കരിങ്കൽ ഖനനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന കുപ്രചരണം അവസാനിപ്പിക്കണം :പുഷ്പഗിരി ഇടവക ജാഗ്രതാ സമിതി

കരിങ്കൽ ഖനനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന കുപ്രചരണം അവസാനിപ്പിക്കണമെന്ന് പുഷ്പഗിരി ഇടവക ജാഗ്രതാ സമിതി അറിയിച്ചു.

കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്, കൂമ്പാറ പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിക്ക് കരിങ്കൽ ഖനനം സംബന്ധിച്ച് നിർദേശിച്ചിരിക്കുന്ന പിഴ തുകയും ഖനന അളവും കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിൽ അല്ലെന്നും ഇതു സംബന്ധിച്ച അപ്പീൽ സമർപ്പിച്ചിട്ടുള്ളതാണെന്നും പുഷ്പഗിരി ഇടവക ജാഗ്രതാ സമിതി അറിയിച്ചു. പള്ളിയുടെ ഉടമസ്ഥതയിൽ 2018 വരെ ഉണ്ടായിരുന്ന സ്ഥലത്ത് പള്ളിയുടെയും സ്കൂളിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണത്തിന് ആവശ്യമായ പാറ ഖനനം ചെയ്യാൻ തീരുമാനിച്ചതും ആവശ്യമായ അനുമതികളോടെ നടത്തിയതും പള്ളികമ്മിറ്റിയുടെ ഉത്തരവാദിത്വത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നതുപോലെ താമരശ്ശേരി ബിഷപ്പിന് ഇക്കാര്യത്തിൽ യാതൊരു പങ്കാളിത്തവും ഇല്ല.

2002 മുതൽ 2010 വരെ ഇപ്പോൾ പള്ളി ഇരിക്കുന്ന സ്ഥലത്ത് പള്ളിക്കെട്ടിടം, സ്കൂൾ, കോൺവെന്റ് തുടങ്ങിയവയുടെ നിർമാണത്തിനായി കരിങ്കൽ ഖനനം നടത്തുന്നതിന് ആവശ്യമായി ലഭിച്ച അനുവാദ രേഖകൾ അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ജിയോളജിസ്റ്റിന്റെ ഓഫിസിൽ സമർപ്പിച്ചിട്ടുണ്ട്. അതിനാൽ അനധികൃത ഖനനം നടത്തി എന്നത് തെറ്റായ പ്രചാരണമാണെന്ന് ജാഗ്രതാ സമിതി പ്രസിഡന്റ് പി.യു. മാത്യു, സെക്രട്ടറി തോമസ് മാത്യു എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

ഏതുവിധേനയും ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെ കേസിൽ കുടുക്കുക എന്ന ഉദ്ദേശ്യത്തോടെയും അദ്ദേഹത്തിന്റെ സത്പേര് തകർക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഗൂഢശക്തികളുടെ പിൻബലത്തോടെ പരാതിക്കാരായ ലേ മെൻ അസോസിയേഷൻ ഈ വിഷയത്തിലേക്ക് അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കുന്നത്. കാരണം കരിങ്കൽ ഖനനം നടന്ന 2002 മുതൽ 2010 വരെയുള്ള വർഷങ്ങളിൽ അദ്ദേഹം താമരശ്ശേരി രൂപതയുടെ മെത്രാൻ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. പരാതിക്കാർക്ക് കൂടരഞ്ഞി, ഊർങ്ങാട്ടരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ മറ്റ് ക്വാറികളെകുറിച്ച് യാതൊരു ആക്ഷേപവും ഇല്ല എന്നത് വളരെ വിചിത്രമാണ്.

ജിയോളജി വകുപ്പിന്റെ ഉത്തരവിൽ ബിഷപ്പിനോട് പിഴ ഒടുക്കാൻ പറഞ്ഞിട്ടുമില്ല. അളവിൽ കൂടുതൽ പാറ ഖനനം ചെയ്തു എന്നാണ് ജില്ലാ ജിയോളജിസ്റ്റ് ഉത്തരവിൽ പറയുന്നത്. ഈ അളവ് നടത്തിയത് താമരശ്ശേരി തഹസിൽദാരും കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയും യാതൊരു മുന്നറിയിപ്പു
തരാതെയും നിഗൂഢമായ തരത്തിലുമാണ്. ഇതുസംബന്ധിച്ച് വീണ്ടും പരിശോധന ആവശ്യമാണെന്ന് ജില്ലാ ജിയോളജിസ്റ്റ് തന്നെ ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയുടെ കമ്മറ്റി അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. യഥാർഥ വസ്തുതകൾ ഗ്രഹിക്കാതെ ഇടവകയ്ക്കും ബിഷപ്പിനുമെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ജാഗ്രതാ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group