കുപ്രചരണത്തിനെതിരെ വിമര്‍ശനവുമായി മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക് കുറിപ്പ്

കൊച്ചി :ഏകീകൃത കുര്‍ബാന വിഷയത്തില്‍ തുടരുന്ന വ്യാപക കുപ്രചരണത്തിനെതിരെ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ജപമാലയും കുരിശിന്റെ വഴിയും സംരക്ഷിക്കാനാണ് തങ്ങൾ സമരം നടത്തുന്നതെന്ന് ഒരു വയോധികനായ വൈദികൻ ചാനലുകളെ വിളിച്ചുകൂട്ടി പറയുന്നത് കേട്ടുവെന്നും കത്തോലിക്ക സഭയിലെ ഏതെങ്കിലും രൂപതയിൽ കൊന്ത നമസ്കാരവും കുരിശിന്റെ വഴിയും ആരെങ്കിലും നിരോധിച്ചുവെന്നു ഇതുവരെ കേട്ടിട്ടുണ്ടോയെന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ ബിഷപ്പ് ചോദ്യമുയര്‍ത്തി.

ഏകീകൃത കുര്‍ബാന പ്രാബല്യത്തില്‍ വന്നാല്‍ ജപമാലയും കുരിശിന്റെ വഴിയും അടക്കമുള്ള പ്രാര്‍ത്ഥനകള്‍ നിരോധിക്കുമെന്ന തരത്തില്‍ വിമത വിഭാഗം വലിയ രീതിയില്‍ പ്രചരണം നടത്തുന്നുണ്ട്. ഇക്കാര്യം സീറോ മലബാര്‍ സഭ പൂര്‍ണ്ണമായും നിഷേധിച്ചിരുന്നു. എങ്കിലും സമീപ ദിവസങ്ങളിലായി വ്യാപകമായ വ്യാജ പ്രചരണം നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബിഷപ്പിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നത്. അതിരൂപതഭവനത്തിൽ കുടികിടപ്പു സമരം നടത്തി സഭാമാതാവിനെ വൈദികരും അല്‍മായരും അപമാനിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.

മാർപാപ്പയുടെ പടം വച്ച് ആളെ കൂട്ടിയിട്ട് അവരെ കൊണ്ട് മാർപാപ്പയുടെ തീരുമാനത്തിനെതിരെ സമരം ചെയ്യിക്കാൻ മനഃസാക്ഷിയുള്ളവർക്കു കഴിയുമോ?, കൊന്തചൊല്ലി പ്രാര്‍ത്ഥിച്ചിട്ട് അനുസരണവ്രതം ലംഘിച്ചാൽ അത് ലംഘനം അല്ലാതാവുമോ?, ‘സഭയോടൊപ്പം’ എന്ന ബോർഡ് വച്ചിട്ട് സഭയെ അപമാനിച്ചാൽ അത് അപമാനമല്ലാതാകുമോ? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങളും അദ്ദേഹം കുറിപ്പില്‍ ഉയര്‍ത്തുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group