ജെസ്ന മരിയയെ കാണാതായ സംഭവം; ഹർജി മാറ്റി

വെച്ചൂച്ചിറ സ്വദേശിനി ജെസ്ന മരിയയെ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലൈൻസ് ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന നല്കിയ ഹർജി ഹൈക്കോടതി ഒരു മാസം കഴിഞ്ഞു പരിഗണിക്കാനായി മാറ്റി. ഹർജിയിൽ കഴിഞ്ഞ ദിവസം സിബിഐ അന്വേഷണ സംഘം മുദ്ര വച്ച കവറിൽ ഒരു റിപ്പോർട്ട് നല്കിയിരുന്നു.

കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബി കോം വിദ്യാർത്ഥിനിയായിരുന്ന ജെസ്നയെ 2018ലാണ് വെച്ചൂച്ചിറ കുന്നത്തു വീട്ടിൽ നിന്ന് കാണാതായത്. ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് 2021 ഫെബ്രുവരി 19 ന് ഹൈക്കോടതി സിബിഐക്ക് വിട്ടു. ജെസ്‌നയെ കണ്ടെത്താൻ 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഹർജിയിൽ നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു.

2018 മാർച്ച് 22 നാണ് ജെസ്‌നയെ കാണാതാകുന്നത്. പിന്നീട് വിവിധ ഏജൻസികൾ കേസ് അന്വേഷിച്ചിട്ടും ജെസ്നയെ കണ്ടെത്താനായിരുന്നില്ല. തുട‍ർന്ന് കൊച്ചിയിലെ ക്രിസ്ത്യൻ അലയൻസ് ആന്റ് സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയിലാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്.

ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാർച്ച് 22-ന് ജെസ്ന വീട്ടിൽ നിന്ന് ഇറങ്ങിയത്. എരുമേലി വരെ ബസ്സിൽ വന്നതിന് തെളിവുണ്ട്. പിന്നീട് ജെസ്നയെ കണ്ടിട്ടില്ല. വെച്ചൂച്ചിറ പൊലീസ് ആദ്യം അന്വേഷിച്ചു. പിന്നീട് തിരുവല്ല ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചിൽ നടത്തി. ബംഗലുരു, പൂനൈ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ജെസ്‍നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങൾ വന്നതിനെ തുടർന്ന് ഇവിടങ്ങളിലും പോയി. എങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group