മാർപാപ്പയുടെ ബെൽജിയം, ലക്സംബർഗ് യാത്രകളുടെ ലോഗോ പ്രസിദ്ധീകരിച്ചു

ഫ്രാൻസിസ് പാപ്പയുടെ ബെൽജിയം, ലക്സംബർഗ് യാത്രകളുടെ ആപ്തവാക്യവും അടയാള ചിഹ്നവും പ്രസിദ്ധീകരിച്ചു. 26 മുതൽ 29 വരെയാണ് ഫ്രാന്‍സിസ് പാപ്പ അപ്പസ്തോലിക യാത്ര നടത്തുന്നത്. ലക്സംബർഗിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോയില്‍ ആശീർവാദം നൽകുന്ന ഫ്രാൻസിസ് പാപ്പയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തിൽ നോട്രഡാം കത്തീഡ്രലിന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്.

വെള്ളയും, മഞ്ഞയും ഇടകലർന്ന നിറക്കൂട്ട് വത്തിക്കാന്റെ പതാകയെ ചിത്രീകരിക്കുമ്പോള്‍ അവയ്ക്കിടയിലുള്ള നീലനിറം, ലക്സംബർഗ് കത്തോലിക്കാ വിശ്വാസത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയ മരിയൻ വണക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. “സേവിക്കപ്പെടാനല്ല, സേവിക്കാനാണ്” ഞാൻ വന്നിരിക്കുന്നതെന്ന മത്തായി ശ്ലീഹായുടെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വചനങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട്, ‘സേവിക്കുക’ എന്നതാണ് യാത്രയുടെ ആപ്തവാക്യം. മാനവികതയുടെ സേവനത്തിൽ ഏർപ്പെടുവാനുള്ള ക്രിസ്തുവിന്റെ വിളിയും ഈ ആപ്‌തവാക്യം ഓർമ്മിപ്പിക്കുന്നു.

ബെൽജിയത്തിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ അടയാള ചിഹ്നം, രാഷ്ട്രത്തിന്റെ ഭൂപടം പശ്ചാത്തലത്തിൽ നിലനിർത്തിക്കൊണ്ട് വ്യത്യസ്ത പ്രായത്തിലും, വിവിധ സംസ്കാരങ്ങളിലും ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് തയാറാക്കിയിരിക്കുന്നത്. ഭൂപടത്തിന്റെ നടുവിൽ ചിത്രീകരിച്ചിരിക്കുന്ന വഴിയിലൂടെ ഈ ആളുകളെല്ലാം നടന്നു നീങ്ങുന്നതും ദൃശ്യമാണ്. “പാതയിൽ: പ്രത്യാശയോടെ” എന്നതാണ് യാത്രയുടെ ആപ്‌തവാക്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group