സഭയുടെ കാനോന്‍ നിയമവും ഏകീകൃത സിവില്‍ കോഡും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു

പൗരസ്ത്യ സഭകളുടെ നിയമ പരിഷ്‌ക്കരണ കമ്മിഷന്‍ സ്ഥാപിതമായിട്ട് അമ്പതാണ്ടുകള്‍ പിന്നിടുകയാണ് (1972-2022). സഭയിലും കാലോചിതമായ നിയമ പരിഷ്‌ക്കാരങ്ങള്‍ ആധുനിക സാമൂഹിക സാഹചര്യങ്ങള്‍, ദൈവശാസ്ത്ര ചിന്താധാരകള്‍, അജപാലനപരമായ ആവശ്യങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ദേശീയ തലത്തില്‍ ഏകീകൃത സിവില്‍ കോഡ് വേണമെന്ന ചര്‍ച്ച ശക്തിപ്പെട്ടു വരികയാണ്. ഈ പശ്ചാത്തലത്തില്‍ സഭയുടെ കാനോന്‍ നിയമവും ഏകീകൃത സിവില്‍ കോഡും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെപ്പറ്റി ഒരു പഠനം.

ഏകീകൃത സിവില്‍ കോഡും കാനോന്‍ നിയമവും..

ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വന്നപ്പോള്‍ മാധ്യമങ്ങളില്‍ ഒരു കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടു : ഓര്‍ക്കസ്ട്രായില്‍ എല്ലാ വാദ്യോപകരണങ്ങളും പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നിയന്ത്രിക്കുന്നു. എല്ലാ ഉപകരണങ്ങളും നെഹ്‌റു നിയന്ത്രിച്ചെങ്കിലും അവിഹിതമായ ഇടപെടല്‍ നടത്തിയില്ല. സംഗീതം എല്ലാവര്‍ക്കും ആസ്വാദ്യമായി. ഭരണഘടനാ സ്ഥാപനങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ സാഹചര്യമൊരുക്കണമെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്. ചര്‍ച്ചാവിഷയമായ ഏകീകൃത സിവില്‍ കോഡ് ‘നാനാത്വത്തില്‍ ഏകത്വ’മെന്ന ഭാരതത്തിന്റെ സവിശേഷതയെ നിഷ്പ്രഭമാക്കുമോ? ഭാഷ-മതന്യൂനപക്ഷങ്ങളുടെ സ്വത്വബോധത്തിന് ക്ഷതമേല്‍ക്കുമോ? അവിഹിത ഇടപെടലുകളും കടന്നു കയറ്റങ്ങളും ഹിഡന്‍ അജണ്ടകളും വഴി ഭരണഘടനാനുസൃതമായ മത സ്വാതന്ത്ര്യത്തിനും വ്യക്തി നിയമങ്ങള്‍ക്കും ന്യൂനപക്ഷാവകാശഏകീകൃത നിയമവും വ്യക്തി നിയമവും ഭരണഘടനയുടെ 44-ാം വകുപ്പ് ഒരു ഏകീകൃത സിവില്‍ കോഡ് ഉണ്ടാക്കാന്‍ ഗവണ്‍മെന്റ് ശ്രമിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഏഴു ദശകങ്ങള്‍ പിന്നിട്ടിട്ടും ഈ നിര്‍ദേശം നടപ്പിലാക്കാന്‍ ഒരു ഗവണ്‍മെന്റിനും സാധിച്ചില്ലെന്നത് പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. വളരെ സങ്കീര്‍ണമായ, വൈവിധ്യങ്ങളുള്ള വ്യത്യസ്ത സമൂഹങ്ങളുടെ ഒരു സങ്കരചിത്രം (മൊസെയ്ക്ക്) പോലെയാണ് ഭാരതീയ സംസ്‌കാരം. ഭാഷാ വൈവിധ്യം തന്നെ ഒരു ജനതയുടെ സാമൂഹിക-സാംസ്‌കാരിക സ്വത്വത്തെ നിര്‍വചിക്കുന്നു; പൈതൃകവുമായി ബന്ധിപ്പിക്കുന്നു. ഒരു നാഗരികതയുടെ അടിസ്ഥാനശിലയും സ്തംഭവുമാണത്. 19,500 ഭാഷകളും ഉപഭാഷകളുമുള്ള ഒരു രാജ്യമാണ് നമ്മുടേത്. പ്രാദേശിക ഭാഷകളെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും, വളര്‍ത്താനും ലക്ഷ്യം വച്ചാണ് ഐക്യരാഷ്ട്രസഭ 2022-2032 വരെ ‘തദ്ദേശീയ ഭാഷകളുടെ അന്തര്‍ദേശീയ ദശവര്‍ഷം’ (കിലേൃിമശേീിമഹ ഉലരമറല കിറശഴലിീൗ െഘമിഴൗമഴല)െ പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹത്തിന്റെ ‘പൊതു അവബോധ’ത്തില്‍ (ഇീാാീി രീിരെശീൗിെല)ൈ രൂഢമൂലമായിരിക്കുന്ന ആചാരങ്ങളും പാരമ്പര്യങ്ങളും കഥകള്‍, ചൊല്ലുകള്‍, പഴഞ്ചൊല്ലുകള്‍, പ്രയോഗങ്ങള്‍, പെരുമാറ്റ രീതികള്‍, മൂല്യങ്ങളും നിയമങ്ങളും അനുഷ്ഠാന വിധികളും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. നിലവിലുള്ള വ്യക്തി നിയമങ്ങള്‍ (ജലൃീെിമഹ ഘമം)പലതും വിശുദ്ധ ഗ്രന്ഥങ്ങളിലധിഷ്ഠിതവും വ്യത്യസ്ത ആചാരാനുഷ്ഠാന രീതികളിലൂടെ രൂപം പ്രാപിച്ചു വിവിധ മതസമൂഹങ്ങള്‍ അനുവര്‍ത്തിച്ചു പോരുന്നവയുമാണ്. ഇവയ്ക്ക് ബദല്‍ സംവിധാനമായി ഏകീകൃത സിവില്‍ കോഡിനെ മനസ്സിലാക്കുക ദുഷ്‌ക്കരമാണ്.

ഭരണഘടനാ നിര്‍മാണ ചര്‍ച്ച നടന്നപ്പോള്‍ ഏകീകൃത സിവില്‍ കോഡ് നിര്‍ദേശം മുസ്ലിം സമുദായത്തിലെ അംഗങ്ങള്‍ എതിര്‍ത്തു. തങ്ങളുടെ സമുദായത്തിന്റെ വ്യക്തി നിയമങ്ങള്‍ നിലനിര്‍ത്തണമെന്ന് അവര്‍ ശഠിച്ചു. എന്നാല്‍ ഭരണഘടനാ ശില്‍പിയായ ഡോ. അംബേദ്കര്‍ 44-ാം ആര്‍ട്ടിക്കിള്‍ ഉണ്ടാകണമെന്ന് വാദിച്ചു. കാരണം, മറ്റു പല കാര്യങ്ങള്‍ക്കും ഏകീകൃത നിയമങ്ങളുണ്ടല്ലോ. ഉദാ: കുറ്റകൃത്യങ്ങള്‍, കരാറുകള്‍, സ്വത്ത്, വാണിജ്യം, കച്ചവടം. അതുപോലെ വിവാഹം, പിന്‍തുടര്‍ച്ചാവകാശം എന്നിവയ്ക്കും ഒരു ഏകീകൃത നിയമം അനിവാര്യമാണ്. മൂല്യസംരക്ഷണം.

സുപ്രീം കോടതി പല സന്ദര്‍ഭങ്ങളില്‍ വിവിധ സമുദായങ്ങളില്‍ നിന്നുള്ള കേസുകള്‍ പരിഗണിച്ചപ്പോഴാണ് ഒരു ഏകീകൃത സിവില്‍ കോഡിന്റെ ആവശ്യകത ചൂണ്ടിക്കാണിച്ചത്. ഉദാ: ഹിന്ദു റിലീജിയസ് എന്‍ഡോവ്‌മെന്റ്‌സ് (എആര്‍ 1954 എസ്‌സി.82). ഷാബാനോ കേസ് (എആര്‍ 1985 എസ്‌സി.145) മേരി റോയ് കേസ് (എആര്‍ 1986 (2) എസ്‌സിസി.204) സര്‍ള മുഗ്ദള്‍ കേസ് (എആര്‍ 1995 എസ്‌സി 1531); റവ. ഫാ. ജോണ്‍ വള്ളമറ്റം കേസ് (എആര്‍ 2003 (6) എസ്‌സിസി 611) ഭരണഘടന വിഭാവനം ചെയ്യുന്ന ഉന്നതമൂല്യങ്ങളുടെ ശോഷണം വ്യക്തി നിയമങ്ങളില്‍ പ്രകടമായിരുന്നു. ഭരണഘടനയുടെ ആമുഖത്തില്‍ നാം കാണുന്നു : ‘പരമാധികാര സ്ഥിതിസമത്വ, മതേതരജനാധിപത്യ റിപ്പബ്ലിക് : സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും അവര്‍ക്കെല്ലാമിടയില്‍ വ്യക്തികളുടെ അന്തസ്സും, രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പു വരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കുന്നു.’ പ്രത്യേകിച്ച്, മനുഷ്യമഹത്വം, സമത്വം എന്നീ തത്വങ്ങളിലധിഷ്ഠിതമായ നീതിപൂര്‍വമായ ഒരു സാമൂഹിക ക്രമത്തിന് വിരുദ്ധമായ സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് സുപ്രീം കോടതി ആഗ്രഹിച്ചത്. വിവാഹം, വിവാഹമോചനം, പിന്‍തുടര്‍ച്ചാവകാശം, പിതൃസ്വത്ത്, ദത്തെടുക്കല്‍, ജീവനാംശം തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തി നിയമങ്ങളില്‍ അടങ്ങിയിരിക്കുന്ന കാലഹരണപ്പെട്ടതും അപരിഷ്‌കൃതവും വിവേചനവും അസമത്വവും ഉളവാക്കുന്നതുമായ വകുപ്പുകളെ നീക്കം ചെയ്തു നിയമങ്ങളില്‍ സമഗ്രമായ ഒരു നവീകരണം വരുത്തേണ്ടത് ആവശ്യമായിരുന്നു.

കാനോന്‍ നിയമങ്ങളും മാനവിക മൂല്യങ്ങളും.

കത്തോലിക്കാ സഭയുടെ കാനോന്‍ നിയമങ്ങളില്‍ മേല്‍ പറഞ്ഞ മാനവിക മൂല്യങ്ങള്‍ പ്രതിഫലിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കും.സഭയും വിവാഹ നിയമവും വിവാഹ നിയമങ്ങളില്‍ സഭയുടെ കാഴ്ചപ്പാട് വ്യക്തമാണ്.

വിവാഹത്തിന്റെ സത്താപരമായ രണ്ട് സവിശേഷതകളാണ് ഏകത്വവും അവിഭാജ്യതയും. ദാമ്പത്യ ജീവിത കൂട്ടായ്മയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ദമ്പതികള്‍ക്ക് തുല്യമായ അവകാശങ്ങളും കടമകളുമാണുള്ളത്. (ഓറിയന്റല്‍ കോഡ് 777; ലാറ്റിന്‍ കോഡ്, 1135). അടിസ്ഥാനപരമായ സമത്വത്തെക്കുറിച്ചാണ് ഇവിടെ സൂചിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ കുട്ടികള്‍ സ്വാഭാവികമായി പിതാവിന്റെ സഭയിലെ അംഗങ്ങളായിത്തീരുന്നെങ്കിലും മാതാപിതാക്കള്‍ തമ്മിലുള്ള പരസ്പര ഉടമ്പടി പ്രകാരം മാതാവിന്റെ സഭയിലേയ്ക്കും ചേര്‍ക്കാവുന്നതാണ് (ഓറിയന്റല്‍ കോഡ്, 29; ലാറ്റിന്‍ കോഡ് 111).

കത്തോലിക്കാ സഭ വിവാഹം സ്രഷ്ടാവിനാല്‍ സ്ഥാപിതമായ ഒരു പാവനവും പരിശുദ്ധവുമായ ഉടമ്പടിയായും, ജ്ഞാനസ്‌നാനം സ്വീകരിച്ചവര്‍ തമ്മിലുള്ള സാധുവായ വിവാഹം അതിനാല്‍ തന്നെ ഒരു കൂദാശയായും പരിഗണിക്കുന്നതിനാല്‍, വിവാഹമോചനം അനുവദനീയമല്ല. തക്ക കാരണങ്ങളാല്‍ ക്രമപ്രകാരം അസാധുവായി പ്രഖ്യാപിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ചില പ്രത്യേക സാഹചര്യങ്ങളില്‍ വിവാഹ വിയോജനം (ടലുമൃമശേീി) മതിയായ കാരണങ്ങളുണ്ടെങ്കില്‍ ദമ്പതിമാരുടെ സഹവാസം വേര്‍പ്പെടുത്താം. അതായത്, ജീവിതപങ്കാളിയ്‌ക്കോ കുട്ടികള്‍ക്കോ കൂട്ടായ ജീവിതം അപകടകരമാക്കിത്തീര്‍ക്കുന്നുവെങ്കില്‍, ദാമ്പത്യബന്ധം നിലനില്‍ക്കേതന്നെ, സഹവാസം വേര്‍പ്പെടുത്താവുന്നതാണ്. പക്ഷേ, ആയതിനുള്ള കാരണങ്ങള്‍ ഇല്ലാതാകുമ്പോള്‍ ദാമ്പത്യ ജീവിത കൂട്ടായ്മ പുനഃസ്ഥാപിക്കപ്പെടേണ്ടതാണ് (ഓറിയന്റല്‍ കോഡ്, 863-866; ലാറ്റിന്‍ കോഡ് 1152-1155).

സഭാനിയമവും സിവില്‍ നിയമവും അനുസരിച്ച് വ്യഭിചാരം വിവാഹ മോചനത്തിനുള്ള ഒരു കാരണമായി കണക്കാക്കുമ്പോള്‍, കത്തോലിക്കാ സഭയുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. ദമ്പതികളിലൊരാള്‍ വ്യഭിചാരം ചെയ്താല്‍, ഇതര ദമ്പതി ഉപവിയാല്‍ പ്രേരിതമായും കുടുംബത്തിന്റെ സുസ്ഥിതിയെ മുന്‍ നിര്‍ത്തിയും ജീവിത കൂട്ടായ്മ വീണ്ടെടുക്കുകയാണ് വേണ്ടത്. നിരപരാധി, അപരാധിക്ക് മാപ്പു നല്‍കണം.

വ്യഭിചാരം സിവില്‍ നിയമമനുസരിച്ചു സ്ത്രീ വിരുദ്ധവും നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ആ വകുപ്പ് പരിഷ്‌കരിച്ച് 2001 ലെ വിവാഹമോചന ഭേദഗതിനിയമം (കഉഅ) പ്രാബല്യത്തില്‍ വന്നത്. അപ്രകാരം ഉഭയസമ്മതത്തിലൂടെ വിവാഹമോചനം അനുവദനീയമാക്കി. മുന്‍ നിയമമനുസരിച്ച്, ഭാര്യ വ്യഭിചാരം ചെയ്തു എന്ന കാരണത്താല്‍ ഭര്‍ത്താവിന് വളരെ സുഗമമായി വിവാഹമോചനം ലഭിക്കുമായിരുന്നു. എന്നാല്‍, അതേ കാരണത്താല്‍ ഭാര്യയ്ക്ക് വിവാഹമോചനം ലഭിക്കുക ദുഷ്‌കരമായിരുന്നു. പുരുഷന്‍ വ്യഭിചാരം ചെയ്തുവെങ്കില്‍ ഭാര്യ തെളിയിക്കേണ്ടത് അത് ഏറ്റവും അടുത്ത ബന്ധുക്കളുമായുള്ള വ്യഭിചാരം, ക്രൂരതയും വ്യഭിചാരവും, ഉപേക്ഷിക്കല്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് വേണമായിരുന്നു. മേല്‍പറഞ്ഞ വകുപ്പ് പരിഷ്‌കരിക്കുന്ന അവസരത്തില്‍, നിയമ പരിഷ്‌ക്കരണ കമ്മിഷന്‍ കത്തോലിക്കാ സഭയുടെ അഭിപ്രായം ആരാഞ്ഞു. വിവാഹമോചനം സഭ അംഗീകരിക്കാത്തതിനാല്‍ അസ്വീകാര്യമാണെങ്കിലും ദമ്പതികളുടെ തുല്യതയും സമത്വവും വീണ്ടെടുത്തതിനാല്‍, എതിര്‍പ്പില്ല എന്നുള്ള പ്രതികരണമാണ് നല്‍കിയത്.

വിവാഹത്തിന്റെ കൗദാശികത്വം, ഏകത്വം, അവിഭാജ്യത എന്നീ സത്താപരമായ മൂല്യങ്ങള്‍, വിശുദ്ധ ഗ്രന്ഥാധിഷ്ഠിതവും നിയമാനുസൃതമായ ആചാരങ്ങളിലൂടെ ഉരുത്തിരിഞ്ഞതും സഭാപിതാക്കന്മാരുടെ പ്രബോധനങ്ങളിലൂടെയും എക്യുമെനിക്കല്‍ സൂനഹദോസുകളുടെ പഠനങ്ങളിലൂടെയും രൂപപ്പെട്ട നിയമങ്ങളാണ്. പൗരസ്ത്യ സഭകളുടെ നിയമ പരിഷ്‌ക്കരണ കമ്മിഷന്‍ സ്ഥാപിതമായിട്ട് അമ്പതാണ്ടുകള്‍ പിന്നിടുകയാണ് (1972-2022). സഭയിലും കാലോചിതമായ നിയമ പരിഷ്‌ക്കാരങ്ങള്‍ ആധുനിക സാമൂഹിക സാഹചര്യങ്ങള്‍, ദൈവശാസ്ത്ര ചിന്താധാരകള്‍, അജപാലനപരമായ ആവശ്യങ്ങള്‍ എന്നിവയുടെ വെളിച്ചത്തില്‍ ഉണ്ടായിട്ടുണ്ട്.

2015 ഓഗസ്റ്റ് 15 ന് ഫ്രാന്‍സിസ് പാപ്പ പ്രസിദ്ധീകരിച്ച നിയമങ്ങള്‍ ലത്തീന്‍ സഭയിലും പൗരസ്ത്യ സഭകളിലും വിവാഹം അസാധുവാക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയുണ്ടായി. കാല വിളംബമെന്യെ നീതി സംലഭ്യമാക്കുകയും തകര്‍ന്ന ദാമ്പത്യബന്ധവും കുടുംബബന്ധവും കരുണാപൂര്‍വം പരിശോധിച്ച് ആശ്വാസം നല്‍കി ക്രിസ്തുവും സഭയുമായുള്ള ബന്ധത്തിന് സാദൃശ്യമാകാത്ത സാഹചര്യങ്ങളെ വിവേചിച്ചറിഞ്ഞ് ക്രമപ്രകാരം അജപാലന ശ്രദ്ധ നല്‍കുകയെന്ന യാഥാര്‍ഥ്യവും ഇവിടെയുണ്ട്. അതിന്റെ ഭാഗമായാണ് ‘ചുരുങ്ങിയ നടപടിക്രമത്തിലൂടെ’ വിവാഹം അസാധുവാക്കാനുള്ള കാരണങ്ങളില്‍, ദമ്പതികള്‍ ഇരുവരും യോജിച്ച് ഉഭയ സമ്മതപ്രകാരം രൂപതാധ്യക്ഷന് അപേക്ഷ സമര്‍പ്പിക്കാം എന്ന വ്യവസ്ഥ. ആയതിനുള്ള ഒരു സവിശേഷ സാഹചര്യം, മതിയായ തെളിവുകളോടെ, ദാമ്പത്യ വിശ്വസ്തതയെ ലംഘിച്ചുകൊണ്ട് വ്യഭിചാരത്തില്‍ കഴിയുന്ന ദമ്പതികളിലൊരാള്‍ രൂഢമൂലമായ ഒരു സ്വഭാവ വൈകല്യമായി ആയതില്‍ നിലനില്‍ക്കുന്നുവെന്ന് തെളിയിക്കുക. ചുരുക്കത്തില്‍, സഭാനിയമങ്ങളില്‍ കാലോചിതമായി നവീകരണം വരുത്തി സഭ ദമ്പതികളുടെ മഹത്വവും സമത്വവും അന്തസ്സും ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു.

ഏകീകൃത സിവില്‍ നിയമം ഉണ്ടാകുകയാണെങ്കില്‍തന്നെ ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യം – ഇഷ്ടപ്പെട്ട മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഹനിക്കാതെ തന്നെ മതേതര സ്വഭാവമുള്ള കാര്യങ്ങളില്‍ ഏകീകൃത നിയമം ഉണ്ടാകാവുന്നതാണ്. സഭാനിയമം സിവില്‍ നിയമത്തിനു വിട്ടുകൊടുത്തിട്ടുള്ള മേഖലകളില്‍ പോലും സിവില്‍ നിയമങ്ങള്‍ ദൈവിക നിയമങ്ങള്‍ക്ക് എതിരാകാന്‍ പാടില്ല (ഓറിയന്റല്‍ കോഡ്, 1504; ലാറ്റിന്‍ കോഡ്, 22). വസ്തുനിഷ്ഠമായി നോക്കുമ്പോള്‍, ഏകീകൃത സിവില്‍ കോഡിന്റെ ഉള്ളടക്കം നേരത്തെതന്നെ പഠനത്തിനും ചര്‍ച്ചയ്ക്കും വിഷയമാക്കേണ്ടതാണ്. മതപരമായ മൂല്യങ്ങള്‍ സംരക്ഷിച്ചു കാനന്‍ നിയമവും ഇതര സെക്കുലര്‍ കാര്യങ്ങളുടെ ക്രമാനുഗതമായ നടത്തിപ്പിന് ഏകീകൃത സിവില്‍ കോഡും സ്വീകാര്യമാകുമെന്നതില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല.

റവ .ഡോ .വർഗീസ് പാലത്തിങ്കൽ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group