ഫാത്തിമ മാതാവിന്റെ തിരുനാൾ ദിനത്തിൽ അറിയേണ്ട പ്രധാന വിശ്വാസ സത്യങ്ങൾ.

ആഗോള കത്തോലിക്ക സഭ മെയ് പതിമൂന്നിനു ഫാത്തിമാ മാതാവിൻ്റെ തിരുനാൾ ആഘോഷിക്കുന്നു. പോർച്ചുഗലിലെ ഫാത്തിമയിൽ പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ ഫ്രാൻസിസ്കോ, ജസീന്താ എന്നിവർക്കു ആറു തവണയാണ് 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ പ്രത്യക്ഷപ്പെട്ടത്. പരിശുദ്ധ കന്യകാമറിയത്തിന്റെ ഫാത്തിമയിലെ ആറു ദർശനങ്ങളിലും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ മറിയം കുട്ടികളോടും അതുവഴി ലോകം മുഴുവനോടും ആവശ്യപ്പെടുന്നു. ആധുനിക കാലഘട്ടത്തിലെ പ്രധാനപ്പെട്ട മരിയൻ പ്രത്യക്ഷപ്പെടലിനെപ്പറ്റിയുള്ള ചില വസ്തുതകൾ പരിചയപ്പെടുത്തുകയാണ് ഇവിടെ.

1. ആറു പ്രത്യക്ഷപ്പെടലുകൾ

പരിശുദ്ധ കന്യകാമറിയം ആറു തവണയാണ് ലൂസിയാ ഡേ ലോസ് സാന്റോസ്, സഹോദരങ്ങളായ ഫ്രാൻസിസ്കോ ഡേ ലോസ് സാന്റോസ്, ജസീന്താ ഡേ ലോസ് സാന്റോസ് എന്നിവർക്കു പരിശുദ്ധ കന്യകാമറിയം ഫാത്തിമയിൽ പ്രത്യക്ഷപ്പെട്ടത്.

2. പതിമൂന്നാം തീയതി

പരിശുദ്ധ കന്യകാമറിയം എല്ലാ മാസവും പതിമൂന്നാം തീയതിയാണ് കുട്ടികൾക്ക് പ്രത്യക്ഷപ്പെട്ടിരുന്നത്. പലരും പതിമൂന്ന് ഒരു അശുഭ സംഖ്യയായി കണക്കാക്കുന്നു. പതിമൂന്നു പലപ്പോഴും അനർത്ഥം കൊണ്ടുവരു എന്ന മിഥ്യാധാരണ ചില മനുഷ്യ മനസ്സുകളിലുണ്ട് . ആ ധാരണ മാനവ ചരിത്രത്തിൽ നിന്നു മാറ്റിയെടുക്കാൻ പരിശുദ്ധ മറിയം ആഗ്രഹിച്ചിരുന്നു. ദൈവീക പദ്ധതികൾ പൂർത്തീകരിക്കാൻ തീയതിയോ ദിവസമോ പ്രശ്നമല്ലന്ന സത്യം മറിയത്തിനു നമ്മളെ പഠിപ്പിക്കണമായിരുന്നു.

3. കാവൽ മാലാഖ

1917 ൽ പരിശുദ്ധ മറിയം കുട്ടികൾക്കു പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് പോർച്ചുഗലിന്റെ കാവൽ മാലഖ കുട്ടികൾക്കു മുന്നു തവണ പ്രത്യക്ഷപ്പെട്ടു പരിശുദ്ധ മറിയത്തിന്റെ പ്രത്യക്ഷീകരണത്തിനായി കുട്ടികളെ ഒരുക്കി. അതിനാൽ മാലാഖമാർ എന്ന യാഥാർത്ഥ്യം ഫാത്തിമാ സന്ദേശങ്ങളിൽ ഒരു മുഖ്യ പങ്കു വഹിക്കുന്നു.

4. വിശുദ്ധ കുർബാനയും ദിവ്യകാരുണ്യവും

മൂന്നാമത്തെതും അവസാനത്തേതുമായ ദർശനത്തിൽ മാലാഖ തീരുവോസ്തിയും കാസയുമായി, മൂന്നു കുട്ടികൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടു, അവയെ സ്വീകരിക്കാൻ മാലാഖ അവരെ ക്ഷണിച്ചു. ലൂസി തീരുവോസ്തിയും ജസീന്തായും ഫ്രാൻസിസ്കോയും കാസയും സ്വീകരിച്ചു. ക്രിസ്തുവിന്റെ സഹനങ്ങളിൽ ചെറുപ്രായത്തിൽ തന്നെ പങ്കു ചേരാൻ ജസീന്തായെയും ഫ്രാൻസിസ്കോയെയും ദൈവം പ്രത്യേകമാ വിധം തെരഞ്ഞെടുത്തിരിക്കുന്നു എന്നു സൂചിപ്പിക്കാനാണ് സഹനത്തിന്റെ കാസയിൽ നിന്നു പാനം ചെയ്യാൻ മാലാഖ അവർക്കു അവസരം നൽകിയത്. വിശുദ്ധ കുർബാനയോടും അനുദിന ദിവ്യകാരുണ്യ സ്വീകരണത്തോടുമുള്ള ഭക്തി മനുഷ്യകുലത്തിൽ ആഴപ്പെടാൻ മറിയം ആഗ്രഹിക്കുന്നു.

5. യുദ്ധങ്ങളും, സഹനങ്ങളും പരിശുദ്ധ മറിയവും

ഒന്നാം ലോക മഹായുദ്ധം കൊടുമ്പിടി കൊണ്ടിരിക്കുന്ന സമയത്താണ് മറിയത്തിന്റെ ഈ പ്രത്യക്ഷപ്പെടലുകൾ നടന്നത്. പാപത്തിന്റെ ഫരണിത ഫലങ്ങളാണ് യുദ്ധങ്ങളെന്നു പരിശുദ്ധ മറിയം വ്യക്തമായി മനുഷ്യ മക്കളെ ഓർമ്മപ്പെടുത്തി. മനുഷ്യൻ പാപവസ്ഥ തുടർന്നാൽ ഇതിലും ഭയാനകമായ യുദ്ധങ്ങൾ ഉണ്ടാകുമെന്നും മറിയം മുന്നറിയിപ്പു നൽകി. ലോകസമാധാനത്തിനുള്ള ഏക വഴി പാപരഹിത ജീവിതമാണന്നു ഫാത്തിമാ സന്ദേശം നമ്മളെ പഠിപ്പിക്കുന്നു.

6. നരകമെന്ന യാഥാർത്ഥ്യം

1917 ജൂലൈ പതിമൂന്നാം തീയതി ഉണ്ടായ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടലിൽ മൂന്നു കുട്ടികൾക്കും നരകത്തിന്റെ ഭീകരത മറിയം കാണിച്ചു കൊടുത്തു. പരിശുദ്ധ അമ്മ അവരോടൊപ്പം ഇല്ലായിരുന്നെങ്കിൽ ഈ ഭീകര കാഴ്ച കണ്ടു അവർ മരണത്തിനു കീഴടങ്ങേണ്ടി വരുമായിരുന്നുവെന്നു കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. നരകം ചിരിച്ചു തള്ളേണ്ട തമാശയല്ലന്നാണ് ഫാത്തിമാ മാതാവ് നമ്മളെ ഉദ്ബോധിപ്പിക്കുന്നത്.

7. സ്വർഗ്ഗമെന്ന സൗഭാഗ്യം

ജൂൺ മാസത്തിൽ മാതാവു പ്രത്യക്ഷപ്പെട്ടപ്പോൾ ജസീന്തയും ഫ്രാൻസിസ്കോയും ഞാനും സ്വർഗ്ഗത്തിൽ പോകുമോ എന്നു ലൂസി ചോദിച്ചു. പോകും എന്നായിരുന്നു മറിയത്തിന്റെ ഉത്തരം. ഫ്രാൻസിസ്കോ സ്വർഗ്ഗത്തിൽ പോകാൻ ഒരുങ്ങാൻ ധാരാളം ജപമാല ജപിക്കണമെന്നു മറിയം ആവശ്യപ്പെട്ടു. ജപമാല പ്രാർത്ഥന സ്വർഗ്ഗത്തിലേക്കുള്ള ഏണിപ്പടികളാണ്.

8. ജസീന്തയുടെ ത്യാഗങ്ങൾ

നരക ദർശനത്തിനു ശേഷം ആത്മാക്കളുടെ രക്ഷയ്ക്കായി ധാരാളം പരിത്യാഗം ചെയ്യാൻ ജസീന്താ തീരുമാനിച്ചു. അതിനായി അവൾക്കു ഇഷ്ടമായിരുന്ന മുന്തിരിപ്പഴവും ഡാൻസും ജസീന്താ ഉപേക്ഷിച്ചു. അരയ്ക്കു ചുറ്റു പരുപരുത്ത ഒരു കയർ അവൾ ധരിച്ചിരുന്നു. സ്വന്തം വിശപ്പു അവഗണിച്ച് പലപ്പോഴും സ്വന്തം ഭക്ഷണ പൊതികൾ പാപപ്പെട്ട കുട്ടികൾക്കു നൽകുക അവൾ പതിവാക്കി. ആത്മാക്കളുടെ രക്ഷയ്ക്കായി ധാരാളം ജപമാല പ്രാർത്ഥനകൾ അനുദിനം അവൾ ജപിച്ചിരുന്നു.

9. ലൂസിയായുടെ സഹനങ്ങൾ

കുട്ടികളിൽ മുതിർന്നവളായ ലൂസിയായുടെ അമ്മയായ മരിയ റോസ നിരവധി വർഷൾ ലൂസിയായെ വിശ്വസിച്ചില്ല. നിഷ്കളങ്കയായ അവളെ മറ്റുള്ളവരുടെ മുമ്പിൽ വച്ചു നുണ പറയുന്നവളും പിശാചു ബാധിതയുമായി അമ്മ അവളെ ചിത്രീകരിച്ചിരുന്നു. ഇതു ലൂസിയെ പലപ്പോഴും വേദനിപ്പിച്ചിരുന്നു.

10. ഫ്രാൻസിസ്കോയുടെയും ജസീന്തയുടെയും ചെറുപ്പത്തിലേ മരണം

ഫ്രാൻസിസ്കോയും ജസീന്തയും ചെറുപ്പത്തിലേ മരിക്കുമെന്നും അതിനു മുമ്പു അവർക്കു ധാരാളം സഹനങ്ങൾ ഉണ്ടാകുമെന്നും മറിയം അറിയിച്ചു. ഒരിക്കൽ മറിയം ജസീന്തയോടു ചോദിച്ചു ആത്മാക്കളുടെ രക്ഷയ്ക്കായി കുറച്ചു കാലം കൂടി സഹിക്കാമോ എന്നു ചോദിച്ചപ്പോൾ അപ്രകാരം തന്നെയാകട്ടെ എന്നായിരുന്നു ആ പെൺകുട്ടിയുടെ മറുപടി.

11. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് രണ്ടായിരമാണ്ടിലെ ജൂബിലി വർഷത്തിലാണ് ജസീന്തായെയും ഫ്രാൻസിസ്കോയും ജോൺ പോൾ രണ്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയർത്തിയത്. അതിനായി അദ്ദേഹം തിരഞ്ഞെടുത്ത ദിനം പരിശുദ്ധ അമ്മ കുട്ടികൾക്കു ആദ്യം പ്രത്യക്ഷപ്പെട്ട ദിനമായ മെയ് മാസം പതിമൂന്നാം തീയതിയായിരുന്നു.

12. പരിശുദ്ധ ജപമാല

പരിശുദ്ധ കന്യകാമറിയത്തിന്റെ ഫാത്തിമയിലെ ആറു ദർശനങ്ങളിലും ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ മറിയം കുട്ടികളോടും അതുവഴി ലോകം മുഴുവനോടും ആവശ്യപ്പെടുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ ജപമാല (ഒക്ടോബർ 2002) എന്ന അപ്പസ്തോലിക പ്രബോധനത്തിൽ ലോക സമാധാനത്തിനും കുടുംബങ്ങളുടെ രക്ഷയ്ക്കുമായി ജപമാല ചൊല്ലി പ്രാർത്ഥിക്കുവാൻ വി. ജോൺ പോൾ രണ്ടാമൻ പാപ്പാ നമ്മളെ ഉദ്ബോധിപ്പിക്കുന്നു. അനുദിന ജപമാല പ്രാർത്ഥന നമ്മുടെ ആത്മീയ പതിവാകട്ടെ.

13. മഹത്തായ അത്ഭുതം

കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമായിരുന്നു 1917 ഒക്ടോബർ 13 നു നടന്ന സൂര്യാത്ഭുതം. അന്നു പ്രഭാതം മുഴുവൻ ശക്തമായ മഴയായിരുന്നു, ആളുകളുടെ ശരീരം മുഴുവൻ നനഞ്ഞിരുന്നു. ഉച്ചകഴിഞ്ഞ ഉടനെ പൊടുന്നനെ സൂര്യൻ അഗ്നിഗോളമായി ആകാശത്തു പ്രത്യക്ഷപ്പെട്ടു, ജനങ്ങൾ മുട്ടുകുത്തി പാപങ്ങൾക്കു പൊറുതിയാചിച്ചു. അന്ധരായ പലർക്കു കാഴ്ച തിരിച്ചു കിട്ടി തളർവാത രോഗികൾ ഏറ്റു നടന്നു. ആളുകളുടെ വസ്ത്രങ്ങളെല്ലാം ഞൊടിയിടയിൽ ഉണങ്ങി ,എകദേശം എഴുപതിനായിരം ജനങ്ങളാണ് ഈ അത്ഭുഭുത പ്രതിഭാസത്തിനു സാക്ഷ്യം വഹിച്ചത്. വിശുദ്ധ ദ്ധ യൗസേപ്പു പിതാവിന്റെ കരങ്ങളിൽ ഇരുന്നു ഉണ്ണീശോ ലോകത്തെ അനുഗ്രഹിക്കുന്നതായും, വ്യാകുലമാതാവിനെയും കർമ്മലമാതാവിനെയും ലൂസി ദർശനത്തിൽ കണ്ടു.

14. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയും ഫാത്തിമ മാതാവും

1981 മെയ് പതിമൂന്നിനാണ് ജോൺ പോൾ രണ്ടാമൻ പാപ്പയ്ക്കു വെടിയേറ്റത്. ഫാത്തിമാ മാതാവാണു മരണത്തിന്റെ താഴ് വരയിൽ നിന്നു തന്റെ ജീവനെ രക്ഷിച്ചതെന്നു പാപ്പാ വിശ്വസിച്ചിരുന്നു. അതിന്റെ നന്ദി സൂചകമായി പിറ്റേ വർഷം 1982 മെയ് മാസം 13 ന് ജോൺ പോൾ രണ്ടാമൻ പാപ്പാ നന്ദി സൂചകമായി ഫാത്തിമായിലേക്കു ഒരു തീർത്ഥാടനം നടത്തുകയും തന്റെ ശരീരത്തിൽ നിന്നെടുത്ത വെടിയുണ്ടാ ഫാത്തിമാ മാതാവിന്റെ കീരീടത്തിൽ ചാർത്തുകയും ചെയ്തു. നമ്മുടെ അഭയ സ്ഥലമാണ് പരിശുദ്ധ മറിയം നാരകീയ ശത്രുക്കളിൽ നിന്നു നമ്മെ രക്ഷിക്കുന്ന ശക്തയായ കോട്ടയാണ് പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയം.

15. മറിയത്തിന്റെ വിമല ഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ

പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന പാപങ്ങൾ അഞ്ചെണ്ണമാണ്.

a) മാതാവിന്റെ അമലോത്ഭവ ജനത്തിനെതിരായുള്ള പാപങ്ങൾ , അതായത് ജന്മപാപത്തിന്റെ മാലാന്യം ഏക്കാതെ ജനിച്ചവളാണന്നു വിശ്വസിക്കാത്തവർ.

b) മറിയത്തിന്റെ നിത്യകന്യാകാത്വത്തിനെതിരായ പാപങ്ങൾ – വിശുദ്ധിക്കെതിരായ പാപങ്ങൾ ,അതുപോലെ യേശുവിന്റെ ജനനത്തിനു മുമ്പും ശേഷവും മറിയം കന്യകയായിരുന്നു എന്നു വിശ്വസിക്കാത്തവർ.

c) മറിയത്തിന്റെ ദൈവമാതൃത്വത്തിനെതിരായ പാപങ്ങൾ – പരിശുദ്ധ മറിയത്തെ ദൈവമാതാവായി അംഗീകരിക്കാത്തതും, അമ്മയുടെ പ്രത്യേക പദവികൾ അംഗീകരിക്കാത്തതും.

d) കൊച്ചു കുട്ടികളെ നശിപ്പിക്കുന്നത്. “ശിശുക്കൾ എന്റെ അടുക്കൽ വരട്ടെ എന്തെന്നാൽ ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ് ” എന്നു യേശു പഠിപ്പിക്കുന്നു. കൊച്ചു കുട്ടികളെ നശിപ്പിക്കുകയും അവർക്കു ദുർമാതൃക നൽകുകയും അവരുടെ നിഷ്കളങ്കത നശിപ്പിക്കുകയും ചെയ്യുന്നതു പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നു.

e) പരിശുദ്ധ അമ്മയുടെ ചിത്രങ്ങളെയും രൂപങ്ങളെയും നിന്ദിക്കുന്നത്.

16. പരിശുദ്ധ മറിയത്തിന്റെ വിമല ഹൃദയത്തിന്റെ ശക്തി

പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ചു ജീവിച്ച കുട്ടികളായ ജസീന്തയെയും ഫ്രാൻസിസ്കോയേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ പാപ്പ അവര “ചെറിയ ബലി വസ്തു”; , “ ഒരു ചെറിയ മിസ്റ്റിക് ” എന്നാണ് അവര യഥാക്രമം വിശേഷിപ്പിച്ചത്. എന്നാൽ ഫാത്തിമാ ദർശനങ്ങളിലെ മൂന്നാമത്തെ വ്യക്തിയായ ലൂസിയെ ഈ ഭൂമിയിൽ ദീർഘനാൾ ജീവിക്കാൻ ദൈവം തിരുമനസ്സായി പോർച്ചുഗലിലെ കോയിബ്രായിലുള്ള ഒരു കർമ്മലീത്താ മിണ്ടാമഠത്തിൽ തൊണ്ണൂറു വയസ്സുവരെ ജീവിച്ചു. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തോടുള്ള സ്നേഹവും ഭക്തിയും സമർപ്പണവും പ്രചരിപ്പിക്കുക ആയിരുന്നു സി. ലൂസിയുടെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ. ജസീന്തക്കു നൽകിയ ഒരു സന്ദേശത്തിൽ പരിശുദ്ധ അമ്മ തന്റെ ആഗ്രഹം വെളിപ്പെടുത്തിയിട്ടുണ്ട്: “ എന്റെ വിമലഹൃദയത്തിലൂടെ ദൈവം കൃപകൾ വർഷിക്കുമെന്നു എല്ലാവരോടും പറയുക. എന്നോടു കൃപകൾ ചോദിക്കാൻ അവരോടു പറയുക, യേശുവിന്റെ തിരുഹൃദയം മറിയത്തിന്റെ വിമലഹൃദയം അംഗീകരിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കുന്നു. എന്റെ വിമല ഹൃദയത്തിൽ നിന്നു സമാധാനം തേടുക, ദൈവം എന്റെ വിമല ഹൃദയത്തിലൂടെ ലോകത്തിൽ സമാധാനം വർഷിക്കാൻ ആഗ്രഹിക്കുന്നു”.

മറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസം ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്കാ വിശ്വാസത്തിൽ അധിഷ്ഠിതമാണ് (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 487) എന്ന സത്യം നമുക്കു മറക്കാതിരിക്കാം..

കടപ്പാട് :ഫാ. ജയ്സൺ കുന്നേൽ എം‌സി‌ബി‌എസ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group