റിയാലിറ്റി ഷോ വിന്നർ ഇനി ക്രിസ്തുവിന്റെ പുരോഹിതൻ

‘ഇന്ത്യൻ വോയിസ്’ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലെ മിന്നും താരം ഇനി ക്രിസ്തുവിന്റെ പുരോഹിതൻ.

തോപ്പുംപടി പള്ളുരുത്തി സ്വദേശി ബിബിൻ ജോർജാണ് സംഗീത വേദിയിൽ നിന്ന് ക്രിസ്തുവിന്റെ ബലിയർപ്പണത്തിനായിഅൾത്താരയിലേക്ക് ചുവട് വെച്ച ആ നവവൈദീകൻ.

സെന്റ് ജോസഫ് ഇടവക ജോർജ്- ബേബി ദമ്പതികളുടെ മകനായ ഫാ. ബിബിൻ കൊച്ചി രൂപതയ്ക്കു വേണ്ടിയാണ് തിരുപ്പട്ടം സ്വീകരിച്ചത്. പള്ളുരുത്തി സെന്റ് ലോറൻസ് ദൈവാലയത്തിൽ ഡിസംബർ 22ന് നടന്ന തിരുപ്പട്ട സ്വീകരണത്തിൽ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലായിരുന്നു മുഖ്യകാർമികൻ.

2012ൽ നടന്ന ‘ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോ’യുടെ ഒന്നാം സീസണിലാണ് ബിബിൻ ജോർജ് ഒന്നാം സ്ഥാനം നേടിയത്. കുട്ടിക്കാലം മുതൽ തന്നെ സംഗീതത്തിൽ അഭിരുചിയുണ്ടായിരുന്ന ബിബിനെ ഇടവക വികാരിയായിരുന്ന ഫാ. ജോർജ് എടേഴത്ത് ഇടവക ക്വയറിൽ അംഗമാക്കിയത് ജീവിതത്തിൽ സുപ്രധാന വഴിത്തിരിവായി മാറുകയായിരുന്നു. അതിലൂടെ സംഗീതം കൂടുതൽ പഠിച്ച ബിബിൻ ചിട്ടയായ പരിശീലനവും ആരംഭിച്ചു. സ്‌കൂൾ കാലയളവിൽ അധ്യാപകർ നൽകിയ പിന്തുണയും പ്രോത്‌സാഹനവും നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടാൻ സഹായകരമായി മാറി.

എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജിൽ നിന്ന് എം.കോം ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ജോലി ചെയ്യുന്ന കാലത്താണ് ‘ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോ’യിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പ്രഗത്ഭരായ നിരവധി പേർ മാറ്റുരച്ച മത്‌സരത്തിൽ വിധികർത്താക്കളുടെയും സംഗീതാസ്വാദകരുടെയും ഹൃദയത്തിൽ ഇടംപിടിച്ചാണ് ബിബിൻ ജോർജ് കിരീടം നേടിയത്.

അതിനു പിന്നാലെ സിനിമാരംഗത്തു നിന്ന് ഉൾപ്പെടെ നിരവധി അസരങ്ങൾ ബിബിനെ തേടിയെത്തി. എന്നാൽ തന്നെ ഈശോ പൗരോഹിത്യ ജീവിതത്തിലേക്ക് വിളിക്കുന്നുണ്ടെന്ന് മനസിലാക്കിയ ബിബിൻ ജോർജ് സംഗീത രംഗം മുന്നോട്ടുവെച്ച അവസരങ്ങൾക്ക് മനസിൽ ഇടംനൽകാതെ സെമിനാരി പ്രവേശനത്തിന് ഒരുങ്ങുകയായിരുന്നു.

സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് ബാൻഡിൽ കുറച്ചുനാൾ പ്രവർത്തിച്ച ബിബിനെ തേടി ‘ഇന്ത്യയുടെ സംഗീതമാന്ത്രികൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എ. ആർ റഹ്മാന്റെ വിളിയുമെത്തി. സിനിമാ പിന്നണിയിലേക്ക് അദ്ദേഹം തുറന്നു നൽകിയ അവസരത്തോട് ‘നോ’ പറയാൻ ബിബിന് ഒട്ടും ചിന്തിക്കേണ്ടി വന്നില്ല. കാരണം, അത്രമേൽ തീക്ഷ്ണമായിരുന്നു പൗരോഹിത്യത്തിലേക്കുള്ള ദൈവത്തിന്റെ ക്ഷണം!


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group