നീലേശ്വരം വെടിക്കെട്ടപകടം; സ്വമേധയാ കേസെടുത്ത് പ്രതികളുടെ ജാമ്യം റദ്ദാക്കി ജില്ലാകോടതി

കാഞ്ഞങ്ങാട്: നീലേശ്വരം തെരു അഞ്ഞൂറ്റമ്ബലം വീരർക്കാവ് വെടിക്കെട്ട് അപകടത്തില്‍ അറസ്റ്റിലായവർക്ക് ജാമ്യം നല്‍കിയ ഹൊസ്ദുർഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്(രണ്ട്) കോടതിയുടെ വിധി ജില്ലാ സെഷൻസ് കോടതി സ്റ്റേ ചെയ്തു.

ജാമ്യം റദ്ദാക്കുകയും ചെയ്തു. റിമാൻഡിലുള്ളവർ ജയിലില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ലെങ്കില്‍ വിടേണ്ടതില്ലെന്നു ഉത്തരവിട്ട ജില്ലാ സെഷൻസ് ജഡ്ജ് സാനു എസ്.പണിക്കർ പുറത്തിറങ്ങിയവർക്ക് കോടതിയില്‍ ഹാജരാകാൻ നോട്ടീസ് അയക്കാനും നിർദേശം നല്‍കി. സ്വമേധയാ കേസെടുത്താണ് ജില്ലാ കോടതിയുടെ അപൂർവമായി നടപടി.

കേസിലെ ഒന്നും രണ്ടു പ്രതികളായ ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ, കെ.ടി.ഭരതൻ, ഏഴാം പ്രതി പടക്കംപൊട്ടിച്ച പി.രാജേഷ് എന്നിവർക്കാണ് ഹൊസ്ദുർഗ് മജിസ്ടേറ്റ് ബാലുദിനേഷ് വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യമുള്‍പ്പെടെയുള്ള വ്യവസ്ഥയോടെയായിരുന്നു ഇത്.

മണിക്കുറുകള്‍ക്കുള്ളില്‍ ചന്ദ്രശേഖരനും ഭരതനും ജയിലില്‍ നിന്നു പുറത്തിറങ്ങി. ആള്‍ ജാമ്യത്തിന് ആരുമെത്താതിരുന്നതിനാല്‍ രാജേഷിന് പുറത്തിറങ്ങാനായില്ല. മേല്‍ക്കോടതി ഉത്തരവുണ്ടായതിനാല്‍ രാജേഷിനെ ജില്ലാ ജയിലില്‍ നിന്നു ശനിയാഴ്ച പുറത്തു വിട്ടില്ല.

ഇക്കഴിഞ്ഞ തിങ്കളാഴ്ച അർധരാത്രിയിലാണ് വെടിക്കെട്ടപകടം ഉണ്ടായത്. മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം(വെള്ളാട്ടം) അരങ്ങിലെത്തിയപ്പോഴാണ് വെടിപ്പുരയില്‍ നിന്നു തീ ആളിപ്പടർന്നത്. 200 ലേറെപ്പേർക്ക് പരിക്കേറ്റിരുന്നു. ചികിത്സയിലള്ള ഒരാള്‍ കഴിഞ്ഞ ശനിയാഴ്ച മരണപ്പെടുകയും ചെയ്തിരുന്നു.

നിരവധിപ്പേർ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. ഈ സാഹചര്യത്തില്‍ വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേർത്താണ് ഒൻപതു പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നത്. ഇവരില്‍ നാലുപേരെ അറസ്റ്റു ചെയ്തു.

പടക്കം പൊട്ടിക്കാൻ രാജേഷിനൊപ്പം ചേർന്ന കെ.വി. വിജയനാണ് നാലാമത്തെയാള്‍. ഇയാളുടെ ജാമ്യ ഹർജി ഹൊസ്ദുർഗ് കോടതി പരിഗണിക്കാനിക്കെയാണ് ജില്ലാ കോടതിയുടെ വിധി. അനുമതിയില്ലാതെയാണ് പടക്കം പൊട്ടിച്ചതെന്നും കുറ്റത്തിന്റെ തീവ്രത മനസിലാക്കിയാണ് സ്വമേധയാ കേസെടുത്തതെന്നും സ്റ്റേ ഉത്തരവില്‍ വ്യക്തമാക്കി.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൊസ്ദുർഗ് കോടതിയുടെ വിധി റദ്ദാക്കണമെന്നാആവശ്യപ്പെട്ട് അന്വേഷണ സംഘം ജില്ലാ സെഷൻസ് കോടതിയില്‍ ഹർജി നല്‍കിയിരുന്നു. അപ്പീല്‍ ഹർജി കോടതി ഫയലില്‍ സ്വീകരിക്കുന്നതിന് മുൻപേയാണ് സ്വമേധയാ കേസെടുത്ത് ജില്ലാക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. കീഴ്ക്കോക്കോടതി വിധി റദ്ദാക്കണമെന്നാണ് പോലീസ് അപ്പീല്‍ ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഹർജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കുകയായിരുന്നു. മനുഷ്യ ജീവന് അപായമുണ്ടാക്കുന്ന രീതിയില്‍ മനപ്പൂർവം വെടിക്കെട്ട് നടത്തിയെന്നായിരുന്നു റിമാൻഡ് റിപ്പോർട്ട്. എന്നാല്‍ യാദൃശ്ചികമായി സംഭവിച്ചതാണെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം അംഗീകരിച്ചായിരുന്നു ഹൊസ്ദുർഗ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. യാദൃശ്ചികമായി സംഭവിച്ചതല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാണെന്നും അതിനാലാണ് വധശ്രമം ഉള്‍പ്പെടുത്തിയതെന്നും ജില്ലാ പബ്ലിക്് പ്രോസിക്യൂട്ടർ അഡ്വ. പി.വേണുഗോപാല്‍ മുഖേനെ സമർപ്പിച്ച അപ്പീല്‍ ഹർജിയില്‍ പറഞ്ഞു

അപകടത്തില്‍ സാരമായി പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ സന്ദീപ് ആണ് മരിച്ചത്. നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m