മഹാമാരിയുടെ പ്രതിസന്ധികൾ മറികടക്കാൻ സാഹോദര്യം വളർത്താം: കർദ്ദിനാൾ ചാൾസ് മവൂങ് ബോ

ഫ്രാൻസിസ് പാപ്പയുടെ “എല്ലാവരും സഹോദരങ്ങൾ” Fratelli Tutti എന്ന നവമായ സാമൂഹിക പ്രബോധനത്തിൻറെ ചുവടുപിടിച്ച് ഏഷ്യയിലെ കത്തോലിക്കാ മെത്രാൻ സമിതികൾക്ക്  ഓക്ടോബർ ആദ്യവാരത്തിൽ അയച്ച കത്തിലാണ്, മ്യാൻമറിലെ യങ്കൂൺ അതിരൂപതാദ്ധ്യക്ഷൻ കർദിനാൾ  ചാൾസ് മവൂങ് ബോ ഇപ്രകാരം പറഞ്ഞത്. ഏഷ്യയിലെ സഭാസമൂഹങ്ങളെയും സാമൂഹ്യനേതാക്കളെയുമാണ്  അദ്ദേഹം  ഈ കത്തിലൂടെ അഭിസംബോധനചെയ്തത്.

     ഏഷ്യയിലെ എല്ലാരാജ്യങ്ങളും തന്നെ വിവിധങ്ങളായ സാമൂഹ്യ പ്രതിസന്ധികളിലാണ്, പ്രത്യേകിച്ച് ഈ മഹാമാരിയുടെ കാലഘട്ടത്തിലെന്ന് കർദ്ദിനാൾ ആമുഖമായി പ്രസ്താവിച്ചു. പാപ്പായുടെ നവമായ ചാക്രികലേഖനം, “എല്ലാവരും സഹോദരങ്ങൾ” Fratelli Tutti ഏഷ്യൻ യാഥാർത്ഥ്യങ്ങൾ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും, അതിനാൽ നാം തിരഞ്ഞെടുക്കുന്ന പാതയാണ് നമ്മുടെ ഭാവിയുടെ ഭാഗധേയമായി തീരുവാൻ പോകുന്നതെന്ന് കർദ്ദിനാൾ ബോ കത്തിൽ ചൂണ്ടിക്കാട്ടി. പൊതുവായ നന്മയുടെ സ്ഥാനത്ത് വ്യക്തിഗത നേട്ടവും സ്വാർത്ഥതയുമാണോ സമൂഹങ്ങളും നേതാക്കളും ലക്ഷ്യമിടുന്നതെന്ന് കർദ്ദിനാൾ ബോ ചോദിക്കുന്നുണ്ട്. ആഗോള നന്മയും പൊതുനന്മയും ലക്ഷ്യമിടുന്ന നേതാക്കളെയും അജപാലകരെയുമാണ് ഇന്ന് സമൂഹത്തിനാവശ്യം. ജനങ്ങളുടെ നന്മ ലക്ഷ്യംവയ്ക്കുന്ന രാഷ്ട്രീയവും, സമൂഹത്തിന് ജീവൻ നല്കുമാറ് സമൂഹത്തിൻറെ സമ്പത്തും, സാമൂഹ്യ സാംസ്കാരിക സംവിധാനങ്ങളും സ്ഥായീഭാവത്തോടെ ജനനന്മയ്ക്കായി ഉപയോഗിക്കുന്ന നേതൃസ്ഥാനത്തിനു മാത്രമേ പ്രസക്തിയുള്ളൂവെന്ന് പാപ്പായുടെ നവമായ പ്രബോധനത്തിൻറെ വെളിച്ചത്തിൽ കർദ്ദിനാൾ ബോ ഉദ്ബോധിപ്പിച്ചു.

     മഹാമാരി കാരണമാക്കിയിരിക്കുന്ന കെടുതികൾ വലുതും, ജീവിതത്തിൻറെ എല്ലാമേഖലകളെയും തകർക്കുന്നതുമാണെന്ന് കർദ്ദിനാൾ ചൂണ്ടിക്കാട്ടി. അടച്ചുപൂട്ടലും, നിയന്ത്രണങ്ങളും സാമ്പത്തിക തകർച്ചയ്ക്കൊപ്പം സാമൂഹിക ജീവിതത്തെ സ്തംഭിപ്പിച്ചിട്ടുണ്ട്. എന്നാൽ നേതാക്കളും സഭാശുശ്രൂഷകരും കൂടുതൽ സജീവമാവുകയും, ത്യാഗത്തിൻറെയും സമർപ്പണത്തിൻറെയും വഴികളിലൂടെ സാഹോദര്യത്തിൽ ജനങ്ങളെ ആശ്ചര്യപ്പെടുത്തേണ്ട സമയമാണിതെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. ജനങ്ങൾ ക്ലേശങ്ങളാൽ കേഴുമ്പോവും അജപാലകരുടെ സുവിശേഷ സന്തോഷം കൈവെടിയരുതെന്നും, നിസംഗതിയുടെ രീതികൾ വെടിഞ്ഞ്, സാഹോദര്യത്തിൻറെ തീവ്രമായ ചൈതന്യം ഉൾക്കൊള്ളണമെന്ന് കർദ്ദിനാൾ ആഹ്വാനംചെയ്തു. ചുറ്റുമുള്ള സഹോദരീ സഹോദരന്മാരോടു കാണിക്കേണ്ട കരുതലും കരുണയും ആദരവുമാണ് സാഹോദര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. സഹോദര്യം സമാധാനത്തിലേയ്ക്കുള്ള വഴിയും, ഐക്യദാർഢ്യവും സംവാദവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.

     മഹാമാരിയുടെ കെടുതിക്കിടെ സമൂഹത്തിൽ വംശീയതയുടെയും അസമത്വത്തിൻറെയും, വെറുപ്പിൻറെയും, പാവങ്ങളുടെയും വയോജനങ്ങളുടെയും അവഗണനയുടെയും, ഭ്രൂണഹത്യയുടെയും, മനുഷ്യക്കടത്തിൻറെയും ബാലപീഡനത്തിൻറെയും പ്രശ്നങ്ങൾ ഏഷ്യയിൽ തലപൊക്കുന്നത് കർദ്ദിനാൾ കത്തിൽ ചൂണ്ടിക്കാട്ടി. അതുപോലെ ഏഷ്യിലെ 18 രാജ്യങ്ങളിൽ ഇനിയും നിലനില്ക്കുന്ന വധശിക്ഷയും സമൂഹത്തിൽ ഇന്നും വളരേണ്ട ജീവനോടുള്ള ആദരവിൻറെയും സാഹോദര്യത്തിൻറെയും മൂല്യത്തിന് വിരുദ്ധമാണെന്ന് അദ്ദേഹം ചണ്ടിക്കാട്ടി. ലോകം ഉണരുകയും സാഹോദര്യത്തിൽ അന്യോന്യം കൈപിടിച്ച് ഉയരുവാൻ പോരുവോളം പരസ്പരാദരവിൻറെയും സാഹോദര്യത്തിൻറെയും വഴി തുറക്കേണ്ട സമയമാണിതെന്ന് കർദ്ദിനാൾ ബോ ഉദ്ബോധിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group