നഴ്സിങ് പ്രവേശനം: മെറിറ്റ് സീറ്റുകൾ വിട്ടുനൽകില്ല; മാനേജ്മെന്റുകളെ തള്ളി സർക്കാർ

തിരുവനന്തപുരം: ബി.എസ്സി. നഴ്സിങ് കോഴ്സില്‍ ഒഴിഞ്ഞു കിടക്കുന്ന മെറിറ്റ് സീറ്റുകളില്‍ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന മാനേജ്മെന്റുകളുടെ ആവശ്യം സർക്കാർ തള്ളി.

ഈ മാസം പതിനഞ്ചിനു ശേഷം ഒഴിവുവരുന്ന സീറ്റുകള്‍ മാനേജ്മെന്റ് സീറ്റുകളായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. പ്രൈവറ്റ് നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനും ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷനും ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിന് കത്തുനല്‍കിയിരുന്നു.

ഈ ആവശ്യം തള്ളിയ ആരോഗ്യവകുപ്പ്, ഒഴിവുള്ള സീറ്റുകള്‍ ഒക്ടോബർ 31-നകം നികത്താൻ പ്രവേശനനടപടികള്‍ നിയന്ത്രിക്കുന്ന എല്‍.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിക്ക് നിർദേശം നല്‍കി. സ്വാശ്രയ നഴ്സിങ് കോളേജുകളിലെ പകുതിസീറ്റുകളാണ് മാനേജ്മെന്റ് സീറ്റുകളായി പരിഗണിക്കുന്നത്. ഇതില്‍ മാനേജ്മെന്റ് അസോസിയേഷനുകള്‍ നേരിട്ടാണ് വിദ്യാർഥികളെ പ്രേവശിപ്പിക്കുന്നത്. അസോസിയേഷനുകളില്‍ ഇല്ലാത്ത കോളേജുകള്‍ നേരിട്ടും ഈ സീറ്റുകള്‍ നികത്തും.

സർക്കാരിന് നല്‍കിയിട്ടുള്ള 50 ശതമാനം സീറ്റുകളില്‍ മെറിറ്റ് അടിസ്ഥാനത്തില്‍ എല്‍.ബി.എസ്. ആണ് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത്. പ്രത്യേക അലോട്മെന്റുകളടക്കം അഞ്ച് അലോട്മെന്റുകള്‍ അവർ നടത്തിയിട്ടും ചില കോളേജുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുവന്നിട്ടുണ്ട്. ആകെ എത്രയെന്ന് തിട്ടപ്പെടുത്തിയിട്ടില്ല.

ഈ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാല്‍ നാലുവർഷം തങ്ങള്‍ നഷ്ടം സഹിക്കേണ്ടിവരുമെന്നാണ് മാനേജ്മെന്റുകള്‍ പറയുന്നത്. മുൻവർഷങ്ങളില്‍ ഒഴിവുവരുന്ന സീറ്റുകള്‍ നികത്താൻ പ്രവേശനസമയക്രമം അവസാനിക്കുന്നതിനുമുൻപ് തങ്ങള്‍ക്ക് അവസരം ലഭിച്ചിരുന്നെന്നും അവർ പറയുന്നു. ഈ 31 വരെയാണ് നഴ്സിങ് പ്രവേശനം പൂർത്തിയാക്കാൻ അഖിലേന്ത്യാ നഴ്സിങ് കൗണ്‍സില്‍ സമയം അനുവദിച്ചിട്ടുള്ളത്.

സർക്കാർ നിർദേശമനുസരിച്ച്‌ പ്രത്യേക അലോട്മെന്റോ സ്പോട്ട് അഡ്മിഷനോ വഴി ഒഴിവുകള്‍ നികത്താനുള്ള നടപടികളാണ് എല്‍.ബി.എസ്. ആലോചിക്കുന്നത്. ഒഴിവുള്ള സീറ്റുകളില്‍ 31-നകം പ്രവേശനം നടത്താൻ എല്‍.ബി.എസിന് സർക്കാർ നിർദേശം നല്‍കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m