ഈ പ്രതിസന്ധിയെ എങ്ങനെ മറികടക്കും…?

കേരള സഭക്ക് കളങ്കം ചാർത്തിയ ദിനമായിരുന്നു ഈ കഴിഞ്ഞ ഡിസംബർ ഇരുപത്തിനാലാം തിയതി. ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരായ പുരോഹിതരും കുറെയേറെ വിശ്വാസികളും ക്രിസ്തുവിന്റെ ബലിപീഠത്തെ, പരമപൂജ്യമായ കുർബാന അർപ്പണത്തിന്റെ ബലിപീഠത്തെ, തികച്ചും അവമതിച്ചുകൊണ്ടു ചെയ്ത പ്രവർത്തികൾ ഏതൊരു സത്യവിശ്വാസിയുടെയും ഹൃദയം തകർക്കുന്നതായിരുന്നു. മാത്സര്യ മനോഭാവത്തോടെ ഇരു വിഭാഗങ്ങളിലെ പുരോഹിതർ കുർബാന അർപ്പണം നടത്തുമ്പോൾ, ആ കുർബാന അർപ്പണത്തിൽ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുണ്ടോ എന്ന് ആത്മശോധന ചെയ്യുന്നത് ചില തിരിച്ചറിവുകളിലേക്കു നമ്മെ നയിക്കും.

ചില വൈദികരുമായും വിശ്വാസികളുടെ നേതാക്കന്മാരുമായും ഈ പ്രതിസന്ധിയുടെ പരിഹാരത്തെക്കുറിച്ചു ചോദിച്ചപ്പോൾ ആർക്കും ഉത്തരമില്ലാത്ത അവസ്ഥയാണ്.

സഭയുടെ അകത്തളങ്ങളിൽ ദേവാലയങ്ങളിൽ എന്ത് ചെയ്യണം ചെയ്യണ്ട എന്ന് അവിശ്വാസികളായ വ്യക്തികളും പോലീസും കോടതിയും തീരുമാനിക്കുന്ന ജീർണതയുടെ അവസ്ഥയിലേക്ക് പോകുന്നത് വേദനയോടെ അല്ലാതെ കാണാൻ കഴിയില്ല.

സഭ നേതൃത്വം ഇടപെട്ടാൽ തീരും… വത്തിക്കാൻ ഇടപെട്ടാൽ തീരും… കോടതി ഇടപെട്ടു തീർക്കണം… ഡയലോഗ് വഴി പരിഹരിക്കണം… ഈ വിധത്തിലുള്ള പരിഹാര നടപടികൾ പലരും പറയുമ്പോൾ, മനസ്സിലാക്കേണ്ട ഒരു സത്യം, ഇതെല്ലം കഴിഞ്ഞ കുറെ നാളുകളായി പല അവസരങ്ങളിലും നടന്നിട്ടും പ്രയോജനം ചെയ്യാത്ത കാര്യങ്ങളാണ്.

ഇന്നത്തെ ഈ പ്രതിസന്ധിക്കു ഒരു പരിഹാരമേ ഉള്ളു. സഭ എന്നൊക്കെ പീഡനത്തിന്റെ വഴിയിലൂടെ കടന്നു പോയോ അന്നൊക്കെ സഭ നേതൃത്വം വിശ്വാസികളെ പ്രചോദിപ്പിച് ചേർത്ത് നിർത്തി പ്രാർത്ഥിച്ചും ഉപവാസം എടുത്തും അവയെ തരണം ചെയ്തു. ഇന്ന് സഭ നേതൃത്വം ധാർമിക ശക്തി നഷ്ട്ടപ്പെട്ട അവസ്ഥയിൽ നിൽക്കുമ്പോൾ അതിനെ കൂടുതൽ ദുർബലമാക്കുന്ന ദുഷ്ടശക്തികളെ എതിർത്ത് തോൽപിക്കാൻ സഭ തനയർ ഉണരണം.

ആയുധമെടുത്തോ സമരം നടത്തിയോ ബലം പ്രയോഗിച്ചോ അല്ല പ്രത്യുത എന്നും ക്രിസ്ത്യാനിയുടെ ശക്തിയുടെ സ്രോതസ്സായ ഉപവാസത്തിലൂടെയും ത്യാഗമെടുത്തുള്ള പ്രാര്ഥനയിലൂടെയും ആകണം അത് ചെയ്യേണ്ടത്.

2 ദിനവൃത്താന്തം 6 : 13 , അവിടെ നാം ഇപ്രകാരം കാണുന്നു, സോളമൻ രാജാവ് ദേവാലയ പ്രതിഷ്ഠയുടെ സമയത്തു ഇസ്രായേൽ സമൂഹത്തിന്റെ സാന്നിധ്യത്തിൽ കർത്താവിന്റെ ബലിപീഠത്തിന്റെ മുമ്പിൽ മുട്ടുകുത്തി സ്വർഗത്തിലേക്ക് കൈകൾ ഉയർത്തി പ്രാത്ഥിച്ചു.

ഈ ലോകത്തിൽ ഇന്നേ വരെ ജീവിച്ചിട്ടുള്ളവരിലും വച്ച് ഏറ്റവും ജ്ഞാനിയായ സോളമൻ രാജാവിന് ഇത് ലഭ്യമായത് അവന്റെ മുട്ടിമേൽ നിന്ന് കരം വിരിച്ചുള്ള പ്രാർത്ഥനയുടെ ഫലമായാണ്.

ഇന്നത്തെ സഭയുടെ നേതൃത്വം ചെയ്യേണ്ടതും പ്രവർത്തികമാക്കേണ്ടതും ഈ പ്രാർത്ഥനയുടെ ശൈലിയാണ്. എങ്കിൽ ഇന്നുള്ള എല്ലാ പ്രശ്നങ്ങൾക്കും ദൈവേഷ്ടപ്രകാരമുള്ള പരിഹാരങ്ങൾ ഉണ്ടാവും. സഭക്ക് വേണ്ടി മുട്ടിന്മേൽ നിന്ന് പ്രാർത്ഥിക്കാൻ ദൈവ ജനം ഒന്നാകെ തീരുമാനിച്ചാൽ വളരെ പെട്ടന്ന് പരിഹാരമുണ്ടാകും.

ഇവിടെ സഭയെ നന്നാക്കാൻ ഒരു സംഘടനയുടെയും ആവശ്യമില്ല. സഭക്ക് ഇന്ന് ആവശ്യം ആക്രോശത്തോടെ കാരമുയർത്തി ജയ് വിളിക്കുന്നവരെ അല്ല; കാരമുയർത്തി പ്രാർത്ഥിക്കുന്ന വിശ്വാസികളെയാണ്. പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും അല്ലാതെ ഈ വർഗം പുറത്തു പോവില്ല എന്ന് യേശു പറഞ്ഞത് അക്ഷരം പ്രതി ഇന്നത്തെ സാഹചര്യത്തിൽ സത്യമായ കാര്യമാണ്. സഭയെ അവമതിക്കുന്ന ചാനെൽ ചർച്ചകളോ സമര മുറകളോ ഒന്നും ആർക്കും പ്രയോജനം ചെയ്യില്ല.

ഈ പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും പിന്നിൽ ഒരു അദൃശ്യസാന്നിധ്യമായി പ്രവർത്തിക്കുന്ന തിന്മയെ നിർവീര്യമാക്കാൻ കേരള സഭയിലെ വിശ്വാസികൾ ഒന്നടങ്കം പ്രാർത്ഥിച്ചാൽ നിഷ്പ്രയാസം സാധിക്കും.

മാതാവിന്റെ കരങ്ങൾ പിടിച്ചു ദൈവജനം പ്രാർത്ഥിച്ചപ്പോൾ റഷ്യ എന്ന മഹാരാജ്യം മാനസാന്തരത്തിലേക്കു കടന്നു വന്നെങ്കിൽ, ഇന്നത്തെ ഈ പ്രതിസന്ധിയെ മറികടക്കാൻ കേരള സഭക്കും സാധിക്കും, മുട്ടിന്മേൽ നിന്ന് കരം വിരിച്ചു പിടിച്ചു പ്രാർത്ഥിക്കുന്ന വിശ്വാസികളിലൂടെ.

വചനത്തിന്റെ പെരുമഴ പെയ്തിറങ്ങിയ കേരള മണ്ണിൽ പ്രാർത്ഥനയുടെ ചൂര് ഉണ്ട്. സഭക്ക് വേണ്ടി പ്രാർത്ഥനയുടെ ആ ചൂടും ചൂരും നമുക്ക് ഉപയോഗിക്കാം. നൂറിലധികം ധ്യാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന കേരള മണ്ണിൽ നിന്നും ഉയരട്ടെ പ്രാർത്ഥനയുടെ മണിമുഴക്കങ്ങൾ.

എന്റെ പ്രിയപ്പെട്ട കേരള സഭയിലെ വിശ്വാസികളെ, ക്രിസ്തുവിന്റെ മൗതിക ശരീരമായ സഭയെ നിങ്ങൾ യഥാർത്ഥത്തിൽ സ്നേഹിക്കുന്നെങ്കിൽ പോർ വിളിക്കാൻ വഴിയിൽ ഇറങ്ങാതെ, കുറ്റം പറഞ്ഞു പരസ്പരം പഴി ചാരാതെ, എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് സ്വയം വിലപിച്ചു മാറി നിൽക്കാതെ, ഇതൊന്നും എന്നെ ബാധിക്കാത്ത കാര്യങ്ങളാണ് എന്ന് സ്വയം ന്യായീകരിച്ചു ഒഴിഞ്ഞു നിൽക്കാതെ, നമുക്കൊരു തീരുമാനം എടുക്കാം –
ഇന്ന് മുതൽ എന്റെ ഭവനത്തിൽ എന്റെ പ്രാർത്ഥന മുറിയിൽ എന്റെ കിടപ്പറയിൽ എന്റെ ഇടവകയിൽ ഞാൻ എന്റെ സഭക്ക് വേണ്ടി ത്യാഗമെടുത്തു പ്രാർത്ഥിക്കും.

എന്റെ വയ്യാത്ത മുട്ടിൽ നിന്ന് എന്റെ ബലഹീന കരമുയർത്തി എന്റെ കർത്താവിന്റെ സഭക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന് തീരുമാനിക്കാം. ഇങ്ങനെ പ്രാർത്ഥിച്ചാൽ സഭക്കെതിരെ പ്രബലമായിരിക്കുന്ന തിന്മയുടെ കോട്ടകൾ തീർച്ചയായും തകരും.
ചൊല്ലാം നമുക്ക് ജപമാലകളും കുരിശിന്റെ വഴികളും കരുണകൊന്തകളും…

തെളിക്കാം വെളിവിന്റെ പൊൻവെളിച്ചം സഭ തലങ്ങളിൽ…!

കടപ്പാട് :സക്കറിയാസ് അഗസ്റ്റിൻ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group