പാവപ്പെട്ടവരുടെ ഉന്നമനത്തിനായി നിസ്വാര്‍ഥ സേവനം അനുഷ്ഠിച്ച രക്തസാക്ഷി വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ ഓർമ്മ പുതുക്കി ഭാരത ക്രൈസ്തവ സമൂഹം.
മധ്യപ്രദേശിലെ ഇന്‍ഡോര്‍ രൂപതയിലെ ഉദയ്നഗറില്‍ വാഴ്ത്തപ്പെട്ട റാണി മരിയയുടെ നാമത്തിലുള്ള ദേവാലയത്തില്‍ നടന്ന തിരുനാള്‍ ആഘോഷങ്ങളില്‍ മെത്രാന്മാരും വൈദികരും സമര്‍പ്പിതരും നൂറുകണക്കിനു വിശ്വാസികളും പങ്കെടുത്തു.
ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് ഡോ. സെബാസ്റ്റ്യന്‍ ദുരൈരാജ് ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിക്കുശേഷം കബറിടത്തില്‍ പ്രത്യേക പ്രാര്‍ഥനയും തിരുശേഷിപ്പ് വണക്കവും ഉണ്ടായിരുന്നു. സിസ്റ്റര്‍ റാണി മരിയയെക്കുറിച്ചുള്ള ടെലിഫിലിം പ്രദര്‍ശിപ്പിച്ചു.
എഫ്സിസി സന്യസ്ത സഭാസമൂഹത്തിന്റെ ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ പ്രിന്‍സിയും ഭോപ്പാല്‍ അമല പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ പ്രഭയും കൗണ്‍സിലര്‍മാരും ചടങ്ങുകള്‍ക്കു നേതൃത്വം നല്കി.
ഇന്‍ഡോറില്‍ മിഷണറിയായി സേവനംചെയ്ത എഫ്സിസി സന്യാസിനി സിസ്റ്റര്‍ റാണി മരിയ 1995 ഫെബ്രുവരി 25ന് ബസ് യാത്രയ്ക്കിടെ കൊല്ലപ്പെടുകയായിരുന്നു. സിസ്റ്ററിന്റെ രക്തസാക്ഷിത്വം തിരുസഭ അംഗീകരിക്കുകയും 2017 നവംബര്‍ നാലിന് റാണി മരിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group