അനേകർക്ക് അക്ഷരവെളിച്ചം പകർന്ന സിസ്റ്റര്‍ സുഷമാ മേരി സന്യസ്ത ജീവിതത്തിന്റെ സുവര്‍ണ ജൂബിലി നിറവിൽ

അനേകർക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ സിസ്റ്റര്‍ സുഷമാ മേരി സന്യസ്ത ജീവിതത്തിന്റെ സുവര്‍ണ ജൂബിലി നിറവിൽ.

തിരുവനന്തപുരത്തെ ഉള്‍ഗ്രാമമായ വെളിയംകോടില്‍ അറുപതുകളുടെ ആരംഭത്തിൽ സിസ്റ്റർ നടത്തിയ നിസ്വാർത്ഥ സേവനം മൂലം അനേകം ഗ്രാമവാസികളാണ് അറിവ് സമ്പാദിച്ചത്.വെളിയംകോട് എല്‍പി സ്‌കൂളില്‍ അധ്യാപികയായിരിക്കുന്ന കാലയളവിലാണ് തന്റെ ജീവിതം കര്‍ത്താവിനു വേണ്ടി സമര്‍പ്പിക്കപ്പെടേണ്ടതാണെന്ന ഉള്‍ബോധ്യം സിസ്റ്റര്‍ സുഷമാ മേരിയ്ക്ക് ഉണ്ടായത്. 25-ാം വയസിലാണ് ദൈവവിളി സ്വീകരിച്ച് ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് ഓഫ് ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി (എഫ്‌ഐഎച്ച്) സഭയില്‍ ചേരുന്നത്.

1944 ആഗസ്റ്റ് 11 ന് മേലാരിയേട് മനുവേല്‍ ഭവനില്‍ മാനുവല്‍-തങ്കമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ മൂത്തവളായി ജനിച്ച സിസ്റ്റര്‍ പ്രാഥമിക വിദ്യാഭ്യാസം വെളിയംകോട് എല്‍പിഎസില്‍ ആരംഭിച്ചു. തുടര്‍ന്ന് ടിടിസി പൂര്‍ത്തിയാക്കി 1962 ല്‍ വെളിയംകോട് എല്‍പിഎസ് സ്‌കൂളില്‍ തന്നെ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. 1972 ല്‍ വ്രതവാഗ്ദാനം നടത്തിയ സിസ്റ്റര്‍ 1977 ല്‍ നിത്യവ്രതവാഗ്ദാനവും നടത്തി. അന്നത്തെ കൊല്ലം ബിഷപ് ജെറോം എം. ഫെര്‍ണാണ്ടാസ് ആയിരുന്നു മുഖ്യകാര്‍മ്മികന്‍.

തുടര്‍ന്ന് തന്റെ സേവന പന്ഥാവിലേക്ക് കടന്ന സിസ്റ്റര്‍ ആദ്യം മാതൃരൂപതയായ നെയ്യാറ്റിന്‍കരയിലെ ഉച്ചക്കട കോണ്‍വെന്റിലേക്കാണ് എത്തുന്നത്. അതോടൊപ്പം പേയാട് സെന്റ് സേവ്യഴ്‌സ് സ്‌കൂളില്‍ ഏഴാം കാസുവരെയുളള കുട്ടികളെ പഠിപ്പിച്ചുകൊണ്ട് അധ്യാപികയെന്ന ചുമതലയും നിര്‍വ്വഹിച്ചു.തുടര്‍ന്ന് സേവന മേഖല മുതിയാവിള, കൊല്ലം തിരുമുല്ലാവാരം, ക്ലാപ്പന എന്നിവിടങ്ങളിലേക്ക്, തുടര്‍ന്ന് വീണ്ടും തിരുമുല്ലാവാരത്തിലെത്തിയ സിസ്റ്റര്‍ സൂപ്പീരിയറായി ചുമതലയേറ്റു. തുടര്‍ന്ന് ഉച്ചക്കട, കൊട്ടാരക്കര കോണ്‍വെന്റുകളുടെയും സുപ്പീരിയറായി ചുമതല തുടര്‍ന്നു.

1999 ല്‍ വിമലാംബിക എല്‍പിഎസില്‍ പഠിപ്പിക്കുന്ന കാലത്ത് അധ്യാപിക എന്ന നിലയില്‍ നിന്ന് വിരമിച്ച് മുഴുവന്‍ സമയവും സഭയ്ക്കുവേണ്ടി സമര്‍പ്പിച്ചു. തുടര്‍ന്ന് ആലുവ കോണ്‍വെന്റിലേക്ക് സേവനമേഖല മാറ്റിയ സിസ്റ്റര്‍ ആലുവ സെന്റ് ജൂഡ് തീര്‍ഥാടന കേന്ദ്രത്തിലും സേവനം സജീവമാക്കി.

അഞ്ച് വര്‍ഷക്കാലത്തോളം തിരുവനന്തപുരം കുമാരപുരത്ത് സേവനമനുഷ്ഠിക്കുമ്പോള്‍ മെഡിക്കല്‍ കോളജിലെ കത്തോലിക്കരായിട്ടുളള കിടപ്പ് രോഗികളെ വിശുദ്ധ കുര്‍ബാനക്കായി ഒരുക്കി അവരെ വൈദികരുടെ സഹായത്തോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുപ്പിച്ചിരുന്നത് ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമായി സിസ്റ്റര്‍ ഓര്‍ത്തെടുക്കുന്നു. തുടര്‍ന്ന് കൊല്ലം അസീസി, പാലത്തറ, വിമലഹൃദയ ജനറലേറ്റ് എന്നിവടങ്ങളില്‍ സേവനം ചെയ്യ്തു. സേവന കാലയളവില്‍ നിരവധി യുവാക്കളെ സെമിനാരികളിലേക്ക് അയക്കാന്‍ സാധിച്ചതും സിസ്റ്ററിന്റെ സന്യാസ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മകളാണ്.

സിസ്റ്ററിന്റെ സന്യാസ ജീവിതത്തില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തി സിസ്റ്ററിന്റെ വലിയച്ചനും നെയ്യാറ്റിന്‍കര രൂപതയുടെ പ്രഥമ വികാരി ജനറളുമായ മോണ്‍സിഞ്ഞോര്‍ എസ്. തോമസാണ്. തികച്ചും സന്യാസ തുല്യമായ ജീവിതം നയിച്ച മോണ്‍. തോമസിന്റെ ജീവിതത്തിന്റെ അവസാന കാലഘട്ടങ്ങില്‍ അദ്ദേഹത്തെ പല തവണ ശുശ്രൂഷിക്കാനും സന്ദര്‍ശിക്കാനും ലഭിച്ച ഭാഗ്യം ജീവിത വഴിത്താരയില്‍ സിസ്റ്ററിനെ ഏറെ പ്രചോദിപ്പിച്ചു. ഇന്ന് സന്യാസ ജീവിതത്തില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ കത്തോലിക്കാ സഭയുടെ വിവിധ മേഖലകളില്‍ നിരവധി വിശ്വാസികളെ പ്രചോദിപ്പിക്കാനും വിശ്വാസ ജീവിതം നയിക്കാനും ഈ സന്യസ്തയ്ക്ക് സാധിച്ചു.

സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സിസ്റ്ററിന്റെ മാതൃ ഇടവകയായ മേലാരിയോട് വിശുദ്ധ മദര്‍ തെരേസ ദൈവാലയത്തില്‍ നടന്ന കൃതജ്ഞതാബലിക്ക് നെയ്യാറ്റിന്‍കര രൂപതാധ്യക്ഷന്‍ ഡോ. വിന്‍സെന്റ് സാമുവല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group