അധികാരത്തിന്റെ അഹന്തമൂലം എല്ലാം നഷ്ടപ്പെട്ടവരുടെ നെഞ്ചിലാണ് പോലീസ് ചവിട്ടിയത് : കെസിബിസി

തിരുവനന്തപുരം കണിയാപുരം കരിച്ചാറയിൽ ഇന്നലെ സംഭവിച്ചത്അധികാരത്തിന്റെ അഹന്തയാണ് എന്ന് കെസിബിസി.
കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.ഡോ.ഏബ്രഹാം ഇരിമ്പിനിക്കൽ പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒരൊറ്റ ചവിട്ടു കൊണ്ട് കെ റെയിലിനു വേണ്ടി കേരളം മുഴുവൻ അളന്ന്എടുക്കാനുള്ള ശ്രമത്തിലാണ് കേരള സർക്കാർ. പൊതുജനത്തിന്റെ ജീവിതത്തിലേക്ക് റെയിലോടിക്കാൻ തെരുവിൽ പൗരന്മാരെ നേരിടുകയാണ്. ഇതിനെ അഹങ്കാരം എന്നല്ലാതെ എന്ത് വിളിക്കും. മൂന്നാംകിട ഏകാധിപത്യമാണ് സ്വന്തം പൗരന്മാരുടെ ആശങ്കകളോട് ഇത്രയധികം ധാർഷ്ട്യം കാണിക്കുന്നത്. പൗരന്മാർ തെരുവിൽ ഇറങ്ങിയത് എന്തിനാണ് ? അവരുടെ വർഷങ്ങളായുള്ള അധ്വാനത്തിന്റെ ഫലവും ,കെട്ടിടങ്ങളും സർക്കാർ ഏറ്റെടുത്ത് അവരെ തെരുവിൽ ഇറക്കി വിടുന്നതിനാലാണ്.അതേ തെരുവിൽ അവരെ പോലീസ് നെഞ്ചിൽചവിട്ടുന്നു. രാഷ്ട്രീയ മത വർഗീയ കൊലപാതകികൾക്ക് പോലീസും ജയിലും വി.ഐ.പി പരിഗണന നല്കുന്നവരാണ്. ഇവരാണ് സാധാരണക്കാരനെ തെരുവിൽ തള്ളിയിടുന്നതും ചവിട്ടുന്നതും. ആ ചവിട്ട് ഇവിടുത്തെ നിസ്സഹായരായ ഓരോ മനുഷ്യ നോടുമുള്ളതാണെന്ന് തോന്നി. മൂന്നാംകിട പരിഗണന പൗരന്മാർക്ക് നല്കുന്ന നാട് മൂന്നാംകിട ഭരണാധികാരിയുടെതാണ്. അത് ജനത്തിന്റെ അപരാധമല്ല. സർക്കാർ സംവിധാനം ശക്തമാണ്. അധികാരം, നികുതി പണം എല്ലാമുണ്ട് അവർക്ക്. നിങ്ങൾക്ക് വേഗത്തിൽ ഓടാൻ വെളിച്ചവും, ശബ്ദമിട്ട് റോഡിലിറങ്ങിയാൽ എല്ലാവരും മാറി തരുകയും ചെയ്യും. സംഘടതിരായി വോട്ട് നിഷേധിക്കാനും തെരുവിൽ വെട്ടാനും അറിയുന്നവരോട് സൗമ്യമായി പോലീസും ഭരണാധികാരികളും ഇടപ്പെടുന്നതും നമ്മൾ കാണുന്നുണ്ട്. ഇത് സംസ്കാരമുള്ള ഒരു ജനതയ്ക്കും ഒരു കാലത്തിനും ചേർന്ന നടപടിയല്ല.കിടപ്പാടവും സ്വപ്നവും നഷ്ടമായി തെരുവിൽ നിലവിളിക്കുന്നവന്റെ നെഞ്ചിൽ ബൂട്ടിട്ടു ചവിട്ടുന്നത് ഫാസിസമാണ്,ഏകാധിപത്യമാണ്. അത് ഡൽഹിയിലായാലും കേരളത്തിലായാലും തെറ്റാണ്. ഫാസിസത്തെ ഡൽഹിയിൽ ഒറ്റയ്ക്ക് നേരിട്ട രാഷ്ട്രീയ നേതാവിന് ധീര പരിവേഷവും, കേരളത്തിൽ അനാഥരാകുന്ന മനുഷ്യർ മാവോയിസ്റ്റുകളുമാകുന്നത് ഏത് പ്രത്യയശാസ്ത്ര പാഠമാണ്. ഒരു നാട് മികച്ചതാകുന്നത് അവിടുത്തെ പൗരന്മാർക്ക് സർക്കാർ സംവിധാനങ്ങളിൽ നിന്നും മികച്ച സേവനം ലഭിക്കുമ്പോഴാണ്. അതിലാണ് വേഗത ആദ്യം കാണിക്കേണ്ടത്. അപക്വമായ ഒരു വികസന ആശയത്തിന്റെ മറവിൽ എത്രയോ മനുഷ്യരുടെ എത്രയോ കാലത്തെ അധ്വാനത്തെയാണ് തെരുവിലെറിയുന്നത്.കുടിയൊഴിക്കപ്പെട്ട മൂലമ്പള്ളിക്കാരും മറ്റുള്ളവരും നിങ്ങളുടെ മുന്നിൽ നിലവിളിയോടെ ഇന്നും കാത്തുനിൽക്കുന്നു. എന്ത് നിതീയാണ് നിങ്ങൾ ഇവർക്ക് നല്കുന്നത് ?ആര് ആരെയാണ് ചവിട്ടുന്നത്. ചവിട്ട് ഏൽക്കുന്നവന്റെ നികുതിപ്പണത്തിൽ നിന്നും ശമ്പളം വാങ്ങി അവരെ ചവിട്ടുന്നവർ ഏതു ലോകത്തേക്കാണ് നാടിനെ നയിക്കുന്നത്. ഇത് തെറ്റാണ്… അനീതിയാണ്. ഏകാധിപതികളെ നമുക്ക് വേണ്ട. മൂന്നാം ലോകപൗര സങ്കൽപ്പം അല്ല നമുക്ക് വേണ്ടത്. ആശങ്കകൾക്ക് പരിഹാരമുണ്ടാക്കി മാതൃക കാണിക്കൂ.
എന്നിട്ട് പോരെ പോലീസിനെ വെച്ചുള്ള ഈ ജനാധിപത്യവേട്ട. ലാത്തിയും തോക്കും ബൂട്ട്സും കൊണ്ട് വികസനത്തിന്റെ ചൂളം വിളി കേരളത്തിന്റെ നെഞ്ചിലൂടെ ഓടിക്കാമെന്നത് അങ്ങേയറ്റത്തെ ഏകാധിപത്യ ബോധമാണ്. ഭരണകൂടവും പോലീസും മനുഷ്യനോട്, പൗരനോട് മാന്യമായി പെരുമാറണമെന്ന് പ്രസ്താവനയിൽ പറയുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group