22 നിരപരാധികളെ രക്ഷിക്കാൻ സ്വയം ‘കുറ്റവാളി’യായി വധശിക്ഷയേറ്റുവാങ്ങിയ ഇറ്റാലിയൻ പൊലീസുകാരൻ വിശുദ്ധിയുടെ പടവുകളിലേക്ക് ..

22 നിരപരാധികളെ രക്ഷിക്കാൻ സ്വയം ‘കുറ്റവാളി’യായി വധശിക്ഷയേറ്റുവാങ്ങിയ ഒരു ഇറ്റാലിയൻ പൊലീസുകാരന്റെ ജീവിതകഥ തരംഗമാകുകയാണ്.

വിശുദ്ധാരാമത്തിലേക്കുള്ള പ്രയാണം ആരംഭിച്ച അദ്ദേഹത്തിന്റെ പേര് വൈസ് സർജന്റ് സാൽവോ ഡി അക്വിസ്റ്റോ. ഇറ്റലിയിലെ കാരാബിനിയേരി പൊലീസ് സേനാംഗവും റോമിന് പുറത്തുള്ള ടോറിബിയേട്രയിലെ ഗ്രാമീണ പൊലീസ് സ്റ്റേഷൻ ഡെപ്യൂട്ടി കമാൻഡറുമായിരുന്നു സാൽവോ ഡി അക്വിസ്റ്റോ. നിരപരാധികളെ സംരക്ഷിക്കാമെന്ന പ്രതിജ്ഞ നിരവേറ്റാൻ ജീവൻ സമർപ്പിച്ച ഇദ്ദേഹത്തിന്റെ വീരചരിതം ഇപ്രകാരം സംഗ്രഹിക്കാം:

രണ്ടാം ലോക മഹായുദ്ധം കൊടുംപിരികൊണ്ട നാളുകൾ. 1943 സെപ്റ്റംബറിൽ ഒരു സൈനിക താവളത്തിൽ വെടിമരുന്ന് പെട്ടി പരിശോധിക്കുകയായിരുന്നു ജർമൻ സൈന്യം. പരിശോധനയ്ക്കിടെ ഒരു പെട്ടി പൊട്ടിത്തെറിച്ച് രണ്ട് ജർമൻ സൈനീകർ കൊല്ലപ്പെട്ടു. ആ സ്‌ഫോടനം യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും അതൊരു ആക്രമണമാക്കി വരുത്തിതീർത്തു ജർമൻ അധികൃതർ.

നിരപരാധികളാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവർ 22 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥനായ ഡി അക്വിസ്റ്റോ സ്‌ഫോടനത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി. സത്യാവസ്ഥ തിരിച്ചറിഞ്ഞ അദ്ദേഹം സ്‌ഫോടനം ഒരു അപകടമാണെന്നും പ്രദേശവാസികളല്ല ഉത്തരവാദികളെന്നും ജർമൻ സർക്കാരിനോട് വിശദീകരിക്കാൻ ശ്രമിച്ചു.

പക്ഷേ, ഇക്കാര്യം അംഗീകരിക്കാൻ നാസിപ്പട തയാറായില്ലെന്നു മാത്രമല്ല, പ്രതികാരമായി അറസ്റ്റിലായ 22 പേരെയും വധിക്കാനും തീരുമാനിച്ചു. ആ നിരപരാധികളെ രക്ഷിക്കാൻ, കുറ്റകൃത്വത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുക എന്ന മാർഗംമാത്രമേ അദ്ദേഹത്തിനു മുന്നിലുണ്ടായുള്ളൂ. ആരും തിരഞ്ഞെടുക്കാൻ മടിക്കുന്ന ആ തീരുമാനം കൈക്കൊള്ളാൻ ഡി അക്വിസ്റ്റോ ഒട്ടും മടിച്ചില്ല എന്നതാണ് അത്ഭുതം.

സാൽവോ ഡി അക്വിസ്റ്റോയെ അറസ്റ്റ് ചെയ്ത നാസിപ്പട അദ്ദേഹത്തെ വെടിവെച്ചുകൊല്ലുകയായിരുന്നു. 1943 സെപ്തംബർ 23നായിരുന്നു 23 വയസുകാരനായ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം. കുടുംബത്തിൽനിന്ന് ലഭിച്ച കത്തോലിക്കാ വിശ്വാസമാണ് അപരിചിതർക്കുവേണ്ടി ജീവൻവരെ സമർപ്പിക്കാൻ അദ്ദേഹത്തിന് പ്രചോദനമായത്. വിശുദ്ധ ജീവിതത്തിന് പദവിയോ ജോലിയോ ഒരു തടസമല്ല എന്ന് വ്യക്തമാക്കുന്നു ഈ പൊലീസുകാരന്റെ ജീവിതം. ഇറ്റാലിയൻ മിലിട്ടറി ഓർഡിനറിയേറ്റിന്റെ നേതൃത്വത്തിൽ 1983ൽ ആരംഭിച്ച നാമകരണ നടപടികൾ പുരോഗമിക്കുകയാണിപ്പോൾ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group