യാഗി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് പ്രാർത്ഥനകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ

വിയറ്റ്നാമിലും, മ്യാന്മറിലും നിരവധി ആളുകളുടെ ജീവഹാനിക്കും, നാശനഷ്ടങ്ങൾക്കും ഇടവരുത്തിയ യാഗി ചുഴലിക്കാറ്റിന്റെ കെടുതികൾ അനുഭവിക്കുന്നവർക്ക് തന്റെ സഹായവും, പ്രാർത്ഥനകളും വാഗ്ദാനം ചെയ്തു ഫ്രാൻസിസ് മാർപാപ്പാ.

വത്തിക്കാൻ ചത്വരത്തിൽ നടത്തിയ മധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷമാണ്, ഫ്രാൻസിസ് പാപ്പാ തന്റെ പ്രാർത്ഥനാസഹായം വാഗ്ദാനം ചെയ്തത്. ഫിലിപ്പീൻസ്, ചൈന, ലാവോസ്, മ്യാൻമർ, തായ്‌ലൻഡ് എന്നിവയുൾപ്പെടെ ഒന്നിലധികം രാജ്യങ്ങളെ യാഗി ചുഴലിക്കാറ്റ് സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും, വിയറ്റ്നാമിലാണ് ഏറ്റവും കൂടുതൽ നാശങ്ങളും മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മണിക്കൂറിൽ 223 കിലോമീറ്റർ വേഗതയിൽ ആഞ്ഞുവീശിയ ചുഴലിക്കാറ്റ് നിരവധി വീടുകൾ തകർക്കുകയും ചെയ്തു. മ്യാന്മറിലും, വിയറ്റ്നാമിലുമായി ഏകദേശം മുന്നൂറോളം ആളുകൾക്കാണ് ജീവഹാനി സംഭവിച്ചിരിക്കുന്നത്. മരണപ്പെട്ടവർക്കും, പരിക്കുകളേറ്റവർക്കും, കാണാതായവർക്കുമായി പ്രാർത്ഥിക്കുന്നുവെന്നു പറഞ്ഞ പാപ്പാ, ഉറ്റവരെ നഷ്ടപ്പെട്ടവർക്കും, വീടുകൾ നഷ്ടമായവർക്കും ദൈവം തുണയാകട്ടെയെന്നും ആശംസിച്ചു. ദുരിതത്തിലായ ജനങ്ങൾക്ക് വിവിധങ്ങളായ മാനുഷിക സഹായങ്ങൾ നല്കുന്നവർക്കുവേണ്ടിയും താൻ പ്രാർത്ഥിക്കുന്നതായും പാപ്പാ തന്റെ സന്ദേശത്തിൽ അടിവരയിട്ടു.

ഏകദേശം 19 ദശലക്ഷം വിയറ്റ്‌നാം ജനതയെയാണ് ചുഴലിക്കാറ്റ് ദുരന്തം ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. വിയറ്റ്നാമിൽ മാത്രം 254ഓളം ആളുകൾ മരിക്കുകയും, ഏകദേശം എണ്ണൂറിലധികം ആളുകൾക്ക് പരിക്കുകളേൽക്കുകയും ചെയ്തിട്ടുണ്ട്. ദുരന്തത്തിൽ ഏകദേശം അഞ്ചോളം അണക്കെട്ടുകളാണ് തകർന്നത്. അറുപത്തിയയ്യായിരത്തിലധികം വീടുകളാണ് വാസയോഗ്യമല്ലാതായിത്തീർന്നത്. വിദേശ സർക്കാരുകളും അന്താരാഷ്ട്ര സംഘടനകളും വിയറ്റ്നാമിലേക്ക് അടിയന്തര സഹായം നല്കിയിട്ടുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group