സാഹിത്യം,സിനിമ : സാംസ്കാരികാധഃപതനം

    സമീപകാലങ്ങളിലെ വിവിധ സംഭവങ്ങളുടെയും വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ, ‘ഈ മലയാളികൾക്ക് ഇതെന്തുപറ്റി?’, ‘ഇവരെന്താണ് ഇങ്ങനെ ചിന്തിക്കുന്നത്?’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾ കേരളത്തിന് അകത്തും പുറത്തുമുള്ള മലയാളികളും മറ്റു ദേശക്കാരും ചോദിക്കുന്നതും ആശ്ചര്യപ്പെടുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇതുപോലുള്ള ചില വിഷയങ്ങളിൽ സജീവമായി ഇടപെടാൻ ശ്രമിക്കുന്ന ചിലർ അന്യദേശക്കാർക്കു മുന്നിൽ തലകുനിക്കേണ്ടതായ സാഹചര്യങ്ങൾ തങ്ങൾക്കുണ്ടായതായി പറയാനിടയായിട്ടുണ്ട്. മാധ്യമ രംഗം സിനിമയെന്നോ, സാഹിത്യമെന്നോ, മുഖ്യധാരാ, സാമൂഹിക മാധ്യമങ്ങൾ എന്നോ വ്യത്യാസമില്ലാതെ അങ്ങേയറ്റം മലിനീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന ഒരു സാഹചര്യം ഇന്നുണ്ട്. അതിൻറെ പ്രതിഫലനങ്ങൾ സാംസ്കാരികാധപതനത്തിൻറെ രൂപത്തിൽ പരക്കെ ദൃശ്യമാകുന്നുമുണ്ട്. എന്നാൽ അത്തരം മാറ്റങ്ങൾ തിരിച്ചറിയാൻ നമുക്ക് പലപ്പോഴും കഴിയുന്നില്ല എന്നുള്ളിടത്താണ് യഥാർത്ഥ പ്രതിസന്ധിയുടെ വേരുകൾ കുടികൊള്ളുന്നത്.

    മാറുന്ന കാഴ്ചപ്പാടുകൾ,അടിച്ചേൽപ്പിക്കപ്പെടുന്ന ബദൽ സംസ്കാരം
    നന്മയിലും സത്യത്തിലും നീതിനിഷ്ഠമായി ഉറച്ചുനിന്നിരുന്ന ഒരു സാംസ്കാരിക അടിത്തറയ്ക്ക് മേലുള്ള കടന്നുകയറ്റങ്ങളാണ് സമീപകാലത്തെ നിരവധി സൃഷ്ടികൾ. മുമ്പേ സഞ്ചരിക്കുന്ന മാധ്യമ നവ മാധ്യമ ആഖ്യാനങ്ങളെ പിന്തുടർന്നു കൊണ്ടുള്ള അപനിർമ്മിതികളും, ലൈംഗിക അരാജകത്വത്തിൻറെ പ്രഘോഷങ്ങളും, വിവിധ തലങ്ങളിൽ നിന്നുയരുന്ന ഉത്തരാധുനിക ആശയങ്ങളുടെ ഏറ്റെടുക്കലുകളും ചലച്ചിത്ര സാഹിത്യ രംഗങ്ങളുടെ പതിവ് ശൈലികളായി മാറുമ്പോൾ അത് സംസ്കാരത്തിന് ഏൽപ്പിക്കുന്ന ആഘാതം വലുതാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ചില തല്പരകക്ഷികളുടെ കടന്നുകയറ്റം ഇത്തരം മാറ്റങ്ങളുടെ പിന്നാമ്പുറങ്ങളിൽ സംശയിക്കാവുന്നതാണ്.
    മുമ്പ് ഒരിക്കലുമില്ലാത്ത വിധത്തിൽ സ്വാധീനങ്ങളുടെ സങ്കീർണ്ണമായ ചങ്ങലബന്ധത്തിൽ മാധ്യമ സാഹിത്യ കലാ രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളോട് ചേർന്ന് നിൽക്കുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ആശയ കൈമാറ്റങ്ങൾ നടത്തുകയും ചെയ്യുന്ന പ്രവണത ഈ കാലഘട്ടത്തിൻറെ പ്രത്യേകതയാണ്. നവമാധ്യമങ്ങളുടെ സ്വാധീനശേഷി സമസ്ത മേഖലകളെയും എല്ലാ വ്യക്തികളെയും കീഴടക്കിയിരിക്കുന്നതായി കാണാം. ചിന്താശേഷിയുള്ളവർ എന്ന് പൊതുസമൂഹം കരുതുന്ന, സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും കലാകാരന്മാരുമായി അറിയപ്പെടുന്ന വലിയൊരു വിഭാഗം പോലും ഇത്തരമുള്ള സംഘടിത പ്രചാരണങ്ങളുടെ ബന്ധനത്തിൽ അകപ്പെട്ടിരിക്കുന്നു. ഈ വലിയ സ്വാധീന ശേഷിയെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും കച്ചവട സ്ഥാപനങ്ങളും ആയുധമാക്കി മാറ്റിയിരിക്കുന്നതു വഴിയായി മറ്റെല്ലാ മേഖലകളിലേയ്ക്കുമുള്ള കുറുക്കുവഴിയായി അവർക്ക് സാമൂഹ്യമാധ്യമങ്ങൾ മാറിയിരിക്കുന്നു.
    തങ്ങൾക്ക് സഹായകമായ കാഴ്ചപ്പാടുകൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കുക മുൻകാലങ്ങളിൽ ശ്രമകരമായ ജോലിയായിരുന്നെങ്കിൽ ഇന്നത് പിആർ ഏജൻസികൾ വഴി നിഷ്പ്രയാസം ചെയ്യാവുന്ന ഒന്നായി മാറിയിരിക്കുന്നു. പുസ്തക പ്രസാധകർ, മാധ്യമ സ്ഥാപനങ്ങൾ, ഫിലിം പ്രൊഡക്ഷൻ കമ്പനികൾ, പരസ്യ കമ്പനികൾ, സോഷ്യൽമീഡിയ ഹാൻഡിലുകൾ എന്നിങ്ങനെ തങ്ങളുടെ കൈപ്പിടിയിൽ എത്തിക്കാൻ കഴിയുന്ന ഒരു കൂട്ടം സംവിധാനങ്ങളെ ഏകോപിപ്പിക്കാൻ കഴിയുന്ന പക്ഷം തങ്ങൾ ആഗ്രഹിക്കുന്ന ഏത് ആശയവും നിഷ്പ്രയാസം മനുഷ്യ മനസ്സിൽ രേഖപ്പെടുത്താൻ കഴിയും എന്നുള്ള സാഹചര്യം ഇന്നത്തെ കേരളത്തിലുണ്ട്. മാനവീയതയ്ക്കും സഹകരണ ചിന്തകൾക്കും വിരുദ്ധമായ ഒരു ബദൽ സംസ്കാരം ഇവിടെ രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

    നവീന ആശയങ്ങളുടെ പ്രചാരണം
    ചലച്ചിത്രങ്ങളിലൂടെയും സാഹിത്യ സൃഷ്ടികളിലൂടെയും മുമ്പും വേറിട്ട ആശയപ്രകടനങ്ങൾ ഉണ്ടായിട്ടില്ലേ എന്ന ചോദ്യം ഉയർന്നേക്കാം. എന്നാൽ ഈ കാലഘട്ടത്തിലെ ആശയ വിനിമയം മേൽപ്പറഞ്ഞ ചില കാരണങ്ങളാൽ വ്യത്യസ്തമായതിനാൽ അത്തരം ആശയ പ്രകടനങ്ങളുടെ സാമൂഹിക പ്രത്യാഘാതം മറ്റൊരു വിധത്തിലാണ്. വളരെ ഫലപ്രദമായ രീതിയിൽ വിവിധ സാധ്യതകളെ ഏകോപിപ്പിക്കാൻ ഈ കാലഘട്ടത്തിൽ എളുപ്പമാണ് എന്നതിനാൽ അപ്രകാരമുള്ള സംഘടിതമായ പ്രവർത്തനങ്ങൾ നടന്നുവരുന്നുമുണ്ട് എന്ന് ചില സമീപകാല സംഭവവികാസങ്ങളിൽനിന്ന് മനസിലാക്കാം. ചില പ്രത്യേക ആശയ പ്രചരണങ്ങളുടെ കാര്യത്തിൽ ഇത്തരം നീക്കങ്ങൾ വളരെ വ്യക്തമാണ്. ക്രൈസ്തവ വിശ്വാസത്തിനും, വൈദികർക്കും, സന്യസ്തർക്കും എതിരെ വിവിധ രീതികളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചരണങ്ങൾ ഇക്കാര്യത്തിൽ ഉദാഹരണമാണ്.
    കേരളത്തിലെ ക്രൈസ്തവ സമൂഹത്തെയോ കത്തോലിക്കാ സഭയെയോ ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ എന്നതിലുപരി, എക്കാലവും കത്തോലിക്കാ സഭ മുന്നോട്ടുവച്ചിട്ടുള്ള മാറ്റമില്ലാത്ത നിലപാടുകളെയും സഭയുടെ സാമൂഹിക പ്രബോധനങ്ങളെയും ലക്ഷ്യം വച്ചുള്ള സംഘടിത നീക്കങ്ങൾ പലപ്പോഴായി പ്രകടമായിട്ടുണ്ട്. അത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമ നവമാധ്യമ ഇടപെടലുകളും അതിൻറെ തുടർച്ചയെന്നോണം സിനിമകളിലും സാഹിത്യത്തിലും അത്തരം ആശയങ്ങൾ കടന്നുകൂടുന്നതും ജനം സ്വാധീനിക്കപ്പെടുന്നതും പുതിയ കാഴ്ചയല്ല. ഗർഭച്ഛിദ്രം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിലും മാനവിക വിഷയങ്ങളിലും ആഗോള പ്രതിഭാസങ്ങളിലും സഭയും ക്രൈസ്തവ സമൂഹങ്ങളും സൂക്ഷിച്ചു പോരുന്ന നിലപാടുകൾക്ക് വിരുദ്ധമായ പൊതുബോധ നിർമ്മിതി പലപ്പോഴും മാധ്യമ അജണ്ടകളിൽ പ്രകടമാണ്.
    അതിൻറെ തുടർച്ചയെന്നോണം ക്രൈസ്തവ വിശ്വാസത്തെയും, പൗരോഹിത്യത്തെയും സന്യാസത്തെയും വികലമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ ചില വർഷങ്ങളായി സജീവമാണ്. ചില വിഷയങ്ങളെ വിവാദങ്ങളാക്കി മാറ്റാനും, തുടർന്ന് മാസങ്ങളോളം പൊതുസമൂഹത്തിൻറെ സജീവശ്രദ്ധയിൽ ആ വിഷയത്തെ നിലനിർത്തി സാമാന്യവൽക്കരണം നടത്തി വലിയൊരു സമൂഹത്തിന് എതിരെയുള്ള പൊതുബോധമാക്കി മാറ്റാനും, അതിനായി ചലച്ചിത്രത്തിൻറെയും സാഹിത്യത്തിൻറെയും സാധ്യതകളെ പടിപടിയായി ഉപയോഗിക്കാനും ചിലർക്ക് കഴിയുന്നു. ആശയങ്ങൾ മാത്രമല്ല വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാനും ഇത്തരം സാധ്യതകളെ അവർ വിദഗ്ധമായി ഉപയോഗിച്ചു വരുന്നു.
    മേൽപ്പറഞ്ഞത് ഒരു ഉദാഹരണം മാത്രമാണ്. ഒട്ടേറെ വിഷയങ്ങളിൽ ഈ മാതൃക ദൃശ്യമാണ്. നിഷ്പക്ഷമായും സ്ഥാപിത താൽപ്പര്യങ്ങൾ കൂടാതെയും ഒരു വിഷയത്തെ സമീപിക്കുന്ന ശരിയായ രീതി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമായിട്ടുണ്ട്. ആഴമുള്ള പഠനത്തിൻറെയും നിരീക്ഷണങ്ങളുടെയും അഭാവം ഇതുപോലുള്ള ഒട്ടേറെ വിഷയങ്ങളിൽ തിരിച്ചറിയാനാവും. നൂറുതവണ ആവർത്തിക്കപ്പെട്ട കള്ളങ്ങൾ സത്യങ്ങളായി മാറുകയും ആ ‘സത്യങ്ങളുടെ’ അടിസ്ഥാനത്തിൽ സൃഷ്ടികൾ നടത്തുകയും ചെയ്യുമ്പോൾ അതൊരു കലാസൃഷ്ടി അല്ലാതായി മാറുമെന്ന് നിശ്ചയം. സമീപകാലങ്ങളിൽ പുറത്തിറങ്ങിയിട്ടുള്ള ചില ചലച്ചിത്രങ്ങളും, സാഹിത്യ കൃതികളും ഉദാഹരണങ്ങളാണ്.

    നിലവാരമില്ലാത്ത ഭാഷ,തരംതാഴ്ന്ന ജീവിത ശൈലി
    മോശം പദങ്ങളുടെ ഉപയോഗം സമീപകാലങ്ങളായി മലയാള സിനിമകളിൽ പതിവായിരിക്കുന്നു. സെൻസർ ബോർഡിൻറെ ഇടപെടലുകൾ കൂടാതെ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമുകളിൽ പ്രദർശിപ്പിക്കപ്പെട്ട ചില ചലച്ചിത്രങ്ങൾ ഇക്കാര്യത്തിൽ മുന്നിലാണ്. മുൻകാലങ്ങളിൽ സംസാരഭാഷയിൽ ഉപയോഗിക്കപ്പെട്ടിരുന്നതുപോലെ ഇന്ന് സാധാരണ മനുഷ്യരുടെ സംസാരത്തിൽ അത്തരം പദങ്ങൾ ഉൾപ്പെടുന്നില്ല എന്നിരിക്കെ ഇത്തരം ഭാഷാപ്രയോഗങ്ങളെ സ്വാഭാവികം എന്ന രീതിയിൽ അവതരിപ്പിക്കാനുള്ള പ്രവണത ആശാസ്യമല്ല. മയക്കുമരുന്ന് ഉപയോഗം, മദ്യപാന ശീലം, പുകവലി തുടങ്ങിയവയും സ്വാഭാവികം എന്ന വിധത്തിൽ ഭൂരിപക്ഷം ചലച്ചിത്രങ്ങളിലും പരക്കെ അവതരിപ്പിക്കപ്പെടുന്നു. മലയാളികൾക്ക് അപരിചിതമായ ചില ജീവിത ശൈലികളും കാഴ്ചപ്പാടുകളും തുടർച്ചയായി അവതരിപ്പിക്കപ്പെടുകയും അത്തരം ആശയങ്ങളെ സാമാന്യവൽക്കരിക്കാൻ ശ്രമിക്കുന്നതും മറ്റൊരു വസ്തുതയാണ്. കേരളത്തിൻറെ സംസ്കാരത്തെയും മലയാളികളുടെ കാഴ്ചപ്പാടുകളെയും നിഷേധാത്മകമായി സ്വാധീനിക്കാനുള്ള മനപൂർവ്വമുള്ള ശ്രമം ചില മേഖലകളിൽനിന്ന് ഉണ്ട് എന്ന് സംശയിക്കാവുന്നതാണ്.

    മലയാളം പിന്തള്ളപ്പെടുന്നു!
    സാഹിത്യ സിനിമ മേഖലകളിൽ ലോകശ്രദ്ധ നേടിയിരുന്ന ഒരു കാലഘട്ടം കേരളത്തിനുണ്ടായിരുന്നു. പകരക്കാരില്ലാത്ത പ്രതിഭകൾ അരങ്ങു വാണിരുന്ന കാലം. അഭിമാനകരമായ നേട്ടങ്ങൾ ദേശീയ അന്തർദേശീയ തലങ്ങളിൽ മലയാളികളെ തേടിയെത്തിയിരുന്ന കാലം. മറ്റുള്ളവരും മലയാളികളെ മാതൃകയാക്കിയിരുന്ന കാലം. അക്കാലങ്ങളിൽ കലാ സാഹിത്യ രംഗങ്ങളിൽ പിന്നോക്കം നിന്നിരുന്ന പല ദേശങ്ങളും പിൽക്കാലത്ത് വലിയ മുന്നേറ്റം നടത്തിയെങ്കിൽ മലയാളം വളരെ പിന്നിലേക്കാണ് സഞ്ചരിച്ചിട്ടുള്ളത്. ഉദാത്തവും മികവുറ്റതുമെന്ന വിശേഷണങ്ങളോടെ അവതരിപ്പിക്കപ്പെടുന്ന സൃഷ്ടികൾ പലതും സാമാന്യ നിലവാരം പോലും പുലർത്തുന്നില്ല എന്നുള്ളതാണ് വാസ്തവം. അതേസമയം, താരതമ്യേന മികച്ച ഉദ്യമങ്ങൾ പലതും ശ്രദ്ധിക്കപ്പെടാതെ പോവുകയും ഡീഗ്രേഡ് ചെയ്യപ്പെടുകയും ചെയ്യുന്നു.
    ഇത്തരത്തിൽ, മാറിക്കൊണ്ടിരിക്കുന്ന ഈ സംസ്കാരത്തെയും കലാ സാഹിത്യ മേഖലകളെയും കുറിച്ചുള്ള വിചിന്തനങ്ങൾ ഇനിയുള്ള കാലങ്ങളിലെങ്കിലും ഉണ്ടാവേണ്ടതുണ്ട്. സമൂഹത്തിൻറെ സുസ്ഥിതിക്ക് ഉപകരിക്കാത്തതും വിദ്വേഷവും വെറുപ്പും മാത്രം ജനിപ്പിക്കുന്നതുമായ സൃഷ്ടികൾക്ക് ഇടം കൊടുക്കാതിരിക്കാൻ മലയാളികൾ ശ്രദ്ധിക്കുന്ന കാലമെത്താതെ ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനാവില്ല. സാമൂഹ്യ മാധ്യമങ്ങളിൽനിന്ന് ആരംഭിച്ച്, മുഖ്യധാരാമാധ്യമങ്ങളിൽ മുതൽ നാട്ടിൻപുറങ്ങളിലെ ചർച്ചകളിൽ വരെ ഇടംനേടി, ക്രമേണ ചലച്ചിത്രങ്ങളിലൂടെയും സാഹിത്യത്തിലൂടെയും പ്രചരിച്ച് പൊതുബോധമായി മാറുന്ന അസത്യങ്ങളും വിദ്വേഷ പ്രചരണങ്ങളും തിരിച്ചറിഞ്ഞ് തള്ളിക്കളയുവാൻ പ്രബുദ്ധരായ മലയാളികൾ തയ്യാറാവേണ്ടതുണ്ട്. അല്ലാത്തപക്ഷം, മലയാള ഭാഷയും കേരളസംസ്കാരവും ഇനിയും
    പിന്നിലേയ്ക്ക് പോവുമെന്ന് തീർച്ച.
    കത്തോലിക്കാ സഭയെ സംബന്ധിച്ച് ഈ രംഗത്തുള്ളത് വലിയൊരു ദൗത്യമാണ്. സാംസ്കാരിക മേഖലയിലും കലാ സാഹിത്യരംഗങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മലിനീകരണത്തെ തുറന്നു കാണിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ സഭയ്ക്ക് കഴിയും. ഈ രംഗത്തേയ്ക്ക് അതിക്രമിച്ചു കടക്കുന്ന സ്ഥാപിത താല്പര്യങ്ങളെയും അതിരുകടന്ന കച്ചവട താല്പര്യങ്ങളെയും സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ക്രൈസ്തവ വിശ്വാസത്തിനും കത്തോലിക്കാ സഭയ്ക്കും എതിരായ നീക്കങ്ങൾ എന്നതിനേക്കാൾ തലമുറകളുടെ ചിന്താശേഷിയെയും സർഗ്ഗാത്മകതയെയും വിഷലിപ്തമാക്കുന്ന നീക്കങ്ങൾ പ്രതിരോധിക്കപ്പെടേണ്ടതാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചും മാധ്യമങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ബോധ്യമുള്ളവരായിരിക്കുമ്പോൾ തന്നെ, അത്തരം സ്വാതന്ത്ര്യങ്ങൾ അന്യരുടെ അവകാശങ്ങളിലേയ്ക്കും സ്വൈര്യ ജീവിതത്തി
    ലേയ്ക്കുമുള്ള കടന്നുകയറ്റങ്ങളാവരുതെന്ന നിലപാടുകൾ എഴുത്തുകാരും, കലാകാരന്മാരും, മാധ്യമപ്രവർത്തകരും സ്വീകരിക്കേണ്ടത് ആവശ്യമാണ്. അത്തരമൊരു സാഹചര്യ രൂപീകരണത്തെക്കുറിച്ച് ഗൗരവതരമായി ചിന്തിക്കാനും, അതിനായി മുന്നിട്ടിറങ്ങാനും സഭാനേതൃത്വം സജ്ജമാകേണ്ടതുണ്ട്.

    ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ
    (കെസിബിസി ജാഗ്രത ന്യൂസ് എഡിറ്റോറിയൽ)


    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
    Follow this link to join our
     WhatsAppgroup

    ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
    Follow this link to join our
     Telegram group