മാർച്ച്‌ 12: വിശുദ്ധ സെറാഫിന..

1523-ലാണ് വിശുദ്ധ സെറാഫിന ജനിച്ചത്.
അവളെ ‘ഫിനാ’ യെന്നും വിളിച്ചിരിന്നു. വിശുദ്ധയുടെ ഓര്‍മ്മകളാല്‍ ധന്യമാക്കപ്പെട്ട സ്ഥലമാണ് ജെമിനിയാനോ നഗരം. അവളുടെ ഓര്‍മ്മപുതുക്കല്‍ ‘സാന്താ ഫിനാ’ എന്ന പേരില്‍ ആഘോഷിച്ചു വരുന്നു. വളരെ നല്ലരീതിയില്‍ ജീവിച്ചതിനു ശേഷം ദാരിദ്ര്യത്തിലേക്ക് വഴുതി വീണ ദമ്പതികളായിരുന്നു വിശുദ്ധയുടെ മാതാപിതാക്കള്‍. കാഴ്ചക്ക്‌ വളരെ മനോഹരിയായിരുന്നു വിശുദ്ധ സെറാഫിനാ. വളരെ ദാരിദ്ര്യത്തിലായിരുന്നു അവര്‍ ജീവിച്ചിരുന്നതെങ്കിലും അവള്‍ എപ്പോഴും തന്റെ ഭക്ഷണത്തിന്റെ ഒരു ഭാഗം ദാരിദ്ര്യത്തില്‍ കഴിയുന്നവര്‍ക്കായി ദാനം ചെയ്യുക പതിവായിരുന്നു.

അവള്‍ തന്റെ ഭവനത്തില്‍ സന്യാസപരമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. പകല്‍ മുഴുവന്‍ നൂല്‍ നൂല്‍പ്പും, തുന്നല്‍പ്പണികളും, രാത്രിയുടെ ഭൂരിഭാഗം പ്രാര്‍ത്ഥനയിലുമാണ് അവള്‍ ചിലവഴിച്ചിരുന്നത്. അവള്‍ യുവതിയായിരിക്കെ തന്നെ അവളുടെ പിതാവ്‌ മരണപ്പെട്ടു. അധികം നാള്‍ കഴിയുന്നതിനു മുന്‍പ്‌ തന്നെ അവളുടെ ജീവിതം ദുസ്സഹമാക്കികൊണ്ട് അവള്‍ മാരകമായ രോഗത്തിനടിമയായി. അവളുടെ കൈകളും, കാലുകളും, നേത്രങ്ങളും, പാദങ്ങളും, മറ്റുള്ള ആന്തരീകാവയവങ്ങളും മരവിച്ചു തളര്‍വാതം പിടിച്ചതുപോലെയായി.

സെറാഫിനയുടെ രൂപ ഭംഗിയും, ആകര്‍ഷകത്വവും നഷ്ടപ്പെടുകയും, കാഴ്ചക്ക്‌ വളരെ വിരൂപയായ ഒരു സ്ത്രീയായി തീരുകയും ചെയ്തു. കര്‍ത്താവിന്റെ കുരിശിലെ സഹനങ്ങളെപോലെ സഹനമനുഭവിക്കുവാനുള്ള ആഗ്രഹത്താല്‍ ആറു വര്‍ഷത്തോളം അവള്‍ ഒരു മരപലകയില്‍ അനങ്ങുവാനും, തിരിയുവാനും കഴിയാതെ ഒരേ അവസ്ഥയില്‍ തന്നെ കിടന്നു. ജോലി ചെയ്യുവാനും, യാചിക്കുവാനുമായി അവളുടെ മാതാവ്‌ മണിക്കൂറുകളോളം അവളെ ഒറ്റക്കാക്കി പോകുമായിരുന്നു. എന്നിരുന്നാലും അവള്‍ യാതൊരു പരാതിയും പറഞ്ഞിരുന്നില്ല. കഠിനമായ വേദനകള്‍ സഹിക്കുമ്പോഴും അവള്‍ തന്റെ കണ്ണുകള്‍ ക്രൂശിത രൂപത്തില്‍ ഉറപ്പിച്ചുകൊണ്ടു വളരെ ശാന്തതയോടെ കിടക്കുകയും “എന്റെ വേദനകളല്ല യേശുവേ, നീന്നെ കാണാനുള്ള ആഗ്രഹമാണ് എന്നെ വേദനിപ്പിക്കുന്നത്” എന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തിരുന്നു.

അങ്ങിനെയിരിക്കെ പുതിയൊരു പ്രശ്നം അവളുടെ ജീവിതത്തിലേക്ക്‌ ഇടിത്തീപോലെ കടന്നുവന്നു. വിശുദ്ധയേ പൂര്‍ണ്ണമായും തനിച്ചാക്കികൊണ്ട് അവളുടെ അമ്മ മരണപ്പെട്ടു. ബെല്‍ദിയാ എന്ന് പേരായ തന്റെ വിശ്വസ്തയായ ഒരു കൂട്ടുകാരി ഒഴികെ അവള്‍ പൂര്‍ണ്ണമായും സമൂഹത്തില്‍ അവഗണിക്കപ്പെടുകയും അധികം നാള്‍ ജീവിച്ചിരിക്കുകയില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാകുകയും ചെയ്തു. ദരിദ്രരായ അയല്‍ക്കാരുടെ സന്ദര്‍ശനങ്ങള്‍ വല്ലപ്പോഴുമൊരിക്കലായി ചുരുങ്ങി. അങ്ങനെയിരിക്കേ ആരോ അവളോടു മഹാനായ വിശുദ്ധ ഗ്രിഗറിയേകുറിച്ചും അദ്ദേഹത്തിന്റെ സഹനങ്ങളെക്കുറിച്ചും പറഞ്ഞു.

ഇത് അവളില്‍ അദ്ദേഹത്തെ പ്രതി ഒരു പ്രത്യേക ബഹുമാനം ഉളവാക്കുന്നതിന് കാരണമായി. ദൈവത്തിന്റെ ഇടപെടല്‍ കൊണ്ട് നിരവധി അസുഖങ്ങളാല്‍ പരീക്ഷിക്കപ്പെട്ട വിശുദ്ധ ഗ്രിഗറിയേപ്പോലെ താനും തന്റെ സഹനങ്ങള്‍ ക്ഷമാപൂര്‍വ്വം സഹിക്കുമെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. അവളുടെ മരണത്തിന് എട്ട് ദിവസങ്ങള്‍ക്ക് മുന്‍പ്‌ അവളെ ശ്രദ്ധിക്കുവാന്‍ ആരുമില്ലാതെ തനിച്ച് കിടക്കുന്ന അവസരത്തില്‍ വിശുദ്ധ ഗ്രിഗറി അവള്‍ക്ക്‌ ദര്‍ശനം നല്‍കികൊണ്ട് ഇങ്ങനെ പറഞ്ഞു “പ്രിയപ്പെട്ട മകളേ, എന്റെ തിരുനാള്‍ ദിവസം നിനക്ക്, ദൈവം വിശ്രമം തരും.” വിശുദ്ധന്‍റെ വാക്കുകള്‍ പോലെ അവള്‍ തിരുനാള്‍ ദിവസം ലോകത്തോട് വിടപറഞ്ഞു.

അന്ത്യകര്‍മ്മങ്ങള്‍ക്കായി അവളുടെ മൃതദേഹം കിടത്തിയിരുന്ന പലകയില്‍ നിന്നും അത് മാറ്റിയപ്പോള്‍ അഴുകിയ ആ പലക വെള്ള ലില്ലി പുഷ്പങ്ങളാല്‍ അലംകൃതമായിരിക്കുന്നതായി കാണപ്പെട്ടു. മുഴുവന്‍ നഗരവാസികളും അവളുടെ അന്ത്യകര്‍മ്മത്തില്‍ പങ്കെടുത്തു. അവളുടെ മധ്യസ്ഥതയാല്‍ നിരവധി അത്ഭുതങ്ങള്‍ നടന്നതായും പറയപ്പെടുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group