സമരവുമായി മുന്നോട്ടു പോകുo : തിരുവനന്തപുരം ലത്തീൻ അതിരൂപത

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾ നടത്തുന്ന സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ സമരസമിതി യോഗം തീരുമാനിച്ചു. സമര സമിതിയുമായി ഇന്ന് മന്ത്രിസഭാ ഉപസമിതി ചർച്ച നടക്കാനിരിക്കേയാണ് സമര സമിതി ഈ തീരുമാനമെടുത്തത്. സമര സമിതി ഉന്നയിക്കുന്ന ഏഴിന ആവശ്യങ്ങളിൽ സംസ്ഥാന സർക്കാരും സർക്കാർ നിയമിച്ച ഉപസമിതിയും വ്യക്തമായ ഒരു തീരുമാനവും നൽകിയിട്ടില്ലെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തിൽ സമരം ശക്തമാക്കാനും സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും തീരുമാനിക്കുകയായിരുന്നു.

വിഴിഞ്ഞം അദാനി തുറമുഖ നിർമാണം നിർത്തിവച്ച് തീരശോഷണം സംബന്ധിച്ച് പഠനം നടത്താതെ സമരത്തിൽ നിന്ന് പിന്തിരിയില്ലെന്ന് സമരസമിതി പ്രഖ്യാപിച്ചു. ആരുടേയും വികസനം തടയാനല്ല സമരമെന്നും വികസനത്തിന്റെ പേരിൽ നാമാവശേഷമാകുന്ന സമൂഹത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയ്ക്ക് തയാറല്ലെന്നും സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.

സമര സമിതി യോഗത്തിൽ ആർച്ച് ബിഷപ്പ് ഡോ. തോമസ്. ജെ. നെറ്റോ, സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്, വികാരി ജനറാൾ മോൺ. യൂജിൻ.എച്ച്. പെരേര, മറ്റ് സമര സമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ശനിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി നടത്തിയ ചർച്ചയിൽ നിർദേശിച്ച പ്രകാരം ഇതുവരെ ഉരുത്തിരിഞ്ഞ കാര്യങ്ങൾ സമര സമിതി ഇന്നലെ സർക്കാരിന് എഴുതി നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group