ഒൻപതു വയസുകാരി ധന്യരുടെ നിരയിലേക്ക്…

വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതമാതൃക അനുകരിക്കുകയും ദിവ്യകാരുണ്യ ഭക്തിയിൽ വളരുകയും ചെയ്ത ഒൻപതു വയസുള്ള ബ്രസീലിയൻ പെൺകുട്ടി ധന്യരുടെ നിരയിലേക്ക്. വിശുദ്ധ യൗസേപ്പിന്റെ ഏറ്റവും പ്രായം കുറഞ്ഞ ഭക്ത എന്ന വിശേഷണത്തോടെ ഒൻപതാം വയസിൽ ഇഹലോകവാസം വെടിഞ്ഞ ഒഡെറ്റ് വിഡാൽ ഡി ഒലിവേര യാണ് ധന്യരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നത്.

വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തിൽ തിരുസഭ വിശ്വാസീസമൂഹത്തിന് നൽകുന്ന സമ്മാനമായും ഈ നടപടിയെ വിശേഷിപ്പിക്കാം. ഒഡെറ്റ് ഒലിവേരയുടെ 82-ാം ചരമവാർഷികത്തിലായിരുന്നു വത്തിക്കാന്റെ പ്രഖ്യാപനമെന്നതും ശ്രദ്ധേയം. മസ്തിഷ്‌ക ജ്വര ബാധിതയായി 1939 നവംബർ 25നാണ്, ആ കുഞ്ഞുമാലാഖ ഇഹലോകവാസം വെടിഞ്ഞത്.

പോർച്ചുഗീസ് വംശജരായ മാതാപിതാക്കളുടെ മകളായി 1930 സെപ്റ്റംബർ 15ന് റിയോ ഡി ജനീറോയിലായിരുന്നു അവളുടെ ജനനം. വളരെ ചെറുപ്പത്തിൽത്തന്നെ അസാധാരണമായ ഭക്തിയും വിശുദ്ധിയും പ്രകടിപ്പിച്ച അവൾ പാവങ്ങളെ സഹായിക്കുന്നതിലും തൽപ്പരയായിരുന്നു. അമ്മയോടൊപ്പം അനുദിനം ദിവ്യബലിയിൽ പങ്കെടുത്തിരുന്ന അവൾ ദിവ്യകാരുണ്യ ഭക്തിക്കൊപ്പം മരിയഭക്തിയും ജീവിതവ്രതമാക്കി.

‘ആത്മീയ കാര്യങ്ങളിൽ പ്രായത്തിൽ കവിഞ്ഞ പക്വതയുള്ളവൾ’ എന്ന വിശേഷണം ആലങ്കാരികമായി ഉപയോഗിക്കുന്നതല്ല. നാലു വയസുമാത്രം പ്രായമുള്ളപ്പോൾ മുതൽ ദിവ്യകാരുണ്യ ഈശോയുമായി അവൾ ആത്മനാ സംസാരിച്ചിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ യൗസേപ്പിതാവിന് വിശ്വാസീസമൂഹം അർഹമായ പ്രാധാന്യം നൽകുന്നില്ല എന്ന സങ്കടം അവൾ പതിവായി പങ്കുവെച്ചിരുന്നു എന്നുകൂടി അറിയുമ്പോഴേ, ആ ആത്മീയ പക്വതയുടെ ആഴം വ്യക്തമാകൂ..

ബോട്ടാഫോഗോയിലെ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് സെമിത്തേരിയിലെ ഒഡെറ്റ് ഒലിവേരയുടെ കബറിടത്തിൽ നിരവധി പേരാണ് പ്രാർത്ഥനയ്ക്ക് അണയുന്നത്. ഒഡെറ്റ് ഒലിവേരയുടെ മധ്യസ്ഥതയിൽ നിരവധി അത്ഭുതങ്ങളും അവിടെ നടക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group