കോട്ടയം അതിരൂപത ജസ്റ്റീസ് ജെ ബി കോശി കമ്മീഷന് നിവേദനം നൽകി..

ക്രൈസ്തവരുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥ, ക്ഷേമം എന്നിവയെക്കുറിച്ച് പഠിക്കാൻ കേരളസർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റീസ് ജെ. ബി. കോശി, ക്രിസ്റ്റി ഫെർണാണ്ടസ് ഐ എ എസ്, ജേക്കബ്ബ് പുന്നൂസ് ഐ പി എസ് എന്നിവരടങ്ങിയ കമ്മീഷനു മുന്നിൽ കോട്ടയം അതിരൂപത നിവേദനം സമർപ്പിച്ചു.

തെളിവെടുപ്പിനായി കമ്മീഷൻ കോട്ടയം ഗസ്റ്റ് ഹൗസിൽ എത്തിയപ്പോൾ അതിരൂപതയെ പ്രതിനിധീകരിച്ച് വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, അതിരൂപത പബ്ലിക് അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പ്രൊഫ. റ്റി. എം. ജോസഫ്, ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ബിനോയ് ഇടയാടിയിൽ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ, കെ സി സി മലബാർ റീജിയൺ പ്രസിഡന്റ് ബാബു കദളിമറ്റം എന്നിവരാണ് കമ്മീഷനെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചത്. നിവേദനത്തിലെ പ്രസക്ത ഭാഗങ്ങൾ കമ്മീഷൻ മുമ്പാകെ അവർ അവതരിപ്പിക്കുകയും ചെയ്തു.

എ. ഡി. 345 മുതൽ ക്നാനായ സമുദായം പിന്തുടരുന്ന വൈവിധ്യമാർന്ന പൈതൃകങ്ങളുടെ സംരക്ഷണത്തിന് ആവശ്യമായ സർക്കാർ വിജ്ഞാപനം ഉൾപ്പടെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സമുദായത്തിന് ലഭിക്കേണ്ട പരിഗണനകൾ ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനമാണ് കമ്മീഷൻ മുമ്പാകെ സമർപ്പിച്ചത്. നിവേദനത്തിലെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി അതിരൂപതാ പ്രതിനിധികളെ വീണ്ടും കാണുമെന്ന് ജസ്റ്റീസ് ജെ. ബി. കോശി അറിയിച്ചു. അതിരൂപതയിലെ പബ്ലിക് അഫയേഴ്സ് കമ്മിറ്റി അംഗങ്ങളുടെ നിർദ്ദേശങ്ങളും, പൊതുവായി സ്വീകരിച്ച നിർദ്ദേശങ്ങളും വിദഗ്ദ്ധ സമിതി പരിശോധിച്ചാണ് നിവേദനം തയ്യാറാക്കി നൽകിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group