കാലത്തിന്റെ വിളക്കുമരം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തന്റെ ക്രിയാത്മകവും നിർണായകവുമായ ഇടപെടലുകളിലൂടെ കേരളത്തിന്റെ സാമൂഹിക, സംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ വിപ്ലവകരമായ മാറ്റത്തിനുവേണ്ടി സുചിന്തിതമായ കർമപദ്ധതികൾ ആവിഷ്കരിച്ച വലിയ മനുഷ്യസ്നേഹിയാണു വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ.
അദ്ദേഹം കാലത്തിനു വഴികാണിച്ചുനടന്നു, കാലഘട്ടത്തിന്റെ ചിട്ടവട്ടങ്ങളെ പൊളിച്ചെഴുതി, പൊതുസമൂഹത്തിലെ എല്ലാ മേഖലകളിലും നന്മയുടെയും സ്നേഹത്തിന്റെയും കരുതലിന്റെയും ചുവടുവയ്പുകൾ നടത്തി. ആ ദർശനങ്ങൾ സമയത്തിന്റെയും കാലത്തിന്റെയും പരിമിതികളിൽനിന്നു വിടുതൽ പ്രാപിച്ച് ആധുനിക സമൂഹത്തിൽ പ്രവാചകരൂപങ്ങളായി മാറിയെന്നതാണു ചാവറയച്ചനെ ഇന്നും പ്രസക്തനാക്കുന്നത്.

അന്ധമായ ജാതിവ്യവസ്ഥ ദൈവം മനുഷ്യനിൽ നിക്ഷേപിച്ച അന്തസ്സിനെ അടിച്ചമർത്തിയപ്പോൾ, തന്റെ ദൈവവിശ്വാസത്തിൽനിന്നു രൂപപ്പെട്ട സാമൂഹികദർശന സാക്ഷാത്‌കാരത്തിനായി ചാവറയച്ചൻ പ്രയത്നിച്ചു.

മാനുഷികതുല്യതയുടെയും ഓരോ മനുഷ്യനിലെയും അമൂല്യതയുടെയും അടിസ്ഥാനത്തിൽ സമൂഹത്തിന്റെ ബഹുസ്വരതയെ പോഷിപ്പിക്കാൻ അദ്ദേഹം വിപ്ലവകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനയോഗ്യത നിർണയിക്കുന്നതിനെ എതിർത്തു. സവർണരെയും അവർണരെയും ഒരുമിച്ചിരുത്തി. വസ്ത്രധാരണത്തിലെ അസമത്വം നീക്കുന്നതിനു യൂണിഫോം ഏർപ്പെടുത്തി. പള്ളിക്കൂടങ്ങളെ സാമൂഹികമാറ്റത്തിന്റെ കാവൽഗോപുരങ്ങളാക്കി.

അറിവിന്റെ വെളിച്ചം ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകളിൽ നൽകപ്പെടുന്നിടത്ത് അത് അന്ധകാരമായി മാറുമെന്നു മുൻകൂട്ടി കാണാൻ അദ്ദേഹത്തിനു കഴിഞ്ഞു.

തന്റെ പ്രബോധനങ്ങളിലൂടെ ധാർമികതയിൽ അടിസ്ഥാനമിട്ട ഒരു സമൂഹം രൂപപ്പെടുത്താൻ ചാവറയച്ചൻ ശ്രദ്ധിച്ചിരുന്നു. വികസനത്തിന്റെയും ആധുനികവൽക്കരണത്തിന്റെയും വേലിയേറ്റത്തിൽ നഷ്ടപ്പെട്ടുപോകുന്ന മൂല്യങ്ങളെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണു ചാവറയച്ചന്റെ ധാർമികദർശനം നൽകുന്നത്.

ലാഭവും നേട്ടവും വിജയവും സ്ഥാനമാനങ്ങളും മാത്രം ലക്ഷ്യമാക്കി, സഹോദരങ്ങളിലേക്ക് എത്തിനോക്കാൻപോലും സാധിക്കാത്ത ആധുനിക മനുഷ്യന്റെ യാത്രയിൽ ദൈവത്തെയും സഹോദരങ്ങളെയും കണക്കിലെടുത്തുള്ള ജീവിതശൈലി ഉൾച്ചേരേണ്ടിയിരിക്കുന്നു. ചാവറയച്ചന്റെ ഈ ദർശനങ്ങൾ നമുക്കു മനഃസാക്ഷി പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങളാകുന്നു.

ഭക്തി, ജ്ഞാന, കർമ മാർഗങ്ങളിലൂടെ സമകാലിക സമൂഹത്തെയും ജീവിത യാഥാർഥ്യങ്ങളെയും പ്രശോഭിതമാക്കി, പ്രതികൂലമായവയെ ഭയക്കാതെ, പൊതുസമൂഹത്തിന്റെ നന്മയ്ക്കായി സുവിശേഷചൈതന്യം സ്വാംശീകരിച്ചു പ്രവർത്തനനിരതരാകാൻ ചാവറയച്ചന്റെ ജീവിതം നമ്മെ പ്രചോദിപ്പിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group