുമ്പോൾ രാജാവ് ആഡംബര കൊട്ടാരത്തിൽ ജീവിക്കുന്നതിൽ അർത്ഥമില്ല.

ദൈവരാജ്യത്തിന്റെ പ്രഘോഷകനാണ് ക്രൈസ്തവൻ. ദൈവത്തിന്റെ നീതിയും ഭരണവും അനുഭവവേദ്യ മാകുന്ന ഇടമാണ് ദൈവരാജ്യം. അവിടെ കരുണയും സ്നേഹവും ഉദാരതയും സൻമനസ്സും ഭരണം നടത്തണം. ഭരണകർത്താക്കൾ ഇതിനെക്കുറിച്ച് ബോദ്ധ്യമുള്ളവരായി രിക്കണം. ഇപ്രകാരം ഭരണം നടത്തുക ദൈവികമായ ഒരു കടമയാണ്. ആ കടമ രാജാവിനെ ബോദ്ധ്യപ്പെടുത്തുക യായിരുന്നു തോമാശ്ലീഹാ തന്റെ പ്രവൃത്തിയിലൂടെ.

ഓരോ ക്രൈസ്തവനും ദൈവരാജ്യത്തിന്റെ പ്രഘോഷകനാകണം. സമ്പത്ത് ദൈവദാനമായികണ്ട് അത് നല്ല രീതിയിൽ വിനിയോഗിക്കുവാനും അതുവഴി കഷ്ടപ്പെടുന്നവർക്ക് ആശ്വാസം നൽകുവാനും നമുക്ക് കഴിയണം. ആഡംബരപൂർവ്വമായ കൊട്ടാരങ്ങളും ദൈവാലയങ്ങളും നിർമ്മിക്കുന്നതിലല്ലാ മറിച്ച് ദൈവസന്നിധിയിൽ കൃപ കണ്ടെത്തേണ്ടതിലാണ് നാം ശ്രദ്ധിക്കേണ്ടത്.

പ്രാർത്ഥന

“എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവനു നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തു തന്നത്” (മത്താ 25:40) എന്ന് ഞങ്ങളെ പഠിപ്പിച്ച കർത്താവേ, പാവപ്പെട്ടവരിൽ നിന്റെ തിരുമുഖം കണ്ട് അവരെ സ്നേഹിക്കുകയും, അവരെ സഹായിക്കുകയും ചെയ്ത ഞങ്ങളുടെ പിതാവായ മാർത്തോമാശ്ലീഹായുടെ മാതൃകയനുസരിച്ചു ഞങ്ങളുടെ ചുറ്റുപാടുമുള്ള ദരിദ്രരും, രോഗികളും, അനാഥരുമായവരെ ഞങ്ങളാൽ കഴിയുംവിധം സഹായിക്കാൻ ആവശ്യമായ ഔദാര്യവും, സ്നേഹവും ഞങ്ങൾക്കോരോരുത്തർക്കും നൽകണമേ. ആമ്മേൻ.

സുകൃതജപം

“പ്രവൃത്തികൾ കൂടാതെയുള്ള വിശ്വാസം അതിൽ ത്തന്നെ നിർജ്ജീവമാണ്” (യാക്കോ 2:17).

സൽക്രിയ

ഭരണാധിപന്മാർ ജനഹിതം മനസ്സിലാക്കി തങ്ങളുടെ കർത്തവ്യം നിർവഹിക്കാനായി അവർക്കു വേണ്ടി പ്രാർത്ഥിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ
ആദരാൽ വണങ്ങുന്നു
താതാ നിൻ തൃപ്പാദങ്ങൾ
മക്കൾക്കായ് പ്രാർത്ഥിക്കണേ

താതാ ഞാൻ അങ്ങയെപ്പോൽ
നിറവേറ്റാം ദൈവഹിതം

ജനനൻമ കാംക്ഷിച്ചീടാൻ നൽകേണേ സൻമനസ്സ് ഈശോ നിൻ ശിഷ്യനെപ്പോൽ നിൻ രാജ്യ സമാധാനം ഘോഷിക്കാൻ നിരന്തരം നൽകേണേ നിൻവരങ്ങൾ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group