പോളണ്ട് ഇനി വിശുദ്ധ യൗസേപ്പിതാവിന് സ്വന്തം

വാര്‍സോ: യൂറോപ്യന്‍ രാജ്യമായ പോളണ്ടിനെ ഒക്ടോബർ 7ന് വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിക്കുവാന്‍ ദേശീയ മെത്രാന്‍ സമിതിയുടെ തീരുമാനം. രാഷ്ട്രത്തെയും സഭയെയും വിശുദ്ധ യൗസേപ്പിതാവിന് സമര്‍പ്പിക്കുന്ന ശുശ്രൂഷ മധ്യ പോളണ്ടിലെ കാളിസിലെ സെന്റ് ജോസഫ് ദേവാലയത്തിലാകും നടക്കുക. ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും കുടുംബങ്ങൾക്കുമുള്ള പ്രത്യേക പ്രാർത്ഥനാകേന്ദ്രമായ ദേവാലയം 1997 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ സന്ദര്‍ശിച്ചപ്പോള്‍ പ്രത്യേക വിശേഷണം നല്‍കിയിരുന്നു. ”സഭയുടെയും രാജ്യത്തിന്റെയും ചരിത്രത്തിൽ പ്രത്യേക സ്ഥാനമുള്ളയിടം” എന്നാണ് വിശുദ്ധന്‍ വിശേഷണം നല്‍കിയത്.ഓരോ മാസവും പോളണ്ടിൽ നിന്നും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് നിയോഗങ്ങള്‍ ലഭിക്കാറുണ്ടെന്ന് ദേവാലയത്തിന്റെ ഉത്തരവാദിത്വമുള്ള ഫാ. ജാസെക് പ്ലോട്ട പറഞ്ഞു. ഇന്നലെ മാർച്ച് 19ന് യൗസേപ്പിതാവിന്റെ തിരുനാളിന് മുമ്പ് ആരാധനാലയത്തില്‍ പ്രത്യേക നോവേനയാചരണം നടന്നിരുന്നു. യേശുവിന്റെ വളർത്തു പിതാവിനെക്കുറിച്ച് ദിവസവും വിചിന്തനം നടത്താന്‍ “വിശുദ്ധ ജോസഫിനൊപ്പം മാർച്ച് സായാഹ്നങ്ങൾ”
എന്നറിയപ്പെടുന്ന ഒരു പരമ്പരയും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട്. 2016-ല്‍ രാജ്യത്തിന്റെ രാജാവ്
യേശു ക്രിസ്തുവാണെന്ന് പരസ്യമായി പ്രഖ്യാപിച്ച യൂറോപ്യന്‍ രാജ്യമാണ് പോളണ്ട്. പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു അന്ന് പ്രഖ്യാപനം നടന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group