May 28: പാരീസിലെ മെത്രാനും, കുമ്പസാരകനുമായിരുന്ന വിശുദ്ധ ജെര്‍മാനൂസ്

469-ല്‍ ഓട്ടൂണിലാണ് വിശുദ്ധ ജെര്‍മാനൂസ് ജനിച്ചത്.
പുരോഹിതനും, തന്റെ ബന്ധുവുമായിരുന്ന സ്കാപിലിയോണിന്റെ പരിപാലനയില്‍ ജെര്‍മാനൂസ് ഒരു നല്ല ദൈവഭക്തനും, അറിവുള്ളവനുമായി വളര്‍ന്നു. യുവാവായിരിക്കെ തന്നെ ഏതു മോശം കാലാവസ്ഥയായിരുന്നാല്‍ പോലും പള്ളിയില്‍ പോകുന്നത് വിശുദ്ധന്‍ മുടക്കാറില്ലായിരുന്നു. ഓട്ടൂണിലെ മെത്രാനായിരുന്ന വിശുദ്ധ അഗ്രിപ്പിനൂസിന്റെ കയ്യില്‍ നിന്നും പൗരോഹിത്യ പട്ടം സ്വീകരിച്ച ജെര്‍മാനൂസ്, നഗരത്തിന്റെ പ്രാന്തപ്രദേശത്തുണ്ടായിരുന്ന വിശുദ്ധ സിംഫോറിയന്റെ ആശ്രമത്തിലെ ആശ്രമാധിപതിയായി നിയമിതനായി. ആ ഭവനം പിന്നീട് പുരോഹിതാര്‍ത്ഥികളുടെ ഒരാശ്രമമാക്കി മാറ്റപ്പെട്ടു.

വിശുദ്ധനുമായി ഒരുപാടു ഇടപഴകിയിട്ടുള്ള പോയിട്ടിയേഴ്സിലെ മെത്രാനായിരുന്ന ഫോര്‍റ്റുണാറ്റൂസ് പറഞ്ഞിട്ടുള്ളത്‌, അക്കാലങ്ങളില്‍ വിശുദ്ധന് പ്രവചന വരവും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനുള്ള കഴിവും ഉണ്ടായിരിന്നുവെന്നാണ്. ഒരു രാത്രിയില്‍ വിശുദ്ധനുണ്ടായ ഒരു സ്വപ്നത്തില്‍ ഒരു വൃദ്ധന്‍ പ്രത്യക്ഷപ്പെട്ടു. വിശുദ്ധന്റെ കയ്യില്‍ പാരീസ് നഗരത്തിന്റെ താക്കോല്‍ ഏല്‍പ്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു, ‘ദൈവം പാരീസ് നിവാസികളെ വിശുദ്ധന്റെ സംരക്ഷണയില്‍ ഏല്‍പ്പിക്കുകയാണ്. അവരെ നാശത്തില്‍ നിന്നും രക്ഷിക്കണം’. നാല് വര്‍ഷത്തിന് ശേഷം പാരീസിലെ മെത്രാനായിരുന്ന യൂസേബിയൂസിന്റെ നിര്യാണത്തോടെ വിശുദ്ധന്‍ പാരീസിലെ മെത്രാനായി അഭിഷിക്തനായി.

മെത്രാനായിട്ട് പോലും വിശുദ്ധന്റെ ലാളിത്യത്തില്‍ യാതൊരു മാറ്റവും വന്നിരുന്നില്ല, അത് വിശുദ്ധന്റെ വസ്ത്രങ്ങളിലും, മേശയിലും, മറ്റുള്ള വീട്ടുപകരണങ്ങളിലും പ്രകടമായിരുന്നു. രാത്രി ഒമ്പത് മണിക്ക് പള്ളിയില്‍ പോയാല്‍, പുലരുവോളം വിശുദ്ധന്‍ അവിടെ പ്രാര്‍ത്ഥനയുമായി കഴിയുമായിരുന്നു. ദരിദ്രരുടേയും, ഭിക്ഷക്കാരുടേയും സ്ഥിരം സന്ദര്‍ശന കേന്ദ്രമായിരുന്നു വിശുദ്ധന്റെ ഭവനം. കുറഞ്ഞകാലം കൊണ്ട് വിശുദ്ധന്‍ മുഴുവന്‍ നഗരത്തേയും മാറ്റിയെടുത്തു. ഭൗതീകസുഖങ്ങളില്‍ മുഴുകിയിരുന്ന രാജാവായിരുന്ന ചില്‍ഡെബെര്‍ട്ടിനെ വിശുദ്ധന്‍ ഒരു നല്ല ഭക്തനാക്കി മാറ്റിയെടുത്തു. മാത്രമല്ല മെത്രാന്റെ ഉപദേശത്താല്‍ രാജാവ് നിരവധി ആതുരസ്ഥാപനങ്ങള്‍ സ്ഥാപിക്കുകയും, പാവങ്ങളെ സഹായിക്കുവാനായി നല്ലൊരു തുക വിശുദ്ധന്റെ പക്കല്‍ ഏല്‍പ്പിക്കുകയും ചെയ്തു.

ഒരിക്കല്‍ ചില്‍ഡെബെര്‍ട്ട് രോഗബാധിതനായി, എല്ലാ ചികിത്സകരും പരാജയപ്പെട്ടപ്പോള്‍ വിശുദ്ധ ജെര്‍മാനൂസ് അദ്ദേഹത്തെ സന്ദര്‍ശിക്കുകയും, ആ രാത്രി മുഴുവന്‍ അവിടെ തങ്ങി രാജാവിന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ രാജാവിന്റെ ദേഹത്ത് തന്റെ കരം വെച്ച നിമിഷം തന്നെ രാജാവ് പരിപൂര്‍ണ്ണമായും സുഖപ്പെട്ടു. ചില്‍ഡെബെര്‍ട്ട് രാജാവ് തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതിനു പ്രതിഫലമായി രാജാവ് സെല്ലെസ് ഭൂപ്രദേശം മുഴുവനായും, പാരീസിലെ സഭക്കും വിശുദ്ധ ജെര്‍മാനൂസിനുമായി നല്‍കി. എന്നിരുന്നാലും അധിക കാലം ഈ നല്ല രാജാവ് ജീവിച്ചിരുന്നില്ല.

ചില്‍ഡെബെര്‍ട്ടിനു ശേഷം അധികാരത്തില്‍ വന്ന അദ്ദേഹത്തിന്റെ സഹോദരനായ ക്ളോട്ടയര്‍ വിശുദ്ധനോട് കാര്യമായ അടുപ്പം ഉണ്ടായിരിന്നില്ല. ഒരിക്കല്‍ അദ്ദേഹത്തിന് കലശലായ പനി ബാധിച്ചപ്പോള്‍ ആരുടെയോ ഉപദേശപ്രകാരം വിശുദ്ധനെ വിളിച്ച് വരുത്തി. ദൈവത്തിന്റെ ശക്തിയിലും തന്റെ ഭക്തിയിലും പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്ന വിശുദ്ധന്‍ തന്റെ വസ്ത്രത്തിന്റെ തുമ്പുകൊണ്ട് രാജാവിന്റെ വേദനയുള്ള ഭാഗത്ത്‌ ഉരസിയപ്പോള്‍ അദ്ദേഹത്തിന്റെ വേദന അത്ഭുതകരമായി ശമിച്ചു. ആ നിമിഷം മുതല്‍ രാജാവിന് വിശുദ്ധനോട് വളരെയധികം ആദരവും, ബഹുമാനവും ഉണ്ടായി.

561-ല്‍ ക്ളോട്ടയറും മരിച്ചു. തുടര്‍ന്ന്‍ അദ്ദേഹത്തിന്റെ നാല് മക്കളും ഫ്രാന്‍സിനെ നാല് രാജ്യങ്ങളായി വിഭജിക്കുകയും ഓരോരുത്തര്‍ ഓരോ ഭാഗം ഭരിക്കുകയും ചെയ്തു. പാരീസ് ചാരിബെര്‍ട്ടിനാണ് ലഭിച്ചത്. ചാരിബെര്‍ട്ടാകട്ടെ അധാര്‍മ്മികതയില്‍ മുഴുകിയ, മര്‍ക്കടമുഷ്ടിക്കാരനായിരുന്നു. അദ്ദേഹം തന്റെ ആദ്യത്തെ ഭാര്യയെ ഉപേക്ഷിച്ച് അവളുടെ ദാസിയെ ഭാര്യയായി സ്വീകരിച്ചു, അവളുടെ മരണത്തിന് ശേഷം ആദ്യഭാര്യ ഇരിക്കെതന്നെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു.

രാജാവിന്റെ ഈ ദുര്‍നടപ്പുകള്‍ക്കെതിരെ നിരവധി തവണ വിശുദ്ധന്‍ അദ്ദേഹത്തെ ഉപദേശിച്ചുവെങ്കിലും ഫലം കണ്ടില്ല. അതിനാല്‍ രാജാവിന്റെ പാപങ്ങള്‍ നിമിത്തവും അദ്ദേഹത്തിന്റെ മാതൃക മറ്റുള്ളവര്‍ പിന്‍തുടരാതിരിക്കുവാനുമായി വിശുദ്ധന്‍ ചാരിബെര്‍ട്ടിനെ സഭയില്‍ നിന്നും പുറത്താക്കുവാന്‍ തീരുമാനിച്ചു. പക്ഷേ ദൈവകോപം രാജാവിന്റെ മേല്‍ പതിഞ്ഞു, അദ്ദേഹത്തിന്റെ പത്നി രോഗിയാകുകയും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു, അധികം താമസിയാതെ രാജാവും മരണത്തിന് കീഴടങ്ങി. ചാരിബെര്‍ട്ടിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ രാജ്യം മൂന്ന്‍ സഹോദരന്‍മാര്‍ കൂടി വീതിച്ചെടുത്തു.

പാരീസ് മൂന്നുപേരുടേയും കൂട്ടായ സ്വത്തായി മാറി. നഗരത്തില്‍ പൊതു സമാധാനം സ്ഥാപിക്കുവാന്‍ വിശുദ്ധന്‍ തനിക്ക് കഴിവുള്ളതെല്ലാം ചെയ്തു. ഇതില്‍ സിഗ്ബെര്‍ട്ടും, ചില്‍പ്പെറിക്കും തങ്ങളുടെ അസൂയാലുക്കളും, അത്യാര്‍ത്തിയുള്ള ഭാര്യമാരുടെ ഉപദേശത്താല്‍ പരസ്പരം യുദ്ധത്തിനു തയ്യാറായി. ചില്‍പ്പെറിക്ക് പിന്നീട് ടൂര്‍ണെയിലേക്ക് ഓടിപോയി. എന്നാല്‍ തന്റെ ഭാര്യയുടെ ഉപദേശത്താല്‍ ടൂര്‍ണെ ആക്രമിക്കുവാന്‍ പോയ സിഗ്ബെര്‍ട്ടിനെ തടഞ്ഞു കൊണ്ട്, തന്റെ സഹോദരനെ വെറുതെ വിടുവാനും, അല്ലെങ്കില്‍ ദൈവകോപത്തിന് പാത്രമാവേണ്ടി വരുമെന്ന് വിശുദ്ധന്‍ ഉപദേശിച്ചുവെങ്കിലും, ഫലം കണ്ടില്ല. വിശുദ്ധന്‍ പ്രവചിച്ചത് പോലെ തന്നെ, ചില്‍പ്പെറിക്കിന്റെ ഭാര്യയായ ഫ്രെഡഗോണ്ട ഏര്‍പ്പെടുത്തിയ കൊലപാതകികള്‍ അദ്ദേഹത്തെ വധിച്ചു. അധികം താമസിയാതെ ഭാര്യയുടെ ചതിയില്‍പ്പെട്ട് ചില്‍പ്പെറിക്കും വധിക്കപ്പെട്ടു.

ജെര്‍മ്മാനൂസ് തന്റെ വാര്‍ദ്ധക്യത്തിലും തന്റെ തീക്ഷ്ണതയും, ഭക്തിയും ഉപേക്ഷിച്ചില്ല. ജീവിതാവസാനമായപ്പോഴേക്കും വിശുദ്ധന്‍ തന്റെ ഭക്തിയെ ഇരട്ടിയാക്കി. വിശുദ്ധന്റെ ഊര്‍ജ്ജ്വസ്വലമായ പ്രവര്‍ത്തികളാല്‍ വിഗ്രഹാരാധന ഫ്രാന്‍സില്‍ പൂര്‍ണ്ണമായും ഇല്ലാതായി. വിശുദ്ധന്റെ ഉപദേശത്താലാണ് തന്റെ സാമ്രാജ്യത്തില്‍ നിന്നും മുഴുവന്‍ വിഗ്രഹങ്ങളും നശിപ്പിക്കുവാന്‍ ചില്‍ഡെബെര്‍ട്ട് രാജാവ് ഉത്തരവിട്ടത്. പാപികളെ മാനസാന്തരപ്പെടുത്തുന്ന തന്റെ ദൗത്യം 576 മെയ് 28ന് തന്റെ 80-മത്തെ വയസ്സില്‍ മരിക്കുന്നത് വരെ വിശുദ്ധന്‍ ധീരമായി തുടര്‍ന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group