ജീവന്‍റെ സംസ്കാരത്തെ കുറിച്ചുള്ള അറിവുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം : മാർ പോള്‍ ആന്‍റണി മുല്ലശ്ശേരി

മനുഷ്യജീവനെക്കുറിച്ച് സമഗ്രമായി പഠിക്കുവാൻ ചെറുപ്രായത്തിലെ തന്നെ അവസരം ഒരുക്കണമെന്ന് കെസിബിസി പ്രോലൈഫ് സമിതിയുടെ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്‍റണി മുല്ലശ്ശേരി.മാവേലിക്കരയില്‍ നടന്ന പ്രോലൈഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യജീവനെതിരെ നിരവധി വെല്ലുവിളികള്‍ ഉയരുമ്പോള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി പഠനകാലയളവില്‍ തന്നെ അറിയുവാനും പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേരുവാനും അവസരം നല്‍കണമെന്ന് സഭയിലും സമൂഹത്തിലും ജീവന്‍റെ സമൃദ്ധിക്കും സമഗ്ര സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രോലൈഫ് പ്രവര്‍ത്തകരെ അനുമോദിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

മഹനീയവും അമൂല്യവുമായ ജീവനെതിരെ ഗുരുതരമായ ഭീഷണികളാണ് ആധുനിക ഉപഭോഗസംസ്കാരം ഉയര്‍ത്തി കൊണ്ടിരിക്കുന്നതെന്നു അധ്യക്ഷത വഹിച്ച ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. ഗര്‍ഭച്ഛിദ്രം, കൊലപാതകം, ദയാവധം, ആത്മഹത്യ, ജനനനിയന്ത്രണം തുടങ്ങിയവയിലൂടെ മനുഷ്യ ജീവന്‍റെ മാഹാത്മ്യം നഷ്ടപ്പെടുമ്പോള്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ പ്രസക്തി വര്‍ദ്ധിക്കുന്നു.

നിശ്ചയദാര്‍ഢ്യത്തോടെ ദൈവാശ്രയ ബോധത്തോടെ ജീവന്‍റെ സംസ്കാരത്തിന്‍റെ സാക്ഷികളും പ്രഘോഷകരും ആകുവാന്‍ എല്ലാ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കും സാധിക്കട്ടെ എന്നും പിതാവ് ആശംസിച്ചു.

കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേര്‍ന്ന പതാക പ്രയാണത്തിനും ദീപശിഖ പ്രയാണത്തിനും സ്വീകരണം നല്‍കി.

കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന ഡയറക്ടര്‍ റവ: ഫാ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍ കൊടിയേറ്റം നടത്തി. സംസ്ഥാന സമിതി പ്രസിഡന്‍റ് ജോണ്‍സണ്‍ ചൂരേപറമ്പില്‍ സ്വാഗതമാശംസിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടന്‍ വിഷയാവതരണം നടത്തി.

സീറോ മലബാര്‍ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്‍റെ എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, മാവേലിക്കര രൂപത പ്രോലൈഫ് സമിതി ഡയറക്ടര്‍ റവ. ഫാ. മാത്യു കുഴിവിള, റമ്പാന്‍ യൂഹനോന്‍ പുത്തന്‍വീട്ടില്‍, കെസിബിസി പ്രോലൈഫ് സമിതി ആനിമേറ്റര്‍ സി. മേരി ജോര്‍ജ്ജ്, മാവേലിക്കര രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സജി പായിക്കാട്ടേത്ത്, മാതൃവേദി പ്രസിഡന്‍റ് സുനി ബെന്നി എന്നിവര്‍ പൊതുസമ്മേളനത്തിൽ പ്രസംഗിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group