ക്രൈസ്തവ സാക്ഷ്യം പകർന്ന് ഇസ്ലാം മത പണ്ഡിതൻ

യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച, സൗദിയിലെ പ്രമുഖ മുസ്ലിം കുടുംബാംഗവും മുസ്ലിം പണ്ഡിതനുമായിരുന്ന അൽ ഫാദിയുടെ സാക്ഷ്യമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

തന്റെ പന്ത്രണ്ടാമത്തെ വയസിൽ ഇസ്ലാം മത ഗ്രന്ഥം മനപാഠമാക്കിയ അൽ ഫാദി ഇന്ന് വേറിട്ട വഴിയിലാണ്. സ്വന്തം ജീവിത സാക്ഷ്യം പറഞ്ഞ് സുവിശേഷ പ്രഘോഷണത്തിലൂടെ അനേകരെ ക്രിസ്തു സ്നേഹത്തിന്റെ പുതു വഴിത്താരയിലെത്തിക്കുന്ന ദൗത്യത്തിലാണ് അൽ ഫാദി.

പതിനഞ്ചാമത്തെ വയസിൽ മറ്റ് യുവാക്കൾ ചെയ്യുന്നത് പോലെ സോവിയറ്റ് യൂണിയനെതിരെ ഒസാമ ബിൻ ലാദനൊപ്പം പോരാടാൻ തീരുമാനിച്ചു. അമ്മ തടഞ്ഞില്ലായിരുന്നെങ്കിൽ താൻ ജിഹാദി ആകുമായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാൽ സ്വന്തം മതഗ്രന്ഥവുമായി അടുത്ത് ഇടപഴകി കഴിഞ്ഞപ്പോൾ അതിലെ ചില വിദ്വേഷപരമായ സന്ദേശങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ‘തന്നെ സ്വീകരിച്ചില്ല എന്ന കാരണത്താൽ എങ്ങനെ ദൈവത്തിന് തന്റെ സ്വന്തം സൃഷ്ടിയെ വെറുക്കാൻ കഴിയും?’ എന്ന ചോദ്യം മനസിൽ ഉടലെടുത്തതോടെയാണ് മനപരിവർത്തനത്തിന്റെ ആദ്യഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.

സൗദി അറേബ്യയിൽ കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1989-ൽ എഞ്ചിനീയറിംഗ് പഠിക്കാൻ അൽ ഫാദി അമേരിക്കയിലെത്തി. അമേരിക്കൻ സംസ്കാരവുമായി കൂടുതൽ ഇടപഴകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ഇന്റർനാഷണൽ ഫ്രണ്ട്ഷിപ്പ് പ്രോഗ്രാമിൽ ചേർന്നു.

അതൊരു ക്രിസ്ത്യൻ മിനിസ്ട്രിയാണെന്നറിയാതെയാണ് താൻ അതിൽ ഒപ്പുവെച്ചതെന്ന് അൽ ഫാദി പറയുന്നു. രണ്ടാഴ്ചകൾക്ക് ശേഷം അദ്ദേഹത്തെ സഹായിക്കാൻ നിയുക്തരായ യുവ ദമ്പതികളുമായി പരിചയത്തിലായി.

അടുത്ത ഏഴു മാസത്തോളം ആ കുടുംബം തനിക്ക് നൽകിയ സ്നേഹം എന്റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നുവെന്ന് അൽ ഫാദി പറയുന്നു. അത്തരമൊരനുഭവം തനിക്ക് മറ്റൊരിടത്തുനിന്നും ലഭിച്ചിട്ടില്ല. നവംബറിൽ അവരുടെ വീട്ടിൽ അത്താഴം കഴിക്കാൻ പോയി. അവർ ഒരിക്കലും എന്നോടു സുവിശേഷം പങ്കുവെച്ചിട്ടില്ല, എന്നാൽ സുവിശേഷം എങ്ങനെയാണെന്ന് അവർ എനിക്ക് കാണിച്ചു തന്നു. എന്റെ മതത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമുള്ള സംശയം നിറഞ്ഞ മനസോടെയാണ് ഞാൻ അന്ന് ആ വീട്ടിൽ നിന്നും മടങ്ങിയത്. തുടർന്ന് ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് കൂടുതൽ പഠിക്കാൻ അൽ ഫാദി തീരുമാനിച്ചു.

ഇതിനിടെ തന്റെ മാസ്റ്റേഴ്സ് ഡിഗ്രി പൂർത്തിയായ ശേഷം അൽ ഫാദി ഒരു കമ്പനിയിൽ ജോലിക്ക് കയറി.അവിടെ വെച്ചാണ് മറ്റൊരു ക്രൈസ്തവ വിശ്വാസിയെ അദ്ദേഹം കണ്ടുമുട്ടുന്നത്. ക്രിസ്തുമസിന് അവരുടെ വീട്ടിൽ അത്താഴം കഴിക്കാൻ പോയപ്പോൾ നേരത്തെ കണ്ട ക്രൈസ്തവ കുടുംബത്തിന്റെ അതേ നന്മയും സ്നേഹവും ഈ വീട്ടിലും കാണാൻ കഴിഞ്ഞതായി അൽ ഫാദി പറയുന്നു. ക്രമേണ ക്രൈസ്തവ വിശ്വാസത്തിലുള്ള താൽപര്യം വർദ്ധിച്ചു. അങ്ങനെ 2001-ലാണ് സ്വന്തം മതവിശ്വാസത്തിന് വിരുദ്ധമായി മുന്നോട്ടുപോകാൻ അദ്ദേഹം തീരുമാനമെടുക്കുന്നത്.

‘ക്രിസ്തു ആരാണെന്ന് തിരിച്ചറിഞ്ഞതോടെ 2001-നവംബറിൽ യാതൊരു സംശയവും കൂടാതെ ഞാൻ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു. കുറച്ച് മാസങ്ങൾക്കുള്ളിൽ ഭാര്യ ബന്ധം വേർപെടുത്തി, ജോലി നഷ്ട്ടമായി. എന്നാൽ ക്രിസ്തുവുമായുള്ള എന്റെ വ്യക്തിപരമായ ബന്ധം വളരുകയായിരുന്നു’ – ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച അദ്ദേഹം ഇന്ന് സ്വന്തമായി സ്ഥാപിച്ച ‘സിറ ഇന്റർനാഷണൽ’ എന്ന ഗ്ലോബൽ മിനിസ്ട്രിയുടെ നേതാവാണ്.

യേശു ക്രിസ്തു ദൈവപുത്രനല്ലെന്നും കുരിശുമരണം വരിക്കുകയോ ഉത്ഥാനം ചെയ്യുകയോ സ്വർഗാരോഹണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു ഒരുകാലത്ത് താൻ വിചാരിച്ചിരുന്നതെന്ന് അൽ ഫാദി പറയുന്നു. യഹൂദരോടും ക്രൈസ്തവരോടും തനിക്ക് അങ്ങേയറ്റം വെറുപ്പായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്ലാം മതസ്ഥരെ ക്രിസ്തുവുമായി അടുപ്പിക്കുകയാണ് മിനിസ്ട്രിയുടെ ലക്ഷ്യം. ലളിതമായ സ്നേഹ പ്രവർത്തികളിലൂടെയാണ് താൻ യേശുവിനെ മനസിലാക്കിയതെന്നും മറ്റുള്ളവരെ ദൈവത്തോട് അടുപ്പിക്കാൻ ലളിതമായ തന്റെ സ്നേഹപ്രവർത്തികൾ ദൈവം ഉപയോഗിക്കട്ടെയെന്നും അൽ ഫാദി പറയുന്നു. അൽ ഫാദിയുടെ ജീവിതസാക്ഷ്യം അനുഭവിച്ചറിഞ്ഞ അനേകം പേർ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചിട്ടുണ്ട്.

ക്രിസ്തുവിന്റെ സുവിശേഷം തെറ്റിദ്ധരിക്കപ്പെട്ട അനേകരിൽ സത്യസന്ധമായി എത്തിക്കാൻ അദ്ദേഹം ആരംഭിച്ചതാണ് സിറ ഇന്റർനാഷണൽ. കൂടാതെ അൽ- ഫാദി വിവിധ ക്രിസ്ത്യൻ മിനിസ്ട്രികൾക്കു വേണ്ടി വിവർത്തകനായും എഴുത്തുകാരനായും പ്രവർത്തിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group