കുറ്റാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്ത പ്രോലൈഫ് ആക്ടിവിസ്റ്റിന് പിന്തുണയേറുന്നു

അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ അറസ്റ്റ് ചെയ്ത പ്രോലൈഫ് പ്രവർത്തകനും ക്രിസ്ത്യൻ മൂവ്മെന്റായ ‘ദ കിംഗ്സ് മെൻ’ എന്ന മിനിസ്ട്രിയുടെ സ്ഥാപകനുമായി മാർക്ക് ഹുക്കിന് പിന്തുണയുമായി നിരവധി പേർ രംഗത്ത്. കത്തോലിക്ക വിശ്വാസിയും, ഏഴു കുട്ടികളുടെ പിതാവുമായ മാർക്കിന്റെ കുടുംബത്തിന് സഹായം നൽകാൻ ആരംഭിച്ച ഓൺലൈൻ ഫണ്ട് ശേഖരണം വഴി ഇതുവരെ ഒരു ലക്ഷത്തി ഇരുപത്തിയാറായിരം ഡോളറാണ് ലഭിച്ചത്. ആരംഭ ഘട്ടത്തിൽ മുപ്പതിനായിരം ഡോളറിനു വേണ്ടിയായിരുന്നു ഫണ്ട് ശേഖരണം. ഫിലാഡൽഫിയിൽ സ്ഥിതി ചെയ്യുന്ന പ്ലാൻഡ് പേരന്റ്ഹുഡ് ക്ലിനിക്കിനു മുൻപിൽവെച്ച് ക്ലിനിക്കിന് സുരക്ഷ നൽകിയിരുന്ന ഒരാളുമായി നടത്തിയ വാക്കേറ്റമാണ് മാർക്ക് ഹുക്കിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

12 വയസ്സുള്ള മകനെ ക്ലിനിക്കിന് സുരക്ഷ നൽകുന്നയാൾ അസഭ്യം പറഞ്ഞപ്പോൾ, മകനെ സംരക്ഷിക്കേണ്ടതിന് വേണ്ടി മാർക്ക് തള്ളി മാറ്റുകയായിരുന്നുവെന്ന് കുടുംബത്തിൻറെ വക്താവ് ബ്രയാൻ മിഡിൽടൺ കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ക്ലിനിക്കിനു മുൻപിൽ സ്ഥിരമായി മാർക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എത്തുമായിരുന്നു. അന്നേ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഒരു വീഡിയോയിൽ ചിത്രീകരിക്കപ്പെട്ടിരുന്നുവെന്നും, അത് കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും മിഡിൽടൺ പറഞ്ഞു. നഗരത്തിലെ പോലീസും, ജില്ലയിലെ അറ്റോർണിയും കേസ് രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച സംഭവത്തിൽ സംസ്ഥാനത്തെ മുൻസിപ്പൽ കോടതിയിൽ പരാതിക്കാരനായ വ്യക്തി വ്യക്തിപരമായി ഒരു ക്രിമിനൽ ആരോപണം ഉന്നയിച്ചു കൊണ്ടുള്ള പരാതി നൽകുകയായിരുന്നു. എന്നാൽ കോടതിയിൽ അയാൾ ഹാജരാകാത്തത് മൂലം ജൂലൈ മാസം കേസ് തള്ളി പോയി.

കുറച്ചു ദിവസങ്ങൾക്ക് ശേഷം മാർക്ക് ഹുക്കിന്റെ മേൽ ഫെഡറൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി യുഎസ് അറ്റോർണിയുടെ ഓഫീസിൽ നിന്നും കത്ത് ലഭിക്കുകയായിരിന്നു. തന്റെ അറ്റോർണിയുടെ സഹായത്തോടെ അവരെ ബന്ധപ്പെടാൻ മാർക്ക് ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഈ മാസം ഇരുപത്തിമൂന്നാം തീയതി 15 വാഹനങ്ങളിലായി 25 ഉദ്യോഗസ്ഥരാണ് മാർക്കിനെ അറസ്റ്റ് ചെയ്യാൻ വീട്ടിലേക്ക് ഇരച്ചുകയറിയത്. കുട്ടികളുടെ മേൽ ഉൾപ്പെടെ അഞ്ച് തോക്കുകൾ ഉദ്യോഗസ്ഥർ ചൂണ്ടിയിരുന്നതായി മാർക്ക് ഹുക്കിന്റെ ഭാര്യ റയാൻ മേരി പറഞ്ഞു.

കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയാൽ 11 വർഷം ജയിൽ ശിക്ഷ ഹുക്കിനു കിട്ടാൻ സാധ്യതയുണ്ട്. ഇതുകൂടാതെ വലിയൊരു തുക പിഴയായും നൽകേണ്ടിവരും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group