വിശുദ്ധ തോമാശ്ലീഹാ യോടുള്ള വണക്കം: പത്തൊമ്പതാം തീയതി..

നിരണത്ത് ജീവന്റെ അടയാളമായ വിശുദ്ധ കുരിശ് തോമാശ്ലീഹാ സ്ഥാപിക്കുന്നു

കൊല്ലത്തുനിന്നും നിരണത്തേക്കാണു തോമാശ്ലീഹാ പോയത്. നിരണത്ത് ധാരാളം ബ്രാഹ്മണകുടുംബങ്ങൾ താമസിക്കുന്നുണ്ടായിരുന്നു. ത്രികാലേശ്വരം എന്ന സ്ഥലത്ത് ഒരമ്പലവും ഉണ്ടായിരുന്നു. ഈ ബ്രാഹ്മണന്മാരിൽ പലരും ശ്ലീഹായിൽ നിന്നും മാമ്മോദീസാ സ്വീകരിച്ചു. ഒട്ടേറെ നായന്മാരും സ്നാനം സ്വീകരിച്ച് ക്രൈസ്തവരായി. നിരണത്ത് കുരിശു സ്ഥാപിച്ചതിനു ശേഷം ശ്ലീഹാ നിലയ്ക്ക്ലേക്കു യാത്ര പുറപ്പെട്ടു. ആ സമയം ശത്രുക്കളിലാരോ ആ കുരിശ് പിഴുതെടുത്ത് പുഴയിലെറിഞ്ഞു കളഞ്ഞു. വിവരമറിഞ്ഞ ശ്ലീഹാ നിരണത്ത് തിരികെ വരികയും കുരിശു പുനഃപ്രതിഷ്ഠിക്കുകയും ചെയ്തു. ഇത്തവണ പുഴയുടെ മറുകരയിലാണു കുരിശു സ്ഥാപിച്ചത്. ആരാധനക്കായി ഒരാലയവും അവിടെ പ്രതിഷ്ഠിച്ചു. ഇപ്രകാരം രണ്ടു തവണകളായി ഏകദേശം 1400 പേരെയാണ് നിരണത്ത് തോമാശ്ലീഹാ മാമ്മോദീസാ മുക്കിയത്. അവിടുത്തെ ഗ്രാമമുഖ്യനായിരുന്ന തോമസ് എന്നയാളെ സഭയുടെ നേതാവായി നിയമിക്കുകയും ചെയ്തു.

വിചിന്തനം

തോമാശ്ലീഹായുടെ അചഞ്ചലമായ വിശ്വാസവും പ്രേഷിത തീക്ഷ്ണതയും എന്നും നമുക്ക് മാതൃകയായിരി ക്കണം. തന്റെ പ്രേഷിത പ്രവർത്തന മാർഗ്ഗത്തിൽ തടസ്സം സൃഷ്ടിക്കുവാൻ യാതൊന്നിനും സാധിക്കുമായിരുന്നില്ല. കൊല്ലത്തുനിന്നും നിരണത്തേക്കും അവിടെനിന്നും നിലക്കലിലേക്കും തിരിച്ച് നിരണത്തേക്കുമുള്ള യാത്ര ദുർഘടമായിരുന്നു. എങ്കിലും ഗുരുവിനോടുള്ള സ്നേഹം മൂലം അദ്ദേഹം എല്ലാം അനായാസമായി നേരിട്ടു. തുറന്നമനസ്സോടെ സ്വീകരിച്ചു. ശത്രുക്കൾ കുരിശു പിഴുതെറിഞ്ഞ പ്പോഴും ചഞ്ചലനാകാതെ, ആരേയും പഴിക്കാതെ, കർത്താ വിൽ വിശ്വാസമുറപ്പിച്ചുകൊണ്ട് അദ്ദേഹം ആ കുരിശ് പുനഃപ്രതിഷ്ഠിക്കുകയാണു ചെയ്തത്.
നിരണത്ത് തോമാശ്ലീഹായുടെ സുവിശേഷ പ്രഘോ ഷണത്തിന്റെ സജീവ സ്മരണ നിലനിർത്തിക്കൊണ്ട് നിരവധി സ്മാരകങ്ങൾ നിലകൊള്ളുന്നുണ്ട്. നിരണം വലിയ പള്ളി, നിരണം മാർത്തോമാ യെരുസലെം പള്ളി, നിരണം സെന്റ് തോമസ് പള്ളി, തോമാത്തു കടവ് എന്നിവ തോമാശ്ലീഹായുടെ നിരണത്തെ സുവിശേഷ പ്രഘോഷ ണത്തിന്റെ ചരിത്രം വിളിച്ചോതുന്നു. ക്രൈസ്തവ വിശ്വാ സവും അതിന്റെ ആരംഭം മുതലുള്ള പാരമ്പര്യങ്ങളും നഷ്ടപ്പെടാതെ സൂക്ഷിച്ച് നിരണത്തെ ക്രൈസ്തവരോട് നാം നന്ദി ഉള്ളവരായിരിക്കണം. അവരുടെ വിശ്വാസ തീക്ഷ്ണതയും അതിനായി അവർ ചെയ്ത മഹത്തായ ത്യാഗങ്ങളും നമുക്ക് എന്നും മാതൃക ആയിരിക്കട്ടെ. മാർത്തോമാശ്ലീഹായുടെ പൈതൃകം സ്വീകരിച്ച് പല സഭകളായി ഭിന്നിച്ചു നില്ക്കുന്ന നിരണത്തെയും സമീപ പ്രദേശങ്ങളിലെയും ക്രൈസ്തവർ ഈശോയോടുള്ള സ്നേഹത്തിൽ ഒന്നായി തീരുവാനും, ഒരേ മനസ്സോടെ തോമാശ്ലീഹായോടു ചേർന്നുനിന്നുകൊണ്ട് ദൈവത്തെ സ്നേഹിക്കുവാനും ഇടയാകട്ടെ എന്നു നമുക്കു പാർ ത്ഥിക്കാം.

പ്രാർത്ഥന

കുരിശിനെ രക്ഷയുടെ അടയാളമായി ഉയർത്തിയ കർത്താവേ, കുരിശിലെ രക്ഷസ്വീകരിച്ച് സ്വർഗ്ഗത്തിലേ യാത്ര ചെയ്യുന്ന ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ. മാർത്തോമ്മാശ്ലീഹായെപ്പോലെ ഞങ്ങളുടെ ചുറ്റിലുമുള്ളവരെയും ഈ കുരിശിന്റെ രക്ഷയിലേയ്ക്ക ആനയിക്കുവാൻ ഞങ്ങളെ പ്രാപ്തരാക്കണമേ. ഒരിടയനും ഒരാട്ടിൻപറ്റവും (യോഹ 10:16) ഉണ്ടാകാൻ ആഗ്രഹിച്ച കർത്താവേ, ഭിന്നതകൾ നീക്കി സഭാമക്കളിൽ ഐക്യം ജനിപ്പിക്കണമേ. ആമ്മേൻ

സുകൃതജപം

കർത്താവേ, നിന്റെ കുരിശിൽ ഞാൻ അഭിമാനം
കൊള്ളുന്നു.

സൽക്രിയ

വി. യോഹന്നാന്റെ സുവിശേഷം 17-ാം അധ്യായം ധ്യാനപൂർവ്വം വായിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ

മാർത്തോമ്മ നിൻ വിശ്വാസം
സുദൃഡം അചഞ്ചലം മാതൃക ആയീടട്ടെ ഞങ്ങൾ തൻ ജീവിതത്തിൽ
ഏകീടാം നന്ദി ഒന്നായ് വിശ്വാസം ജീവിച്ചോർക്കായി ഓർത്തീടാം ത്യാഗങ്ങളെ വിശ്വാസ ധീരതയും..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group