ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് അക്കാദമിയിലെ വെള്ളക്കെട്ടില്‍ മരിച്ച 3 പേരില്‍ ഒരു മലയാളിയും: പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് അക്കാദമിയിലെ ബേസ്മെൻ്റിലുണ്ടായ വെള്ളക്കെട്ടില്‍ മൂന്നു പേർ മരണപ്പെട്ടു.

ഇക്കൂട്ടത്തില്‍ ഒരാള്‍ മലയാളിയാണ്. മരിച്ചത് എറണാകുളം സ്വദേശിയായ നവീൻ എന്ന വിദ്യാര്‍ത്ഥിയാണ്. ഇന്നലെ രാത്രിയാണ് ഇയാള്‍ വെള്ളക്കെട്ട് നിറഞ്ഞ ബേസ്മെൻ്റില്‍ കുടുങ്ങുകയും മരിക്കുകയും ചെയ്തത്.

നവീൻ്റെ മൃതദേഹം കണ്ടെത്തിയത് പുലര്‍ച്ചെ ഒരു മണിയോടെയാണ്. നവീന് പുറമെ മരിച്ച രണ്ട് വിദ്യാർത്ഥികളില്‍ ഒരാള്‍ തെലങ്കാന സ്വദേശിയും മറ്റൊരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. മരണവിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചതായി പറഞ്ഞ ഡല്‍ഹി പോലീസ്, മൂവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയതായും കൂട്ടിച്ചേർത്തു.

അപകടസമയത്ത് അക്കാദമിയുടെ ബേസ്‌മെൻറിലെ ലൈബ്രറിയില്‍ ഉണ്ടായിരുന്ന 40 ഓളം വിദ്യാര്‍ത്ഥികളില്‍ പലരും മുകളിലെ നിലയിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയുണ്ടായി. പിന്നീട് ഫയര്‍ഫോഴ്സും എൻ ഡി ആര്‍ എഫ് ഉദ്യോഗസ്ഥരുമെത്തി 14ഓളം പേരെ രക്ഷപ്പെടുത്തി. മൃതദേഹങ്ങള്‍ കണ്ടെത്തിയത് കെട്ടിടത്തിലെ വെള്ളം നീക്കിയപ്പോഴാണ്. ഡല്‍ഹി മുനിസിപ്പല്‍ കോർപ്പറേഷനെതിരെ വിദ്യാർഥികള്‍ പ്രതിഷേധവുമായെത്തി. മാർച്ച്‌ നടത്താൻ ശ്രമിച്ച ഇവരെ പോലീസ് തടയുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ സ്വാതി മലിവാള്‍ എം പിയും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയുണ്ടായി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m