മെയ്‌ 23: കോര്‍സിക്കായിലെ വിശുദ്ധ ജൂലിയ..

കാര്‍ത്തേജിലെ ഒരു കുലീനയായ കന്യകയായിരുന്നു വിശുദ്ധ ജൂലിയ. 489-ല്‍ ഗോത്രവര്‍ഗ്ഗക്കാരുടെ രാജാവായിരുന്ന ജെന്‍സെറിക്ക് ആ നഗരം കീഴടക്കിയപ്പോള്‍ വിശുദ്ധയെ പിടികൂടുകയും, യൂസേബിയൂസ് എന്ന് പേരായ വിജാതീയനായ ഒരു കച്ചവടക്കാരന് അവളെ അടിമയായി വില്‍ക്കുകയും ചെയ്തു. അവിടത്തെ ക്ലേശകരമായ ജോലികള്‍ വിശുദ്ധ സന്തോഷത്തോടും, ക്ഷമയോടും കൂടി ചെയ്യുകയും അതില്‍ ആനന്ദം കണ്ടെത്തുകയും ചെയ്തു.

കടുത്ത വിഗ്രഹാരാധകനും, ആ ദ്വീപിലെ ഗവര്‍ണറുമായിരുന്ന ഫെലിക്സ് തങ്ങളുടെ ദൈവത്തെ പരസ്യമായി അധിഷേപിക്കുന്ന ഈ സ്ത്രീ ആരാണെന്ന് ചോദിച്ചപ്പോള്‍, അവള്‍ ഒരു ക്രിസ്ത്യാനിയാണെന്ന് യൂസേബിയൂസ് വെളിപ്പെടുത്തി. തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അവളുടെ മതത്തെ വിശ്വാസത്തെ ഉന്മൂലനം ചെയ്യാൻ തനിക്ക്‌ കഴിഞ്ഞില്ലയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല അവള്‍ വളരെ കഠിനമായി ജോലിചെയ്യുന്നവളും, വിശ്വസ്തയുമാണെന്നും അതിനാല്‍ തനിക്ക്‌ അവളെ വിട്ടുപിരിയുവാന്‍ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുകേട്ട ഗവര്‍ണര്‍ തന്റെ അടിമകളില്‍ ഏറ്റവും നല്ല നാല് സ്ത്രീകളെ അദ്ദേഹത്തിന് വിശുദ്ധക്ക് പകരമായി വാഗ്ദാനം ചെയ്തു. എന്നാല്‍ “നിങ്ങളുടെ മുഴുവന്‍ സമ്പത്തിനും അവളെ വാങ്ങുവാന്‍ കഴിയുകയില്ല, ഈ ലോകത്ത്‌ എനിക്കുള്ള ഏറ്റവും അമൂല്യമായ വസ്തുപോലും ഞാന്‍ ഇവള്‍ക്കായി ഉപേക്ഷിക്കുവാന്‍ തയ്യാറാണ്” എന്നായിരുന്നു യൂസേബിയൂസിന്റെ മറുപടി. എന്നാല്‍ യൂസേബിയൂസ് മദ്യപിച്ചു ഉറങ്ങുന്ന അവസരത്തില്‍ ഗവര്‍ണര്‍ വിശുദ്ധയോട് തങ്ങളുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുകയാണെങ്കില്‍ താന്‍ അവളെ മോചിപ്പിക്കാമെന്ന്‌ വാഗ്ദാനം ചെയ്തു.

എന്നാല്‍ തനിക്ക്‌ തന്റെ യേശുവിനെ സേവിക്കുവാന്‍ കഴിയുന്നിടത്തോളം കാലം താന്‍ സ്വതന്ത്രയാണെന്നായിരുന്നു വിശുദ്ധയുടെ മറുപടി. വിശുദ്ധയുടെ മറുപടി കേട്ടപ്പോള്‍ താന്‍ അപമാനിക്കപ്പെട്ടതായി ഫെലിക്സിന് തോന്നി. പെട്ടെന്നുള്ള ദേഷ്യത്തിന് ഫെലിക്സ് വിശുദ്ധയുടെ മുഖത്ത് ശക്തിയായി അടിക്കുകയും, അവളുടെ തലയില്‍ നിന്നും ഒരു ഭാഗം മുടി വലിച്ചു പറിക്കുകയും ചെയ്തു. അവസാനം വിശുദ്ധയെ മരിക്കുന്നത് വരെ കുരിശില്‍ തൂക്കുവാന്‍ അദ്ദേഹം ഉത്തരവിട്ടു. ഗോര്‍ഗോണ്‍ ദ്വീപിലെ കുറച്ച് സന്യാസിമാര്‍ വിശുദ്ധയുടെ മൃതദേഹം തങ്ങളുടെ കൂടെ കൊണ്ടുപോയി.

പക്ഷേ 768-ല്‍ ലൊംബാര്‍ഡിയിലെ രാജാവായിരുന്ന ഡെസിഡെരിയൂസ് വിശുദ്ധയുടെ ഭൗതീകശരീരം അവിടെ നിന്നും ബ്രെസിയായിലേക്ക്‌ മാറ്റി. അവിടെ വിശുദ്ധയുടെ ഓര്‍മ്മദിനം വളരെ ഭക്തിപൂര്‍വ്വം ആഘോഷിച്ചുവരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group