ഭാരത കത്തോലിക്ക സഭയ്ക്ക് ഇത് അഭിമാന നിമിഷം.. ബിഷപ്പുമാരാകുന്നത് ഒരു കുടുംബത്തിലെ സഹോദരങ്ങൾ..

ഭാരത സഭയ്ക്ക് ഇത് വീണ്ടും അഭിമാനത്തിന്റെ നിമിഷം. ഒരു കുടുംബത്തിൽ നിന്ന് രണ്ടു പേരാണ് ബിഷപ്പുമാരായി അഭിഷിക്തരായത്.

ഗുജറാത്തിലെ ബറോഡയില്‍ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ 63-കാരനായ ഫാ. സെബാസ്റ്റ്യോ മസ്‌കരനാസിനെ നിയോഗിച്ചതിലൂടെയാണ് ഭാരത സഭയ്ക്ക് ഈ അഭിമാന നിമിഷം കൈവന്നത്.എട്ട് വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ ഇളയ സഹോദരനായിരുന്ന 62-കാരന്‍ ഫാ. തിയോഡാര്‍ മസ്‌കരനാസിനെ റാഞ്ചി ഓക്‌സിലറി ബിഷപ്പായി മാര്‍പാപ്പ നിയോഗിച്ചിരുന്നു.

ഭാരത കത്തോലിക്ക സഭയില്‍ സഹോദരന്മാര്‍ രണ്ടു പേര്‍ ബിഷപ്പാകുന്ന രണ്ടാമത്തെ സംഭവമാണിത്. വെസ്റ്റ് ബംഗാളിലെ ബിഷപ് അല്‍ഫോണ്‍സസ് ഡിസൂസയും ഉത്തര്‍പ്രദേശിലെ ആഗ്ര ആര്‍ച്ച് ബിഷപ് അല്‍ബര്‍ട്ട് ഡിസൂസയുമായിരുന്നു ഇതിനുമുമ്പ് ബിഷപ്പുമാരായി അവരോധിക്കപ്പെട്ട അപൂര്‍വ്വ സഹോദരന്മാര്‍.

മാര്‍പാപ്പ പുതിയ മെത്രാനെ പ്രഖ്യാപിച്ചതോടെ ബറോഡ രൂപതയിലെ തന്റെ ഉത്തരവാദിത്വങ്ങള്‍ ധൈര്യപൂര്‍വം ഏറ്റെടുത്തു നിര്‍വഹിക്കുമെന്ന് നിയുക്ത മെത്രാന്‍ സെബാസ്റ്റ്യോ പറഞ്ഞു. കുടുംബത്തില്‍ നിന്നാണ് ഉള്ളില്‍ ദൈവസ്‌നേഹത്തിന്റെ അഗ്നി പടര്‍ന്നതെന്നും ഗോവയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് തന്റെ വീടെന്നും അദ്ദേഹം പറഞ്ഞു. തീക്ഷ്ണതയുള്ള വിശ്വാസികളാണ് കുടുംബാംഗങ്ങള്‍. എല്ലാവരും ഒന്നിച്ച് പരിശുദ്ധ കന്യാമാതാവിന്റെ ജപമാല ചൊല്ലുകയും പരിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിരുന്നതായി അദ്ദേഹം അനുസ്മരിച്ചു.

മൂത്ത സഹോദരനെ ബിഷപ്പായി ഉയര്‍ത്തിയതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം നല്ല ഭരണപാടവവും ഇന്ത്യന്‍ സഭയെകുറിച്ച് നല്ല ദര്‍ശനവുമുളള വ്യക്തിയുമാണെന്നും സഹോദരനായ ബിഷപ് തിയോഡാര്‍ മസ്‌കരനാസ് പറഞ്ഞു. കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ മുന്‍ സെക്രട്ടറി ജനറലായിരുന്നു ബിഷപ് തിയോഡര്‍ മസ്‌കരനാസ്. പത്തുവര്‍ഷത്തോളം റോമിലായിരുന്ന അദ്ദേഹം പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറില്‍ സേവനം ചെയ്തിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group