നൈജീരിയൻ ക്രൈസ്തവർക്ക് ശുഭവാർത്ത;വിശുദ്ധനാട് സന്ദർശിക്കുന്ന ക്രൈസ്തവർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ചു

ക്രൈസ്തവ പീഡനം തുടർക്കഥയാകുന്ന നൈജീരിയയിൽ നിന്ന് ക്രൈസ്തവർക്ക് ശുഭ വാർത്ത. വിശുദ്ധനാട് സന്ദർശിക്കുന്ന ക്രൈസ്തവർക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് നൈജീരിയയിലെ എനുഗു സംസ്ഥാനത്തെ ഭരണനേതൃത്വം. ഇസ്രായേൽ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് സഹായം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം സർക്കാർ നടത്തിയത്. 274 ക്രൈസ്തവ വിശ്വാസികളായിരിക്കും സര്‍ക്കാര്‍ സഹായത്തോടെ ആദ്യ ബാച്ചിൽ വിശുദ്ധ നാട്ടിലേക്ക് പോകുക. എനുഗു ഗവർണർ ഇഫേഅന്യി ഉഗ്വുഅന്യി കഴിഞ്ഞ ദിവസം ആദ്യ ബാച്ചിലെ തീർത്ഥാടകരോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേർന്നു. സമാധാനത്തിനും, ഐക്യത്തിനും രാജ്യത്തിന്റെയും, സംസ്ഥാനത്തിന്റെയും ഉന്നമനത്തിനും വേണ്ടിയാണ് അവർ പ്രാർത്ഥിച്ചത്.

ബുദ്ധിമുട്ടേറിയതും, വിചിത്രവുമായ സമയത്തുകൂടിയാണ് രാജ്യം കടന്നു പോകുന്നതെന്ന് പറഞ്ഞ ഉഗ്വുഅന്യി ദൈവത്തിന്റെ ഇടപെടൽ ഈ നാളുകളിൽ ആവശ്യമാണെന്ന് കൂട്ടിച്ചേർത്തു. നൈജീരിയയിൽ 2023-ല്‍ നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനു വേണ്ടിയും,തടസ്സമില്ലാത്ത ഭരണ കൈമാറ്റത്തിന് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് തീർത്ഥാടകരോട് ഗവർണർ അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ ക്രിസ്ത്യൻ പിൽഗ്രിം വെൽഫെയർ ബോർഡിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറി നെസ്തർ എസിമേ ക്രൈസ്തവർക്ക് സാമ്പത്തിക സഹായം നൽകാൻ തീരുമാനമെടുത്ത ഗവർണറുടെ നടപടിയെ സ്വാഗതം ചെയ്തു.

സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയുള്ള തീരുമാനങ്ങൾ സർക്കാർ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലായെന്ന് പറഞ്ഞ അദ്ദേഹം, വിശ്വാസപരമായ പരിപാടികൾക്ക് ഗവർണർ നൽകുന്ന സംഭാവനകൾക്ക് നന്ദി രേഖപ്പെടുത്തി. ക്രിസ്ത്യൻ പിൽഗ്രിം വെൽഫെയർ ബോർഡിന്റെ അധ്യക്ഷൻ ബിഷപ്പ് ഇമ്മാനുവേൽ എഡേയും ഗവർണർക്ക് നന്ദി രേഖപ്പെടുത്തി .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group