400 വർഷം പഴക്കമുള്ള ദൈവാലയം തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കേന്ദ്ര ഭരണ പ്രദേശമായ ദാമൻ ദിയുവിലെ 400 വർഷം പഴക്കമുള്ള ദൈവാലയം നശിപ്പിക്കാനുള്ള അധികാരികളുടെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

പോർച്ചുഗീസ് കാലഘട്ടത്തിൽ പണിത ഔർ ലേഡി ഓഫ് റെമെഡീസ് എന്ന പേരിലുള്ള ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെയാണ് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്ട്രേറ്ററായ ബിജെപി നേതാവ് പ്രഭുൽ പട്ടേലാണ് ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാൻ പ്രഭുൽ പട്ടേൽ തയ്യാറായിട്ടില്ല.

ദേവാലയം ഇരിക്കുന്ന സ്ഥലം ഇപ്പോൾ അവരുടെ പദ്ധതിയെന്നും ഈ സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞാൽ അവിടെ എന്തുവേണമെങ്കിലും അവർക്ക് ചെയ്യാൻ സാധിക്കുമെന്നും ഫുട്ബോൾ മൈതാനത്തിന്റെ വിസ്തൃതി വികസിപ്പിക്കാൻ ദേവാലയം തകർക്കാൻ സാധ്യതയുണ്ടെന്നും പ്രാദേശിക കത്തോലിക്ക നേതാവായ റൂയി പെരേര പറഞ്ഞു. അവരുടെ ലക്ഷ്യം വ്യക്തമായി അറിയാമെന്നും, തങ്ങൾ മണ്ടന്മാരല്ലെന്നും റൂയി പെരേര കൂട്ടിച്ചേര്‍ത്തു. വിഷയത്തിൽ ആശങ്ക അറിയിക്കാൻ ദാമനിലെ മുൻസിപ്പൽ കൗൺസിൽ അധ്യക്ഷൻ സോണാൽ പട്ടേലിനെ റൂയിയുടെ നേതൃത്വത്തിലുള്ള സംഘം അടുത്തിടെ സന്ദർശിച്ചിരുന്നു.

പോർച്ചുഗീസ് ഭരണത്തിന് കീഴിലായിരുന്ന കാലഘട്ടത്തിൽ 1607ലാണ് ദേവാലയം നിർമ്മിക്കപ്പെടുന്നതെന്ന് ചരിത്ര രേഖകൾ പറയുന്നു. പോർച്ചുഗീസ് ഭരണം അവസാനിച്ചെങ്കിലും, ഇപ്പോഴും ഈ ദേവാലയം ഇവിടുത്തെ കത്തോലിക്കാ വിശ്വാസികൾക്ക് ഒരു ആശ്വാസ കേന്ദ്രമാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group