ക്രിസ്തീയ വിശ്വാസം പങ്കുവെയ്ക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന പുതിയ ആപ്ലിക്കേഷന് തുടക്കമായി

ക്രിസ്തീയ വിശ്വാസം പങ്കുവെയ്ക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന പുതിയ ആപ്ലിക്കേഷന് തുടക്കമായി. ‘ഏശയ്യ 61 മൂവ്മെന്റ്’ അഥവാ ‘ഐ61എം’ എന്ന ആപ്പ് ‘ക്രിസ്റ്റ്യന്‍സ് എഗൈന്‍സ്റ്റ് പോവര്‍ട്ടി’ എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ സ്ഥാപകനായ ഡോ. ജോണ്‍ കിര്‍ബിയും, ടീമുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിങ്ങള്‍ക്ക് എത്ര അക്രൈസ്തവരായ സുഹൃത്തുക്കള്‍ ഉണ്ട്?, ആളുകളോട് നിങ്ങളുടെ വിശ്വാസം പങ്കുവെക്കുവാന്‍ നിങ്ങള്‍ക്ക് എത്രമാത്രം ആത്മവിശ്വാസമുണ്ട്? തുടങ്ങിയ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുന്നതോടെയാണ് ആപ്പ് പ്രവര്‍ത്തനം ആരംഭിക്കുക. പ്രചോദനാത്മകമായ ഡോ. കിര്‍ബിയുടെ വീഡിയോകള്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുവാനും ആപ്ലിക്കേഷനില്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ അവസരമുണ്ട്.

ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുവാന്‍ അവിടുന്ന്‍ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു (ഏശയ്യ 61:1) എന്ന സുവിശേഷ വാക്യവും വിശ്വാസം പങ്കുവെയ്ക്കുന്നതില്‍ ക്രൈസ്തവര്‍ കാണിക്കുന്ന നിസംഗതയുമാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുവാന്‍ ഡോ. കിര്‍ബിക്ക് പ്രചോദനമായത്. പത്തു ക്രിസ്ത്യാനികളില്‍ എട്ട് പേര്‍ക്കും തങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുണ്ടെന്നും, 45% ക്രൈസ്തവര്‍ക്കും തങ്ങളുടെ വിശ്വാസത്തിന് പുറത്ത് കാര്യമായ സുഹൃത്തുക്കള്‍ ഇല്ലെന്നും ‘ഇവാഞ്ചലിക്കല്‍ അലയന്‍സ്’ നടത്തിയ ഒരു സര്‍വ്വേയില്‍ നിന്നും വ്യക്തമായിരുന്നു. തിരസ്കരിക്കപ്പെടുമെന്ന ഭയത്താല്‍ 25% ക്രൈസ്തവരും തങ്ങളുടെ വിശ്വാസം പങ്കുവെക്കുവാന്‍ തയ്യാറല്ലെന്നും സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. തങ്ങളുടെ ക്രിസ്തീയ ജീവിതം പങ്കുവെക്കുവാനും, മറ്റുള്ളവരോട്‌ സൗഹൃദം സ്ഥാപിക്കുവാനും, മറ്റുള്ളവരെ ശ്രദ്ധിക്കുവാനും, അവരോട് ദയ കാണിക്കുവാനും ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നു ‘ഐ61എം’ന്റെ ഓപ്പറേഷന്‍സ് വിഭാഗം തലവയായ ലിസ റോബര്‍ട്ട്സണ്‍ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group