വിശുദ്ധ തോമാശ്ലീഹാ യോടുള്ള വണക്കം: ഇരുപത്തിയൊമ്പതാം തീയതി

തോമാശ്ലീഹാ എദേസ്സായുടെ ഭാഗ്യമാകുന്നു

മൈലാപ്പൂരിൽ സംസ്കരിക്കപ്പെട്ട തോമാശ്ലീഹായുടെ ഭൗതിക ശരീരം പിന്നീട് എദേസ്സായിലേക്ക് സംവഹിക്കപ്പെട്ടു. അവിടെ തോമാശ്ലീഹായുടെ പേരിലുള്ള വലിയ പള്ളിയിൽ അതു വണക്കത്തിനായി പ്രതിഷ്ഠിച്ചിരുന്നു. തിരുശേഷിപ്പു വണങ്ങുവാൻ വരുന്നവരുടെ ഉപയോഗത്തിനായി ശ്ലീഹായുടെ ഭാരതത്തിലെ സുവിശേഷയാത്രയെക്കുറിച്ചു പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥവും വെച്ചിരുന്നു. ധാരാളം ആളുകൾ പ്രസ്തുത പള്ളിയിൽ വന്ന് തോമാശ്ലീഹായെ വണങ്ങി അനുഗ്രഹ ങ്ങൾ പ്രാപിച്ചിരുന്നു.

വിചിന്തനം

തോമാശ്ലീഹായുടെ തിരുശേഷിപ്പ് എപ്പോഴാണ് എദേസ്സയിൽ എത്തിയത് എന്നതിനെക്കുറിച്ച് വ്യക്തമായ അറിവില്ല. എന്നിരുന്നാലും ഏ.ഡി. രണ്ടാം നൂറ്റാണ്ടിൽ തന്നെ ഇതു സംഭവിച്ചു എന്നുതന്നെ കരുതാം. കാരണം ഏ.ഡി. 250 നോടുകൂടി രചിക്കപ്പെട്ട തോമായുടെ നടപടി കൾ എന്ന ഗ്രന്ഥത്തിൽ ഇതിന്റെ സൂചനകളുണ്ട്. പ്രസിദ്ധ സുറിയാനി സഭാപിതാവായ എമിന്റെ രചനകളിൽ മാർത്തോമാശ്ലീഹായുടെ തിരുശേഷിപ്പ് ഇന്ത്യയിൽ നിന്നും എദേസ്സയിലേക്കു കൊണ്ടുപോയ തിനെക്കുറിച്ചു പറയുന്നുണ്ട്.

വിശുദ്ധരും രക്തസാക്ഷികളും നമുക്ക് എന്നും പ്രത്യാശയും പ്രചോദനവും പകർന്നു തരുന്നു. അവരുടെ സാന്നിദ്ധ്യം നമുക്ക് എന്നും ശക്തിസ്രോതസ്സാണ്. ജീവിത കാലത്ത് ഭാരതീയർക്ക് ദൈവാനുഗ്രഹങ്ങൾ വാങ്ങിത്തന്ന തോമാശ്ലീഹാ മരണശേഷം മറ്റു സ്ഥലങ്ങളിലും അനുഗ്രഹങ്ങൾ വർഷിച്ചു. തോമാശ്ലീഹായുടെ തിരുശേഷിപ്പു സ്വന്തമാക്കുവാൻ എദേസ്സയിലെ നിവാസികൾ ആഗ്രഹിച്ചു. അതിനായി അവർ ക്ലേശങ്ങൾ സഹിച്ചു. അപ്പസ്തോലനെ സ്വന്തമാക്കുവാൻ നമുക്കും സാധിക്കട്ടെ. അവിടുന്നു ഭാരതീയരായ നമ്മുടെ സ്വന്തമാണ്. നാം അവിടുത്തേക്കും സ്വന്തമാണ്. ശ്ലീഹായുടെ മാദ്ധ്യസ്ഥം എന്നും നമുക്കു ദൈവാനുഗ്രഹങ്ങൾ നേടിത്തരട്ടെ. നമ്മുടെ ആവശ്യങ്ങളിൽ അവിടുത്തെ സഹായം നമുക്ക് വിശ്വാസപൂർവ്വം തേടാം.

പ്രാർത്ഥന

“കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ (യോഹ 20:29) എന്ന് തോമാശ്ലീഹായെ പഠിപ്പിച്ച് അനേ കായിരങ്ങളെ നിന്നിലേയ്ക്ക് ആനയിക്കുവാൻ തോമ്മാ ശ്ലീഹായ്ക്കു ശക്തി നൽകുകയും, ശ്ലീഹായുടെ മാദ്ധ്യസ്ഥത്താൽ ലോകമെമ്പാടും ഉള്ള വിശ്വാസികൾക്ക് അനുഗ്രഹങ്ങൾ പകർന്നു കൊടുക്കുകയും ചെയ്യുന്ന കർത്താവേ, നിനക്ക് ഞങ്ങൾ നന്ദി പറയുന്നു. വിശുദ്ധരുടെ ജീവിത മാതൃകകൾ സ്വീകരിക്കുവാൻ ഞങ്ങളെ പഠിപ്പിക്കണമേ. ആമ്മേൻ

സുകൃതജപം

“സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്ര സുന്ദരം” (റോമ 10:15).

സൽക്രിയ

നവജാതശിശുക്കൾക്ക് തോമാശ്ലീഹായുടെ പേര് നൽകുവാൻ പ്രോത്സാഹിപ്പിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ

താതന്റെ ദിവ്യദേഹം എദേസ്സ് സ്വന്തമാക്കി മൈലാപ്പൂർ കബറിടം സാക്ഷ്യമായ് തീർന്നിടുന്നു

(മാർത്തോമാ..)

മാർത്തോമാ നമ്മുടെ സ്വന്തം അങ്ങേക്ക് നമ്മൾ സ്വന്തം പ്രാർത്ഥിക്കാം മദ്ധ്യസ്ഥത പ്രാപിക്കാം ദൈവകൃപ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group