ആദ്യ കൊറിയന്‍ രക്തസാക്ഷിയുടെ ജീവിതം വെള്ളിത്തിരയിലേക്ക്

കൊറിയയിൽ നിന്നുള്ള ആദ്യ വൈദികനും രക്തസാക്ഷിയുമായ വിശുദ്ധ ആന്‍ഡ്രൂ കിമ്മിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്.

“ബെര്‍ത്ത്” എന്ന പേരില്‍ ഇറങ്ങുന്ന സിനിമ നവംബര്‍ 30ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. വൈദികര്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനായ കര്‍ദ്ദിനാള്‍ ലാസറസ് യു ഹെയുങ്ങ്-സിക്കിന്റെ ശ്രമഫലമായി ഈ ആഴ്ച വത്തിക്കാനില്‍ സിനിമയുടെ പ്രത്യേക പ്രിവ്യു നടന്നു. വിശുദ്ധന്റെ ജന്മദിനത്തിന്റെ ഇരുനൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ സിനിമയില്‍ കൊറിയന്‍ ഉപദ്വീപിലെ കത്തോലിക്ക വിശ്വാസത്തിന്റെ ഉദയത്തേക്കുറിച്ചും പറയുന്നുണ്ട്.

‘അല്‍മാ ആര്‍ട്ട് സെന്റര്‍’ നിര്‍മ്മിച്ചിരിക്കുന്ന സിനിമയുടെ സഹനിര്‍മ്മാതാവും സംവിധായകനും, രചയിതാവും പാര്‍ക്ക് ഹിയുങ്ങ്-ഷികാണ്. സുപ്രസിദ്ധ കൊറിയന്‍ ടെലിവിഷന്‍ നടനായ യൂണ്‍ സി-യൂണാണ് വിശുദ്ധ കിമ്മിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. 1821-ല്‍ ‘കൊറിയയുടെ ബെത്ലഹേം’ എന്നറിയപ്പെടുന്ന സോള്‍മോയിയിലെ പരിവര്‍ത്തിത ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച ആന്‍ഡ്രൂ 1845-ല്‍ ഷാങ്ഹായില്‍വെച്ചാണ് തിരുപ്പട്ട സ്വീകരണം നടത്തുന്നത്. മക്കാവുവിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. സുവിശേഷവല്‍ക്കരണത്തിനായി നടത്തിയ ശ്രമങ്ങളുടെ പേരില്‍ ജോസിയോണ്‍ സാമ്രാജ്യകാല ഘട്ടത്തില്‍ തടവിലാവുകയും ക്രൂരമായ പീഡനങ്ങള്‍ക്കിരയായി 1846-ല്‍ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ രക്തസാക്ഷിത്വം വരിക്കുകയുമായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group