ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനത്തിനായി മാർ റാഫേൽ തട്ടിൽ പുറപ്പെട്ടു

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ അജപാലന സന്ദർശനത്തിനായി സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പുറപ്പെട്ടു.

മേജർ ആർച്ചുബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി ബ്രിട്ടനിലെത്തുന്ന സഭാതലവനെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടൺ രൂപതാ പിആർഒ റവ.ഡോ. ടോം ഓലിക്കരോട്ട് അറിയിച്ചു.

2024 സെപ്റ്റംബർ 11 മുതൽ 29 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ രൂപതയുടെ വിവിധ ഇടവകകളും, മിഷൻ കേന്ദ്രങ്ങളും മാർ തട്ടിൽ സന്ദർശിക്കും. 11ന് ഹീത്രു വിമാനത്താവളത്തിൽ എത്തുന്ന മേജർ ആർച്ചുബിഷപ്പിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ സ്വീകരിക്കും. 12ന് റാംസ്ഗേറ്റ് ഡിവൈൻ ധ്യാനകേന്ദ്രത്തിൽ രൂപതയിലെ വൈദിക സമ്മേളനത്തെ മേജർ ആർച്ചുബിഷപ്പ് അഭിസംബോധന ചെയ്യും. 15ന് വൂൾവർ ഹാംപ്ടണിൽ ആയിരത്തിഅഞ്ഞൂറിൽപരം യുവജനങ്ങൾ പങ്കെടുക്കുന്ന “ഹന്തൂസാ“ എസ്.എം.വൈ.എം. കൺവെൻഷൻ മാർ തട്ടിൽ ഉദ്ഘാടനം ചെയ്യും. 16ന് ബെർമിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപത പുതുതായി വാങ്ങിയ മാർ യൗസേപ്പ് അജപാലന ഭവനത്തിന്റെയും രൂപതാ ആസ്ഥാനത്തിന്റെയും വെഞ്ചരിപ്പ് കർമ്മവും അദ്ദേഹം നിർവ്വഹിക്കും. 21ന് ബെഥേൽ കൺവെൻഷൻ സെൻ്റിൽ നടക്കുന്ന വിമൻസ് ഫോറം വാർഷിക കൺവെൻഷൻ മേജർ ആർച്ചുബിഷപ്പ് ഉദ്ഘാടനം ചെയ്യും.

വെസ്റ്റ് മിനിസ്റ്റർ കാർഡിനൽ വിൻസന്റ്റ് നിക്കോൾസ്, ഇംഗ്ലണ്ടിലെ വത്തിക്കാൻ സ്ഥാനപതി ആർച്ചുബിഷപ്പ് മിഗ്വൽ മൗറി എന്നിവരുമായും മാർ റാഫേൽ തട്ടിൽ കുടിക്കാഴ്ച്ചകൾ നടത്തും. ബ്രിസ്റ്റോളിലെ പുതിയ ഇടവക ദൈവാലയത്തിന്റെ കൂദാശാകർമ്മവും രൂപതയിലെ വിവിധ റീജിയനുകളിലെ പതിനഞ്ച് പുതിയ മിഷൻ കേന്ദ്രങ്ങളുടെ പ്രഖ്യാപനവും മാർ തട്ടിൽ നിർവ്വഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൺ രൂപതയ്ക്ക് സ്വന്തമായുള്ള അഞ്ച് ഇടവകകൾ സന്ദർശിക്കുകയും വിശുദ്ധ കുർബാനയർപ്പിക്കുകയും ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group