ഗര്‍ഭഛിദ്രം പാടില്ല: ചരിത്ര പ്രധാനമായ വിധിയുമായി അമേരിക്കന്‍ സുപ്രിംകോടതി

സ്വന്തം തീരുമാന പ്രകാരം ഗര്‍ഭഛിദ്രം ചെയ്യാനുള്ള സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശം പിന്‍വലിച്ച് അമേരിക്കന്‍ സുപ്രിം കോടതിയുടെ വിധി.

ഗര്‍ഭഛിദ്രം ചെയ്യാനുള്ള അവകാശങ്ങളെ സംരക്ഷിക്കുന്ന ചരിത്ര പ്രസിദ്ധമായ 1973 റോ വേള്‍സസ് വേഡ് വിധിയാണ് സുപ്രിം കോടതി റദ്ദാക്കിയത്. ഇനി മുതല്‍ സംസ്ഥാനങ്ങള്‍ക്ക് ഗര്‍ഭഛിദ്രം നിയന്ത്രിക്കാനോ നിരോധിക്കാനോ ഉള്ള നിയമ നിര്‍മ്മാണത്തിന് സ്വമേധയാ തീരുമാനമെടുക്കാം. 15 ആഴ്ച വളര്‍ച്ചയെത്തിയ ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നിരോധിച്ചു കൊണ്ട് മിസിസിപ്പി സംസ്ഥാനം പാസാക്കിയ നിയമവും യു എസ് സുപ്രിം കോടതി അംഗീകരിച്ചു. (US Supreme Court ends constitutional right to abortion).

സ്വന്തം ശരീരത്തിന്മേലുള്ള തീരുമാനങ്ങളെടുക്കാന്‍ സ്ത്രീകള്‍ക്കുള്ള അവകാശത്തെ സംരക്ഷിക്കുന്ന റോ വേഡ് വിധിയാണ് നിലവിൽ അസാധുവായിരിക്കുന്നത്. ഇനി മുതൽ സ്ത്രീകളുടെ ഗര്‍ഭഛിദ്രത്തെ നിയന്ത്രിക്കാനുള്ള അവകാശം ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളില്‍ നിക്ഷിപ്തമായിരിക്കുമെന്ന് ജസ്റ്റിസ് സാമുവേല്‍ അലിറ്റോ അറിയിക്കുകയും ചെയ്തു. അമേരിക്കയിലെ മതാത്മക വലതുപക്ഷം 50 വര്‍ഷത്തോളമായി ഉയര്‍ത്തുന്ന ആവശ്യമാണ് ഒടുവില്‍ കോടതി അംഗീകരിച്ചത്.

ഗര്‍ഭഛിദ്രമെന്ന വിഷയത്തെക്കുറിച്ച് അമേരിക്കക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് പുതിയ വിധി പുറപ്പെടുവിച്ച കണ്‍സര്‍വേറ്റീവ് ജസ്റ്റിസുമാരെ നോമിനേറ്റ് ചെയ്തത്. മൂന്ന് ലിബറല്‍ ജസ്റ്റിസുമാരും കോടതിയില്‍ തങ്ങളുടെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group