സഭയുടെ പൊതുപൈതൃകമാണ് ആരാധനക്രമം : കർദിനാൾ മാർ ജോർജ് ആലഞ്ചേരി

സഭയുടെ പൊതുപൈതൃകമാണ് ആരാധനക്രമമെന്ന് ഉദ്ബോധിപ്പിച്ച് സീറോ മലബാർ സഭയുടെ മേജർ ആർച്ചു ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സീറോ മലബാർ സെന്റട്രൽ ലിറ്റർജി കമ്മിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ ആലഞ്ചേരി. എല്ലാ രൂപതകളിലെയും വൈദികരുടെ പ്രതിനിധികളും സന്യസ്ത അൽമായ പ്രതിനിധികളും ദൈവശാസ്ത്ര ആരാധനക്രമ പണ്ഡിതരും ഉൾക്കൊള്ളുന്നതാണ് സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി. സീറോ മലബാർ സഭയുടെ ആരാധനക്രമ ഗ്രന്ഥങ്ങൾ തയ്യാറാക്കുന്നതിലും സഭാത്മക ആധ്യാത്മികത വളർത്തിയെടുക്കുന്നതിലും സെന്റട്രൽ ലിറ്റർജി കമ്മിറ്റി നിർണ്ണായക പങ്കുവഹിക്കുന്നുവെന്ന് കർദിനാൾ പറഞ്ഞു. ലിറ്റർജിയെ സഭയുടെ പ്രവൃത്തിയായി മനസ്സിലാക്കി അവയെ വിശ്വസ്തതയോടെ പരികർമ്മം ചെയ്യാൻ വൈദികർ കടപ്പെട്ടിരിക്കുന്നു. നമ്മൾ ലിറ്റർജിയുടെ രചയിതാക്കാളോ, ഉടമകളോ അല്ലെന്നും പ്രത്യുത സൂക്ഷിപ്പുകാർ മാത്രമാണെന്നുള്ള യാഥാർഥ്യം എളിമയോടെ അംഗീകരിക്കണം. ആത്മപ്രചോദിതമായ ഒരു താത്കാലിക രചനയിലേക്ക് തരംതാണു പോകത്തക്ക രീതിയിലുള്ള പൊതുസ്വാതന്ത്ര്യം ലിറ്റർജിയുടെ ഘടനയോട് ചേർന്നു പോവുകയില്ല. ആയതിനാൽ സഭയുടെ പൊതുസമ്പത്തായ ലിറ്റർജിയെ കറകൂടാതെയും ചുളിവു കൂടാതെയും അതിന്റെ തനിമയിലും വിശുദ്ധിയിലും കാത്തു സൂക്ഷിക്കാൻ സഭാമക്കൾ കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സീറോമലബാർ ആരാധനക്രമ കമ്മീഷൻ ചെയർമാൻ മാർ തോമസ് ഇലവനാൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ആരാധനക്രമ കമ്മീഷൻ അംഗങ്ങളായ മാർ പോളി കണ്ണൂക്കാടൻ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ എന്നിവർ ആശംസകൾ നേർന്നു.

വടവാതൂർ സെമിനാരിയിലേക്കു സ്ഥലം മാറിപ്പോകുന്ന ആരാധനക്രമ കമ്മീഷൻ സെക്രട്ടറി ഫാ. ഫ്രാൻസിസ് പിട്ടാപ്പിള്ളിക്കു യാത്രയപ്പും പുതിയതായി നിയമിതരായിരിക്കുന്ന സെക്രട്ടറി ഫാ. ജിഫി മേക്കാട്ടുകുളത്തിനും അസിസ്റ്റന്റ് സെക്രട്ടറി ഫാ. ക്രിസ്റ്റി പള്ളിക്കുന്നത്തിനും സ്വാഗതവും നല്കി. ആരാധനക്രമ കമ്മീഷൻ അസിസ്റ്റന്റ് സെക്രട്ടറി ഫാ. ജേക്കബ് കിഴക്കേവീട് സദസ്സിനു സ്വാഗതവും ഫാ. ക്രിസ്റ്റി കപ്പൂച്ചിൻ കൃതജ്ഞതയും അർപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group