വിശുദ്ധ തോമാശ്ലീഹായോടുള്ള വണക്കം…എട്ടാം ദിവസം

ബാച്ചിൽ നിന്നും തക്ഷശിലയിലേയ്ക്ക്

വധുവരന്മാരെ ആശീർവദിച്ചതിനുശേഷം തോമാ ശ്ലീഹാ ബാറൂച്ചിൽ നിന്ന് ആരുമറിയാതെ യാത്രയായി. ശ്ലീഹായെ അന്വേഷിച്ചവർക്ക് അദ്ദേഹത്തെ കണ്ടെത്താനായില്ല. ശ്ലീഹായെ കണ്ടെത്തുവാൻ രാജാവ് പടയാളികളെ അയച്ചു. പക്ഷെ അപ്പോഴേക്കും അദ്ദേഹം വളരെ ദൂരെ എത്തിയിരുന്നു. പിന്നീട് രാജാവിന്റെ നേതൃത്വത്തിൽ അവരെല്ലാവരും പ്രാർത്ഥനയിൽ ഒന്നിച്ചിരുന്നു. വളരെ നാളുകൾക്കു ശേഷം തോമാശ്ലീഹാ ദൂരദേശത്ത് സുവിശേഷം പ്രഘോഷിക്കുന്നതായി രാജാവിനു വിവരം ലഭിച്ചു. അതനുസരിച്ച് ധാരാളം പേർ അവിടെ ചെന്ന് തോമാശ്ലീഹായോടു ചേർന്നു.

വിചിന്തനം

വടക്കു പടിഞ്ഞാറേ ഇന്ത്യയിലെ ഇന്തോ – പാർത്തിയൻ രാജവംശത്തിലെ രാജാവായിരുന്ന ഗൊണ്ട് ഫറസിന്റെ രാജവൈദേഹികനായ ഹാബാനായിരുന്നു തോമാശ്ലീഹായെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവന്നത്. അതുകൊണ്ട് തോമായുടെ ലക്ഷ്യസ്ഥാനവും ഗൊണ്ടഫറസിന്റെ തലസ്ഥാനമായ തക്ഷശില തന്നെയായിരുന്നു. യൂറോപ്പിലെ രാജാക്കന്മാർക്കുള്ളതുപോലെ മനോഹരമായ ഒരു കൊട്ടാരം പണിയിക്കണമെന്ന് ഗൊണ്ടഫറസ് രാജാവിന് ആഗ്രമുണ്ടായി. അതനുസരിച്ചാണ് പടിഞ്ഞാറുനിന്നും സമർത്ഥനായ ഒരു തച്ചനെ വരുത്തുവാൻ അയാൾ തീരു മാനിച്ചതും ഹാബാനെ അതിനായി അയച്ചതും. ഹാബാൻ ജറുസലെമിൽ ചെന്ന് തോമസ് അപ്പസ്തോലനെ കൂട്ടി ക്കൊണ്ടുവന്നു. ഗൊണ്ടഫറസ് രാജാവിന്റെ തലസ്ഥാനമായ തക്ഷശിലയായിരുന്നു അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ആദ്യം കപ്പലിറങ്ങിയ ബാറുച്ചിൽ സ്ഥിരമായി തങ്ങുക അവർക്ക് അസാധ്യവുമായിരുന്നു. അതേ സമയം, ദൈവം നൽകിയ അവസരം ശ്ലീഹാ ശരിയായി വിനിയോ ഗിക്കുകയും ചെയ്തു. സുവിശേഷം പ്രഘോഷിക്കുവാൻ ലഭിക്കുന്ന ഏതൊരവസരവും ക്രൈസ്തവൻ പാഴാക്കി കളയരുത്. ഇന്ത്യയിലെ ആദ്യ സ്ഥലത്തുതന്നെ അതിനുള്ള അവസരം കൈവന്നപ്പോൾ തോമാശ്ലീഹാ അതു കൈവിട്ടില്ല. നവദമ്പതികളെയും രാജാവിനെയും മാനസാന്തരപ്പെ ടുത്തി എന്നാണ് പറയപ്പെടുന്നത്. സുവിശേഷസന്ദേശം അവർക്കു നല്കി അവരെ പഠിപ്പിച്ചതിനുശേഷം തോമാ ശ്ലീഹാ ആ സ്ഥലം വിട്ടുപോവുകയും ചെയ്തു. കാരണം, ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള ചിന്ത അദ്ദേഹത്തിനു വേണ്ടുവോളമുണ്ടായിരുന്നു.
ഒരു ക്രൈസ്തവൻ എന്നും ഇപ്രകാരം ആയിരിക്കണം. വചനം പ്രഘോഷിക്കുവാൻ ലഭിക്കുന്ന അവസരങ്ങൾ ഒരു കാരണവശാലും അവൻ നഷ്ടപ്പെടുത്തിക്കൂടാ. അതേസമയം തന്നെ, ഒരു സ്ഥലത്ത് അനുകൂല സാഹചര്യങ്ങളും സുഭിക്ഷിതയും ഉണ്ടെന്നു കരുതി അവിടെ സ്ഥരിമായി വാസമുറപ്പിക്കാനും പാടില്ല. അവൻ എന്നും കർമ്മനിരതനായി കൂടുതൽ സ്ഥലങ്ങളും കൂടുതൽ ജന ങ്ങളെയും തേടി യാത്രയാകണം. ലക്ഷ്യം മറന്ന് വഴി മധ്യത്തിൽ തങ്ങിപ്പോകുന്ന വ്യക്തിയാകാൻ പാടില്ല ഒരു സുവിശേഷപ്രഘോഷകൻ,

പ്രാർത്ഥന

തക്ഷശിലയിലെ രാജകൊട്ടാരത്തിലേയ്ക്ക് സുവി ശേഷദീപവുമായ് സധൈര്യം കടന്നുചെല്ലുവാൻ തോമാശ്ലീഹായ്ക്ക് ആത്മീയമായ ശക്തിനൽകിയ കർത്താവേ. ഞങ്ങളുടെ ചുറ്റിലുമുള്ളവർക്ക് സുവിശേഷദീപം പകർന്നു കൊടുക്കുവാൻ, പ്രത്യേകിച്ച് ഭരണാധികാരികളുടെ മുമ്പിൽ ഞങ്ങളുടെ ജീവിതമാകുന്ന സുവിശേഷദീപം തെളിയിക്കുവാൻ ആവശ്യമായ കൃപാവരങ്ങളും, സാഹചര്യങ്ങളും ഞങ്ങൾക്കു നൽകി സുവിശേഷപ്രഘോഷണം സുഗമമാക്കണമേ. ആമ്മേൻ.

സുകൃതജപം

“സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്ര സുന്ദരം” (റോമാ 10:15).

സൽക്രിയ

ഭരണാധികാരികൾക്കും നേതാക്കന്മാർക്കുംവേണ്ടി പ്രാർത്ഥിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ
ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ സുവിശേഷം നൽകീടുവാൻ തിരുനാമം പ്രഘോഷിക്കാൻ കൈവന്നോരവസരം കൈവിട്ടില്ലൊരിക്കലും നാഥാ നിൻ ശിഷ്യനെപോൽ

(മാർത്തോമാ…)

സുവിശേഷം നിരന്തരം പൂർണ്ണമായ് പ്രഘോഷിക്കാൻ നൽകണേ നിൻവരങ്ങൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group