തോമാശ്ലീഹാ യോടുള്ള വണക്കം പതിനഞ്ചാം ദിവസം

കർത്താവിനുവേണ്ടി അദ്ധ്വാനിക്കുന്നവന്റെ ആത്മസന്തോഷം

വടക്കേയിന്ത്യയിൽ നിന്നും ജെറുസലെമിൽ തിരികെയെത്തിയ തോമാശ്ലീഹാ അവിടെവെച്ച് മറ്റ് അപ്പസ്തോലന്മാരെ കണ്ടുമുട്ടി. അവരും മാതാവിന്റെ മരണവാർത്തയറിഞ്ഞ് അവിടെ എത്തിയിട്ടുണ്ടായിരുന്നു. അവർ ഒന്നിച്ചു സമ്മേളിച്ചപ്പോൾ ഓരോരുത്തരും തങ്ങൾ ചെയ്ത കാര്യങ്ങൾ വിസ്തരിച്ചു പറയുകയും അവയെക്കുറിച്ചു ചർച്ച ചെയ്യുകയും ചെയ്തു. തോമാശ്ലീഹായും ഇന്ത്യയിൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ അവരെ ധരിപ്പിച്ചു. അദ്ദേഹം പറഞ്ഞു. “ഞാൻ ഇന്ത്യയിൽ സുവിശേഷം പ്രസംഗിച്ചു. അനേകർ മാനസാന്തരപ്പെട്ടു മാമ്മോദീസാ സ്വീകരിച്ചു. അക്കൂട്ടത്തിൽ രാജാവിന്റെ സഹോദരനായ ആബദാനും ഉണ്ടായിരുന്നു. എന്നാൽ അതു പൂർത്തിയാക്കുവാൻ എനിക്കു സാധിച്ചില്ല. അതിനു മുൻപുതന്നെ മാലാഖ എന്നെ ഇവിടേയ്ക്കു സംവഹിച്ചു. ഇന്ത്യയിൽ വിശുദ്ധ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന വേളയിലാണ് തോമാശ്ലീഹായെ മാലാഖമാർ ജെറുസലെത്തേയ്ക്കു നയിച്ചത്.

വിചിന്തനം

എവിടെയും ഏതു സമയത്തും ദൈവഹിതം മാത്രം നിറവേറ്റുന്നവന്റെ ആത്മസന്തോഷമാണു തോമാശ്ലീഹാ ഇവിടെ അനുഭവിക്കുന്നത്. തോമാശ്ലീഹാ തന്റെ ജീവിതത്തിലുടനീളം കർത്താവിന്റെ തിരുഹിതമനുസരിച്ചു മാത്രമാണു നീങ്ങിയത്. നാം സുവിശേഷത്തിൽ കണ്ടുമുട്ടുന്ന എഴുപത്തിരണ്ടു ശിഷ്യന്മാരുടെ സന്തോഷം പോലെയാണ് ഈ സന്തോഷവും.
സുവിശേഷത്തിലെ എഴുപത്തിരണ്ടു ശിഷ്യന്മാർ ഈശോയുടെ അടുക്കൽ മടങ്ങി വന്നു വിവരങ്ങൾ ധരിപ്പിക്കുന്നതു പോലെ തന്നെയാണു ഇതും. തോമാശ്ലീഹാ മാത്രമല്ല എല്ലാ ശ്ലീഹന്മാരും ആ സന്തോഷം അനുഭവിക്കു ന്നുണ്ടായിരുന്നു. “ഞാൻ എന്നും നിങ്ങളോടു കൂടി ഉണ്ടായിരിക്കും” എന്ന ഗുരുവിന്റെ വചനങ്ങൾ അവരുടെ ജീവിത ത്തിൽ അവർ ശരിക്കും അനുഭവിക്കുകയായിരുന്നു.

ചരിത്രം പരിശോധിച്ചാലും തോമാശ്ലീഹായെക്കു റിച്ചുള്ള ഈ പ്രസ്താവം ശരിയാണെന്നു കാണുവാൻ കഴിയും. ഗൊണ്ടഫറസ് രാജാവിന്റെ ഇന്തോ-പാർത്യൻ രാജ്യത്തിലായിരുന്നു തോമാശ്ലീഹ സുവിശേഷപ്രഘോ ഷണം നടത്തിയിരുന്നത്. തോമായുടെ നടപടികൾ അനുസരിച്ച് ഗൊണ്ടഫറസിന് ഗാദ് എന്നു പേരുള്ള ഒരു സഹോദരൻ ഉണ്ടായിരുന്നു. പാർത്തിയൻ രാജാക്കന്മാരുടെ പാരമ്പര്യമനുസരിച്ച് രാജസഹോദരൻ എന്നറിയപ്പെട്ടിരു ന്നത് രാജാവിന്റെ സഹോദരിയുടെ മകനായിരുന്നു. അയാളായിരുന്നു അനന്തരാവകാശിയും. രാജാവിന്റെ സഹോദരീപുത്രനു മാമ്മോദീസാ നല്കുവാൻ ആരംഭിക്കുമ്പോഴാണ് മാലാഖമാർ തന്നെ ജെറുസലത്തേക്കു സംവഹിച്ചത് എന്നാ ണല്ലോ തോമാശ്ലീഹാ പറഞ്ഞത്. തോമായുടെ നടപടികളിലെ രാജസഹോദരനും ഇവിടെ പറയുന്ന രാജാവിന്റെ സഹോദരീപുത്രനും ഒരാൾ തന്നെ എന്നുസാരം.

ദൈവഹിതമനുസരിച്ച് എന്നും ജീവിക്കുവാൻ നമുക്കു സാധിക്കട്ടെ. അതിനു പരിശ്രമിക്കാതെ ജീവിതത്തിൽ വൻപു പറഞ്ഞു നടന്നിട്ടു കാര്യമില്ല. സ്വയം പുകഴ്ത്തുവാൻ പരിശ്രമിക്കുന്നവനു തന്റെ ജീവിതത്തിൽ സംഭവിക്കുന്ന ദൈവിക ഇടപെടലുകൾ കണ്ടെത്തുവാനോ അംഗീകരിക്കുവാനോ ഒരിക്കലും സാധിക്കുകയില്ല. വിനയാന്വിതനായി ദൈവഹിതം നിറവേറ്റുന്നവനാണ് യഥാർത്ഥ സന്തോഷം അനുഭവിക്കുവാൻ സാധിക്കുന്നത്.
ആ സന്തോഷം ലഭിക്കുവാനാണു നാം പരിശ്രമിക്കേണ്ടത്. താൻ ദൈവഹിതത്താൽ സുവിശേഷ പ്രഘോഷണാർത്ഥം ചെയ്ത കാര്യങ്ങൾ മാത്രമാണു തോമാശ്ലീഹാ വിശദീകരിക്കുന്നത്. സ്വന്തം ചെയ്തികൾ പുകഴ്ത്തി പറയുകയല്ലായി രുന്നു. കർത്താവിനു വേണ്ടി വേല ചെയ്യുന്നവന്റെ ആത്മ സന്തോഷമാണ് ഇവിടെ കാണുന്നത്.

പ്രാർത്ഥന

സ്നേഹപിതാവായ ദൈവമേ ഞങ്ങളുടെ അനുദിനജീവിതത്തിൽ ദൈവാത്മാവിന്റെ സ്വരത്തിനു ചെവികൊ ടുക്കുവാനും, അതിനു വിധേയപ്പെട്ടു ജീവിക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ. “സത്യത്തിന്റെ ആത്മാവ് വരുമ്പോൾ അവൻ നിങ്ങളെ വഴികാട്ടി സത്യത്തിലൂടെ നടത്തും” (യോഹ 16:13) എന്നരുളിചെയ്ത കർത്താവേ, സത്യാത്മാവിനെ സ്വീകരിച്ച തോമാശ്ലീഹായെപ്പോലെ ആത്മാവിൽ നയിക്കപ്പെടുന്നവരായി ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ആമ്മേൻ.

സുകൃതജപം

ഈശോയേ, എന്നെ വിനീതഹൃദയം ഉള്ളവനായി തീർക്കണമേ.

സൽക്രിയ
വി. യോഹന്നാന്റെ സുവിശേഷം 16:1-15 വചനങ്ങൾ ധ്യാനപൂർവ്വം വായിക്കുക.

ഗാനം

മാർത്തോമ്മ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ
ജീവിത പാതകളിൽ ദൈവത്തിൻ ഹിതം മാത്രം ചെയ്യുവോൻ സ്വന്തമാക്കും സംതൃപ്തി ദൈവികാം

വൻപുകൾ പറഞ്ഞാലും അഹംഭാവം കാട്ടിയാലും നേടുകില്ലൊരിക്കലും നിത്യമാം സന്തോഷം നാം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group