ശുശ്രൂഷകരാകേണ്ടവരാണ് നേതാക്കള്‍ : മാര്‍ ജോര്‍ജ് ആലഞ്ചേരി

സുവിശേഷത്തില്‍ വിശ്വസിക്കുന്നവരുടെ അടയാളമായ ശുശ്രൂഷയുടെ മനോഭാവം ശരിയായ ക്രൈസ്തവ നേതൃത്വത്തിന്റെ മുഖമുദ്രയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി. കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേയും സേവന വിഭാഗങ്ങളുടെയും രൂപതാതല ഭാരവാഹികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ സംഗമം കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി. സ്വര്‍ഗ്ഗീയ തീര്‍ത്ഥാടനത്തില്‍ സഹയാത്രികരെ പരിഗണിക്കുകയും അവരെ വിനയത്തോടെ ശ്രവിക്കുകയും ചെയ്യുന്നവരാകുവാനായി വിളിക്കപ്പെട്ടിരിക്കുന്ന നമ്മള്‍ സഹോദരങ്ങളെ ഉള്‍ക്കൊള്ളുകയും അവര്‍ക്കാവശ്യമായവ ശുശ്രൂഷ മനോഭാവത്തോടെ നിര്‍വ്വഹിക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു . പ്രാദേശിക സഭയിലെ സുവിശേഷത്തിന്റെ ശുശ്രൂഷ കൂട്ടുത്തരവാദിത്വത്തോടെ നിര്‍വഹിക്കുവാന്‍ നമുക്ക് കടമയുണ്ടെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷ പ്രസംഗത്തില്‍ ഉദ്‌ബോധിപ്പിച്ചു. രൂപതാ വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റത്തിലിന്റെ ആമുഖ സന്ദേശത്തോടെയാരംഭിച്ച പ്രതിനിധി സംഗമത്തില്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ചരിത്ര വിഭാഗം മേധാവി ബിനോ പെരുന്തോട്ടം ആനുകാലിക വെല്ലുവിളികളെക്കുറിച്ച് വിഷയാവതരണം നടത്തി ചര്‍ച്ചയ്ക്ക് നേതൃത്വം നല്കി. തുടര്‍ന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഔപചാരിക സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിലെ സംവാദ സദസ്സില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് സമ്മേളനാംഗങ്ങള്‍ സംവദിക്കുകയും ആശയങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. സംവാദസദസ്സില്‍ രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ മോഡറേറ്ററായിരുന്നു. യോഗത്തില്‍ പങ്കെടുത്തവരെ പ്രതിനിധീകരിച്ച് രൂപതാ മാതൃവേദി പ്രസിഡന്റ് ജിജി ജേക്കബ് പുളിയംകുന്നേല്‍ നന്ദിയര്‍പ്പിച്ചു. വികാരി ജനറാള്‍ ഫാ. കുര്യന്‍ താമരശ്ശേരി, കത്തീഡ്രല്‍ വികാരി ആര്‍ച്ച് പ്രീസ്റ്റ് ഫാ. വര്‍ഗ്ഗീസ് പരിന്തിരിക്കല്‍, പ്രൊക്കുറേറ്റര്‍ ഫാ. ഫിലിപ്പ് തടത്തില്‍, സി.ബി.സി. ഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ വി.സി. സെബാസ്റ്റ്യന്‍, വൈദികര്‍, സന്യസ്തര്‍, സംഘടന-പ്രസ്ഥാനം-സേവന വിഭാഗ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group